Kerala
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ അഖലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ചിനാല്‍ കോര്‍പ്‌സില്‍ ഭാഗമായിരുന്ന രണ്ടു സൈനികരും കൊല്ലപ്പെട്ടത്. ഇരുവരുടെയും മരണത്തില്‍ സൈന്യം അനുശോചിച്ചു.
തുടര്‍ച്ചയായ ഒന്‍പതാം ദിവസത്തിലേക്ക് കടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റവും നീണ്ട ഏറ്റുമുട്ടലുകളില്‍ ഒന്നായി ഇത് മാറി. ഇതുവരെ രണ്ട് ഭീകരരാണ് ഓപ്പറേഷന്‍ അഖലിനിടെ കൊല്ലപ്പെട്ടത്. 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഓഗസ്റ്റ് ഒന്നിന് കുല്‍ഗാമിലെ വനമേഖലയായ അഖലിലെത്തിയ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.
വീരചരമം പ്രാപിച്ച ജവാന്മാരുടെ ധൈര്യം എന്നും ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും ഇന്ത്യന്‍ സൈന്യം ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്നും ഓപ്പറേഷന്‍ അഖല്‍ തുടരുകയാണെന്നും ചിനാര്‍ കോര്‍പ്‌സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചു.