Editorial
തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ വയനാട്ടുകാരുടെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയും കേരളത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടുകയും ചെയ്യും.

വയനാട്ടുകാരുടെ സ്വപ്ന പദ്ധതിയായ തുരങ്കപാത യാഥാര്‍ഥ്യത്തിലേക്കടുക്കുകയാണ്. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ നിരന്തരം ഗതാഗതക്കുരുക്കില്‍ അകപ്പെടുത്തുന്ന താമരശ്ശേരി ചുരം റോഡിന് ബദലായി നിര്‍മിക്കുന്ന തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴക്ക് സമീപം മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി ചൂരല്‍മല കള്ളാടിയില്‍ എത്തിച്ചേരുന്നതാണ് 8.73 കി.മീറ്റര്‍ നീളം വരുന്ന ഇരട്ട തുരങ്കപാത. നാല് വര്‍ഷത്തിനകം പാത യാഥാര്‍ഥ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.
വിദഗ്ധ ചികിത്സ, വാണിജ്യം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് മുഖ്യമായും കോഴിക്കോടിനെ ആശ്രയിക്കുന്നവരാണ് വയനാട്ടുകാര്‍. ഒമ്പത് ഹെയര്‍പിന്‍ വളവുകളും 12 കി.മീറ്റര്‍ ദൈര്‍ഘ്യവുമുള്ള അടിവാരം-ലക്കിടി ചുരം അടങ്ങുന്ന ദേശീയ പാത 766 ആണ് അവരുടെ യാത്രാമാര്‍ഗം. കോഴിക്കോട് ഭാഗത്ത് നിന്ന് മൈസൂരു, ബെംഗളൂരു തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെയും വയനാട് ടൂറിസം കേന്ദ്രങ്ങളെ ലക്ഷ്യമാക്കുന്നവരുടെയും ആശ്രയവും ഇതേ പാതയാണ്. ഗുണ്ടല്‍പേട്ട് കടന്ന് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വലിയ ചരക്കു ലോറികളുടെയും യാത്രാ മാര്‍ഗമാണ് ചുരം റോഡ്. എന്നാല്‍ വന്‍ ഗതാഗതക്കുരുക്ക് പതിവു സംഭവമാണ് ഈ റോഡില്‍. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും പ്രത്യേകിച്ചും. എന്‍ജിന്‍ തകരാര്‍ മൂലം ഒരു വാഹനം ചുരത്തില്‍ കുടുങ്ങിയാല്‍ മതി നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍. കഴിഞ്ഞ ദിവസം രാവിലെ എട്ടാം വളവില്‍ ഒരു ലോറിക്ക് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. കഴിഞ്ഞ വാരത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞ് രണ്ട് ദിവസം ഗതാഗതക്കുരുക്കിന് ഇടയാക്കി. 2018ലെ അതിതീവ്ര മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ ചുരം റോഡിലെ ഗതാഗതം നിലച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം വയനാട് ഒറ്റപ്പെട്ടിരുന്നു.
താമരശ്ശേരി ചുരം റോഡിന് പല ബദല്‍ നിര്‍ദേശങ്ങളും ഉയര്‍ന്നു വരികയും ചിലതിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തതാണ്. പടിഞ്ഞാറത്തറ-പൂഴിത്തോട്, മേപ്പാടി-ആനക്കാംപൊയില്‍, തളിപ്പുഴ-ചീക്കിലോട്, മേപ്പാടി-നിലമ്പൂര്‍ തുടങ്ങിയവയാണ് നേരത്തേ നിര്‍ദേശിക്കപ്പെട്ട ബദല്‍ റോഡുകള്‍. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാതയുടെ നിര്‍മാണം 1994ല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. റോഡ് കടന്നു പോകുന്ന പ്രദേശങ്ങളില്‍ 13 കി.മീറ്ററോളം നിക്ഷിപ്ത വന ഭൂമിയായതിനാല്‍ വനംവകുപ്പില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്നു. ബദല്‍ പദ്ധതികള്‍ ഒന്നും നടക്കാതെ വന്ന സാഹചര്യത്തില്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് തുരങ്കപാത പദ്ധതിയില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
