Uae
പ്രവാസികൾക്ക് താമസിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ യു എ ഇയും
പ്രവാസികൾക്കുള്ള ആഗോള ശൃംഖലയായ ഇന്റർനേഷൻസ് പുറത്തിറക്കിയ "എക്‌സ്പാറ്റ് ഇൻസൈഡർ 2025' റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

അബൂദബി|പ്രവാസികൾക്ക് താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇക്ക് ഏഴാം റാങ്ക്. പ്രവാസികൾക്കുള്ള ആഗോള ശൃംഖലയായ ഇന്റർനേഷൻസ് പുറത്തിറക്കിയ “എക്‌സ്പാറ്റ് ഇൻസൈഡർ 2025′ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 46 രാജ്യങ്ങളിലായി 172 രാജ്യങ്ങളിൽ നിന്നുള്ള 10,085 പ്രവാസികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ജീവിത നിലവാരം, താമസിക്കാനുള്ള എളുപ്പം, ജോലി, വ്യക്തിപരമായ സാമ്പത്തികം, പ്രവാസികൾക്ക് അത്യാവശ്യമായ കാര്യങ്ങൾ എന്നിങ്ങനെയുളള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങൾക്ക് റാങ്ക് നൽകിയത്. ഈ സൂചികയിൽ പനാമയാണ് ഒന്നാമത്. കൊളംബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കഴിഞ്ഞ വർഷം പത്താം സ്ഥാനത്തായിരുന്ന യു എ ഇ ഇത്തവണ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.
ഡിജിറ്റൽ ജീവിതം, ഭരണം, പാർപ്പിടം, ഭാഷ എന്നിവ ഉൾപ്പെടുന്ന “എക്‌സ്പാറ്റ് എസൻഷ്യൽസ്’ എന്ന വിഭാഗത്തിൽ യു എ ഇ ഒന്നാം സ്ഥാനം നേടി. യാത്ര, പരിസ്ഥിതി, കാലാവസ്ഥ, ഒഴിവുസമയം, ആരോഗ്യ സംരക്ഷണം, സുരക്ഷ എന്നിവ വിലയിരുത്തുന്ന “ജീവിത നിലവാര’ സൂചികയിൽ യു എ ഇ രണ്ടാം സ്ഥാനത്തെത്തി. തൊഴിൽ സാധ്യത, ശമ്പളം, തൊഴിൽ സുരക്ഷ എന്നിവ അളക്കുന്ന “വിദേശത്ത് ജോലി’ എന്ന വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരിയർ സാധ്യതകളിൽ രണ്ടാം സ്ഥാനവും നേടി. യു എ ഇയിലെ 18 ശതമാനം പ്രവാസികളും രാജ്യത്ത് സ്ഥിരമായി താമസിക്കാൻ പദ്ധതിയിടുന്നതായും പഠനം കണ്ടെത്തി. വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കും നിക്ഷേപകർക്കും ദീർഘകാല താമസം നൽകുന്ന ഗോൾഡൻ വിസ പോലുള്ള സംരംഭങ്ങൾ യു എ ഇയെ പ്രവാസികൾക്ക് പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു.