Connect with us

Kerala

വെള്ളംച്ചാട്ടം കാണാന്‍വന്ന സഞ്ചാരികള്‍ മലവെള്ളപ്പാച്ചിലില്‍ പാറയില്‍ കുടുങ്ങി

ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍ ഒറ്റപ്പെട്ട സഞ്ചാരികളെ ഫയര്‍ഫോഴസ് രക്ഷിച്ചു

Published

|

Last Updated

തൊടുപുഴ | വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലാണ് സഞ്ചാരികള്‍ ഒറ്റപ്പെട്ടത്.

വെള്ളച്ചാട്ടം കണ്ട് നില്‍ക്കുമ്പോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികള്‍ സമീപത്തെ പാറയുടെ മുകളിലേക്ക് കയറി ഇവിടെ ഇരിപ്പുറപ്പിക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്‌നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്‌നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയത്. പാറക്കെട്ടില്‍ കുടുങ്ങിയവരുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ പുഴയിലെ ഒഴുക്ക് കുറയാത്തതിനാല്‍ ഇവര്‍ക്ക് മറുകരയിലെത്താനായില്ല. എറണാകുളം സ്വദേശികളായ സഞ്ചാരികള്‍ക്ക് സ്ഥല പരിചയം ഇല്ലാത്തത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി.

വെള്ളത്തിന്റെ കുത്തൊഴുക്ക് ശബ്ദം മൂലം ഒറ്റപ്പെട്ടവരുമായി പുറത്തുള്ളവര്‍ക്ക് ആശയ വിനിമയവും സാധ്യമായില്ല. നാട്ടുകാര്‍ എത്തി ഇവരെ മറുകര എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അഗ്‌നിരക്ഷാ സേന എത്തിയാല്‍ മാത്രമേ തങ്ങള്‍ ഇവിടെ നിന്ന് നീങ്ങുകയുള്ളൂവെന്ന് സഞ്ചാരികള്‍ ശഠിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. വൈകിട്ട് ആറ് മണിയോടെ തൊടുപുഴയില്‍ നിന്ന് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി. തുടര്‍ന്ന് വഴുക്കലുളള പാറയിലൂടെ വടം കെട്ടി അഗ്നിരക്ഷാസേന സഞ്ചാരികളുടെ അടുക്കലെത്തി. ഈ സമയവും പുഴയിലെ വെളളം കുറഞ്ഞില്ല. പിന്നീട് ആനചാടികുത്തിന് മുകളിലെ നടപ്പാലം വഴി ഇവരെ മറുകരെയെത്തിച്ചു.

സംഭവമറിഞ്ഞ് കാളിയാറില്‍ നിന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാ ഓഫീസര്‍ പി. ബിജു, കാളിയാര്‍ എസ്.ഐ സിയാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു രക്ഷപ്രവര്‍ത്തനം. വണ്ണപ്പുറം പഞ്ചായത്തിന്റെ അധീനതയിലുള്ള ആനചാടി കുത്തില്‍ ടൂറിസ്റ്റ് ഗൈഡുകള്‍ ഇല്ല.

 

---- facebook comment plugin here -----

Latest