Kerala
ദേഹാസ്വാസ്ഥ്യം; മരം മുറിക്കാനായി കയറിയയാള്‍ മുകളില്‍ കുടുങ്ങി, രക്ഷകരായി ഫയര്‍ ഫോഴ്‌സ്
പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശി റബിഹുള്‍ (20) ആണ് മരത്തില്‍ കുടുങ്ങിയത്.

കുറ്റൂര്‍ | ദേഹാസ്വാസ്ഥ്യം മൂലം മരത്തിനു മുകളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്ക് രക്ഷകരായി തിരുവല്ല ഫയര്‍ ഫോഴ്സ്. മരം മുറിക്കാനായി കയറിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശി റബിഹുള്‍ (20) ആണ് മരത്തില്‍ കുടുങ്ങിയത്. വെണ്‍പാല തൈപറമ്പില്‍ കുരുവിളയുടെ പുരയിടത്തിലെ ആഞ്ഞിലി മരം മുറിക്കുന്നതിനിടയിലാണ് സംഭവം.
ഇന്ന് വൈകിട്ട് മൂന്നോടെയാണ് യുവാവ് മരത്തിന് മുകളില്‍ കുടുങ്ങിയത്. ഏകദേശം 80 അടിക്ക് മുകളില്‍ ഉയരമുള്ളതായിരുന്നു മരം. ശിഖരം വെട്ടി ഇറക്കുന്നതിനിടയില്‍ ഇദ്ദേഹത്തിന് മുഖത്ത് പരുക്കേറ്റിരുന്നു. തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ രക്ഷാദൗത്യം തുടങ്ങി. സേനാംഗമായ വര്‍ഗീസ് ഫിലിപ്പ് സ്പൈക്ക്, സേഫ്റ്റി ബെല്‍റ്റ്, റോപ്പ് എന്നിവയുടെ സഹായത്താല്‍ മരത്തിനു മുകളില്‍ കയറി യുവാവിനെ താഴെയിറക്കി. പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ ശംഭു നമ്പൂതിരി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് അജിത്ത്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി എസ് അജിത് കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശശികുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ എഫ് ടി ഷിബു, ജോട്ടി പി ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജയന്‍ മാത്യു, രഞ്ജിത് കുമാര്‍, സണ്ണി, വിപിന്‍, ഹരികൃഷ്ണന്‍, ഹോം ഗാര്‍ഡ് മാരായ കെ പി ഷാജി, അനില്‍കുമാര്‍. എസ് സജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ദൗത്യം ഏകോപിപ്പിച്ചത്.