siraj prathivaram
ജാവയുടെ ആസ്ഥാന നഗരിയിലേക്ക്
കണ്ണഞ്ചിപ്പിക്കുന്ന നാട്. ലോകത്ത് ഏറ്റവും കൂടുതൽ പള്ളികളുള്ള രാജ്യമാണല്ലോ ഇന്തോനേഷ്യ. വഴിയിൽ ഒട്ടേറെ പള്ളികൾ ദൃശ്യവിരുന്നൊരുക്കിയിരുന്നു.

യമനിൽ നിന്ന് ഇന്ത്യ വഴി ഇന്തോനേഷ്യയിലെത്തിയ തങ്ങൾ കുടുംബത്തിലെ കണ്ണിയാണ് സുനൻ ഗുനുങ്ജാതി. വാലി സോംഗോയിലെ ഒമ്പതാമതായാണ് അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെടാറുള്ളത്. ബാന്റൻ, സിറബോൺ എന്നീ പ്രദേശങ്ങളിൽ ദീനിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ സുനൻ ഗുനുങ്ജാതി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
തിരുനബി(സ)യുടെ പന്ത്രണ്ടാമത് പൗത്രനാണ്. രാജ്യതലസ്ഥാനമായ ജക്കാർത്തയുടെ പേരിന് പിന്നിൽ സുനൻ ഗുനുങ്ജാതിയാണ്. സുന്ദ കെലാപ എന്നായിരുന്നു നഗരത്തിന്റെ പഴയ പേര്. പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അദ്ദേഹം പ്രദേശം കീഴടക്കുകയായിരുന്നു.
അനന്തരം ജനങ്ങൾ അദ്ദേഹത്തോട് അധികാരം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്വീകരിച്ചില്ല. താൻ കേവലം സൈന്യാധിപൻ മാത്രമാണെന്നായിരുന്നു പ്രതികരണം. വിവരമറിഞ്ഞ ഡീമാക് സുൽതാൻ സുനൻ ഗുനുങ്ജാതിയെ ജക്കാർത്തയുടെ ഭരണാധികാരിയായി നിയമിക്കുകയും സഹോദരിയെ വിവാഹം ചെയ്തു നൽകുകയും ചെയ്തു. പിന്നീട് സിറബോണിന്റെയും സുമേദാങ്ങിന്റെയും ചുമതല കൂടി നൽകി. 1568ലായിരുന്നു സുനൻ ഗുനുങ്ജാതിയുടെ വിയോഗം.
വൈകിട്ട് അഞ്ച് കഴിഞ്ഞിട്ടുണ്ട് സിറബോണിലെത്തിയപ്പോൾ. കണ്ണഞ്ചിപ്പിക്കുന്ന നാട്. ലോകത്ത് ഏറ്റവും കൂടുതൽ പള്ളികളുള്ള രാജ്യമാണല്ലോ ഇന്തോനേഷ്യ. വഴിയിൽ ഒട്ടേറെ പള്ളികൾ ദൃശ്യവിരുന്നൊരുക്കിയിരുന്നു. എന്നാൽ, അവയെ കവച്ചു വെക്കുന്ന അതിഗംഭീരമായ മസ്ജിദാണ് സിറബോണിലേത്. അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് പ്രോജ്ജ്വലിച്ചു നിൽക്കുന്ന മിനാരങ്ങൾ. മുൻവശത്തുള്ള ജലാശയത്തിൽ പതിഞ്ഞ പള്ളിയുടെ പ്രതിബിംബം. ആശ്ചര്യഭരിതരായി അതിന്റെ മുന്നിൽ നിന്ന് ഏതാനും പടങ്ങളെടുത്തു. അപ്പോഴുണ്ട് തൊപ്പിവെച്ച ഏതാനും ശുഭ്രവസ്ത്ര ധാരികളുടെ വരവ്. പുഞ്ചിരി തൂകും പൂമുഖങ്ങൾ. മതവിദ്യാർഥികളാണ്.
അവരുടെ വിശേഷങ്ങൾ ആരാഞ്ഞു. പരസ്പരം ഫോട്ടോക്ക് പോസ് ചെയ്തു.
