Connect with us

Kerala

ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതിക്ക് 10 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

പെരിങ്ങനാട് മുണ്ടപ്പള്ളി മുറിയില്‍ പാറക്കൂട്ടം രമ്യാലയത്തില്‍ ജിതിന്‍ (34) നെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി മൂന്ന് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങനാട് മുണ്ടപ്പള്ളി മുറിയില്‍ പാറക്കൂട്ടം രമ്യാലയത്തില്‍ ജിതിന്‍ (34) നെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി മൂന്ന് ശിക്ഷിച്ചത്. പിഴ അടയ്ക്കുന്നതിന് വീഴ്ച വരുത്തുന്ന പക്ഷം രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക മരിച്ച ജെഫിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു.

2013 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മണക്കാല സെമിനാരി പടി എന്ന സ്ഥലത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഇടയ്ക്കാട് സ്വദേശിയായ ജെഫിനെ പ്രതി ഓടിച്ചുവന്ന പള്‍സര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ജെഫിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 30ന് മരണപ്പെടുകയായിരുന്നു. 2012ല്‍ തമിഴ്നാട് ഈറോഡ് വെങ്കിടേശ്വര ഹൈടെക് പോളിടെക്നിക് കോളജില്‍ ഡിപ്ലോമ കോഴ്സിനു പഠിച്ചിരുന്ന ജെഫിനോട് കോളജിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന വെങ്കിടേശ്വര ഹൈടെക് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിതിന്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കാന്‍ ജെഫിന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും പിണക്കത്തിലായിരുന്നു. നാലുമാസങ്ങള്‍ക്കു ശേഷം പഠനം പൂര്‍ത്തിയാക്കാതെ ജെഫിന്‍ നാട്ടിലേക്കു മടങ്ങി. പണം നല്‍കാതിരുന്നതിന്റെ വൈരാഗ്യത്തില്‍ ജിതിന്‍, ജെഫിന്റെ ബൈക്കില്‍ മനപ്പൂര്‍വം ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതിയുടെ അമ്മാവനായ രമേശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് അടൂര്‍ പോലീസ് നടത്തിയ മികവുറ്റ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതിക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നതും. അടൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജി സന്തോഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ ഇന്‍സ്പെക്ടര്‍ ടി മനോജ് ആണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡര്‍ ഹരികൃഷ്ണന്‍ ഹാജരായി. അടൂര്‍ പോലീസ് സ്റ്റേഷന്‍ സി പി ഒ. നിധിന്‍ പ്രോസിക്യൂഷന്‍ സഹായിയായിരുന്നു.

 

Latest