Kerala
ഒമ്പത് വയസ്സുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല; വൈറല്‍ ന്യൂമോണിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
കുട്ടിയുടെ പിതാവിന്റെ ആക്രമണത്തിനിരയായ ഡോ. വിപിന്‍ ആശുപത്രി വിട്ടു.

കോഴിക്കോട് | താമരശ്ശേരിയില്‍ ഒമ്പത് വയസ്സുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. അനയക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. കേസില്‍ പിടിയിലായ സനൂപ് ജയിലിലാണ്. കുട്ടിക്ക് മസ്തിഷ്‌ക ജ്വരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണ് കുട്ടിയുടെ മരണമെന്നായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് ശേഖരിച്ച സ്രവത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപോര്‍ട്ടിലുണ്ടായിരുന്നത്.
അതിനിടെ, സനൂപിന്റെ ആക്രമണത്തിനിരയായ ഡോ. വിപിന്‍ ആശുപത്രി വിട്ടു. ഈ മാസം 11നാണ് തലയ്ക്ക് വെട്ടേറ്റ് ഡോ. വിപിന്‍നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് എട്ട് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വധശ്രമം, അതിക്രമിച്ചു കയറിയുള്ള ആക്രമണം, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് സനൂപിനെതിരെ കേസെടുത്തിട്ടുള്ളത്.