Ongoing News
നിർജീവമായ 1.5 ബില്യണ്‍ യൂസർ നെയിമുകൾ ലേലം ചെയ്യാനൊരുങ്ങി ട്വിറ്റർ
ട്വീറ്റുകളില്ലാത്തതും, വര്‍ഷങ്ങളോളം ലോഗിന്‍ ചെയ്യാത്തതുമായ അക്കൗണ്ട് ഇല്ലാതാക്കലാണ് ഇതിന്റെ ലക്ഷ്യമെന്നും മസ്‌ക്

ന്യൂഡല്‍ഹി | സജീവമല്ലാത്ത 1.5 ബില്യണ്‍ യൂസര്‍നെയിമുകള്‍ ഉടന്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്‍ക്കാനൊരുങ്ങി ട്വിറ്റര്‍. വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതിയ്ക്ക് ട്വിറ്റര്‍ ഒരുങ്ങുന്നത്. ഇലോണ്‍ മസ്‌കാണ് 1.5 ബില്യണ്‍ യൂസര്‍നേയിമുകള്‍ ട്വിറ്റര്‍ സ്വതന്ത്രമാക്കാന്‍ പോകുകയാണെന്ന് അറിയിച്ചത്. ട്വീറ്റുകളില്ലാത്തതും, വര്‍ഷങ്ങളോളം ലോഗിന്‍ ചെയ്യാത്തതുമായ അക്കൗണ്ട് ഇല്ലാതാക്കലാണ് ഇതിന്റെ ലക്ഷ്യമെന്നും മസ്‌ക് പറഞ്ഞു.
എന്നാല്‍ സജീവമല്ലാത്ത യൂസര്‍നേയിമുകള്‍ വില്‍ക്കുന്നതിന് ട്വിറ്റര്‍ എത്ര തുക ഈടാക്കുമെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ട്വിറ്റര്‍ ഓണ്‍ലൈന്‍ ലേലങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നെന്നും അവിടെ ആളുകള്‍ക്ക് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കായി ലേലത്തിൽ പങ്കെടുക്കാമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു വർഷം മുമ്പാണ് മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയത്. ഏറ്റെടുത്തത് മുതല്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സേവനത്തിന് പണം ഈടാക്കുന്നത് ഉള്‍പ്പെടെ അദ്ദേഹം കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തി. ഓണ്‍ലൈന്‍ ലേലത്തിലൂടെ ചില യൂസര്‍നേയിമുകള്‍ വില്‍ക്കുന്നതിനെക്കുറിച്ച് കമ്പനി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്ലാനുകളെ കുറിച്ച് തീരുമാനമായിട്ടില്ലയെന്നും മസ്‌ക് അറിയിച്ചു.