അതേസമയം, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുരങ്കപാതയുടെ നിര്‍മാണത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. 300ഓളം പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടല്‍ നടന്ന മുണ്ടക്കൈ, ചൂരല്‍മല എന്നിവ ഉള്‍പ്പെടുന്നതാണ് തുരങ്കം ചെന്നുചേരുന്ന കള്ളാടിയോട് അടുത്ത പ്രദേശങ്ങള്‍. പദ്ധതി കടന്നു പോകുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും വയനാട് ജില്ലയിലെ വെള്ളരിമലയും പരിസ്ഥിതിലോല പ്രദേശങ്ങളാണ്. അപ്രതീക്ഷിതമായ നീരൊഴുക്കിനും ഭൂചലനത്തിനും സാധ്യതയുള്ള മേഖലയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തുരങ്കത്തിനായി പാറകള്‍ പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന സ്ഫോടനങ്ങള്‍ ഭൂമി അസ്ഥിരതക്ക് ഇടയാക്കിയേക്കാം. പദ്ധതിക്കു വേണ്ടി വനപ്രദേശം ഉപയോഗിക്കുന്നതോടെ വനഭൂമിയില്‍ അനുഭവപ്പെടുന്ന കുറവ് മനുഷ്യ- വന്യജീവി സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇതെല്ലാം കണക്കിലെടുത്ത് 25 ഇന വ്യവസ്ഥകളോടെയാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി തുരങ്കപാതക്ക് അനുമതി നല്‍കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 60 ഉപാധികളും മുന്‍വെച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്തെ നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിക്കുന്നു. പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17 ഹെക്ടര്‍ ഭൂമിയില്‍ മരംവെച്ച് പിടിപ്പിക്കുകയും അത് റിസര്‍വ് വനമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒരു നിര്‍ദേശം. ഇത് നടപ്പാക്കുന്നതിന് വയനാട് ജില്ലയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
വന്‍കിട പദ്ധതികള്‍ നടപ്പാകുമ്പോഴെല്ലാം ഉയര്‍ന്നു വരുന്നതാണ് പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള ആശങ്കയും പരിസ്ഥിതി വാദികളില്‍ നിന്നുള്ള എതിര്‍പ്പും. വലിയ തോതില്‍ ജലസമ്പത്തുണ്ടായിട്ടും കേരളം പുറത്ത് നിന്ന് വന്‍തോതില്‍ വൈദ്യുതി വാങ്ങേണ്ടി വരുന്നത്, വൈദ്യുതി പദ്ധതികള്‍ക്കെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ കാരണമാണ്. നിരവധി പദ്ധതികള്‍ ഇതുമൂലം മുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളുടെ വര്‍ധനവിനു കാരണം പരിസ്ഥിതി ദുര്‍ബല മേഖലകള്‍ക്ക് സമീപമുള്ള നിര്‍മാണം, ക്വാറികളുടെ പ്രവര്‍ത്തനം തുടങ്ങി പരിസ്ഥിതി ആഘാത പ്രവര്‍ത്തനങ്ങളാണെന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതേസമയം പരിസ്ഥിതിയെ തീരെ ബാധിക്കാതെ വലിയ പദ്ധതികള്‍ നടപ്പാക്കാനാകില്ല. പരിസ്ഥിതി സംരക്ഷണം ആവശ്യമാണ്. അതുപോലെ തന്നെ നാടിന്റെയും ജനങ്ങളുടെയും സാമ്പത്തിക വളര്‍ച്ചക്കും മികച്ച ജീവിത നിലവാരത്തിനും വികസന പദ്ധതികള്‍ കൂടിയേ തീരൂ. ജുഡീഷ്യറി ഈ രണ്ട് അവകാശങ്ങളെയും ഊന്നിപ്പറഞ്ഞിട്ടുണ്ട്. രണ്ടിനുമിടയിലുള്ള സന്തുലിതാവസ്ഥയാണ് ആവശ്യം. പരമാവധി പരിസ്ഥിതി ആഘാതം കുറച്ച് പദ്ധതി നടപ്പാക്കുകയാണ് പരിഹാരവും സമന്വയത്തിന്റെ മാര്‍ഗവും. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത വിധമാണ് വയനാട് തുരങ്കപാത വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ വയനാട്ടുകാരുടെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയും കേരളത്തിന്റെ വികസന ക്കുതിപ്പിന് വേഗം കൂട്ടുകയും ചെയ്യും.