Connect with us

Kerala

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.

Published

|

Last Updated

കൊച്ചി|രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്ന് എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ അധ്യക്ഷന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ച രാവിലെ മുതല്‍ തൃശൂരില്‍ ബിജെപി സംസ്ഥാന ശില്‍പ്പശാലയും നടക്കും.

അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ബോള്‍ഗാട്ടി ജംഗ്ഷന്‍, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷന്‍, ബാനര്‍ജി റോഡ്, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഇന്ന് നേതൃയോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ പിന്നീട് ചെന്നൈയിലേക്ക് പോകും.

 

Latest