സുനൻ ഗുനുങ്ജാതിയുടെ ശിഷ്യനായ ശരീഫ് അബ്ദുറഹ്മാന്റെ നാമധേയത്വത്തിലാണ് മസ്ജിദ്. ഒരു അറേബ്യൻ സഞ്ചാരിയായിരുന്നു അദ്ദേഹം. മസ്ജിദിന് എതിർവശത്താണ് ഗുനുങ്ജാതി മഖാം. അങ്ങോട്ട് നടന്നു. വലിയ തിരക്കില്ല. സന്ദർശനം കഴിഞ്ഞ് വേഗം വാഹനത്തിനടുത്തേക്ക് നടന്നു. ഇനി ജക്കാർത്തയിലേക്കുള്ള ഓട്ടമാണ്. മൂന്ന് മണിക്കൂറിലധികം സഞ്ചരിക്കാനുണ്ട്. നല്ല സ്പീഡ്. അതങ്ങനെ തന്നെ പോകണമെന്നാണ് നിരത്തിലെ നിയമം. ഹൈവേ ആയതിനാൽ സ്പീഡ് കുറക്കാൻ പാടില്ല. ഇടക്കിടെ ടയറുകൾ സ്പീഡ് ബംബുകളിൽ തട്ടി കലപില കൂട്ടി. ഡ്രൈവറോട് വേഗം കുറക്കാൻ പറയണമെന്ന് തോന്നിയെങ്കിലും വേണ്ടെന്നു വെച്ചു. ഇടക്കൊരു ടോൾ ബൂത്ത്. രണ്ടേകാൽ ലക്ഷമാണ് നിരക്ക്. അതായത് ആയിരത്തി ഇരുനൂറിലധികം ഇന്ത്യൻ രൂപ. ഇന്തോനേഷ്യൻ യാത്രയിൽ ഏറ്റവുമധികം പണം ഒടുക്കേണ്ടത് ടോൾ ബൂത്തുകളിലാണെന്ന് പറയാം. റൂമുകൾക്ക് പോലും ഇത്ര വാടകയില്ല.
വേറിട്ട അനുഭവമാണ് ജക്കാർത്ത യാത്ര. ഇന്തോനേഷ്യൻ തലസ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത് നഗരവുമാണ് ജാവൻ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം. പ്രൗഢിയും പ്രതാപവും ഒത്തുചേർന്ന പട്ടണം. കിടയറ്റ ഗതാഗത സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും.
ഇന്തോനേഷ്യയിൽ മലയാളികൾ താമസിക്കുന്നയിടം കൂടിയാണിത്. ഇന്ത്യക്കാരുടെ വിവിധ പ്രവാസി കൂട്ടായ്മകളും നഗരത്തിൽ പ്രവർത്തിച്ചുവരുന്നു. എം എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിന് ജക്കാർത്തയിൽ ശാഖയുണ്ട്. അതിനരികിലൂടെ കടന്നുപോയെങ്കിലും സമയ പരിമിതി കാരണം കയറാൻ സാധിച്ചില്ല. എയർപോർട്ടിനടുത്താണ് ഹോട്ടൽ ബുക്ക് ചെയ്തിട്ടുള്ളത്. അതിരാവിലെയാണ് അച്ചെയിലേക്കുള്ള വിമാനം. കെ എച്ച് ഖൈറുൽ ഹിദായത് എന്ന ജക്കാർത്ത സ്വദേശിയായ പണ്ഡിതൻ നേതൃത്വം നൽകുന്ന മജ്്ലിസിൽ വിശിഷ്ടാഥിതിയായി പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെങ്കിലും എത്താൻ സാധിച്ചില്ല. അദ്ദേഹം റൂമിലേക്ക് വരാമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ ഇസ്തിഖ്്ലാലിലേക്കും തൊട്ടടുത്ത സിയാറത്ത് കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
രാത്രി വൈകിയാണ് ഹോട്ടലിലെത്തിയത്. ഒരു ബഹുനില കെട്ടിടത്തിന്റെ മധ്യത്തിലാണ് ഹോട്ടൽ. റിസപ്ഷൻ വരെ വാഹനം കൊണ്ടുപോകാനുള്ള സൗകര്യമുണ്ട്. പക്ഷേ, അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. കീ ഇല്ല, ഭക്ഷണവും. അൽപ്പ നേരം ലോബിയിൽ കാത്തിരുന്നു. കാത്തിരിപ്പിന്റെ മുഷിപ്പ്, വിശപ്പിന്റെയും. ഫുഡ് പുറമേ നിന്ന് ഓർഡർ ചെയ്തു. അത് എത്തുന്നതിനു മുമ്പേ ചാവിയുമായി ജീവനക്കാരെത്തി. അൽപ്പം കഴിഞ്ഞ് ഭക്ഷണവും. അർധരാത്രിയിൽ അർധനിദ്രക്കിടെ അത്താഴമെന്നോണം ഭക്ഷണം കഴിച്ചെന്നു വരുത്തി വിശ്രമത്തിലേക്ക് പ്രവേശിച്ചു. രാവിലെ അഞ്ചിന് തന്നെ ശൈഖ് ഖൈറുൽ ഹിദായതും ശിഷ്യനും വന്നു. ഇനി അവർക്കൊപ്പമാണ് തുടർന്നുള്ള യാത്ര.