tk abdul jabbar baqavi
ടി കെ അബ്ദുല്‍ ജബ്ബാര്‍ ബാഖവി ദുബൈയില്‍ അന്തരിച്ചു
പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി എജ്യുസിറ്റിയുടെ സ്ഥാപകാംഗവും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു

തൃത്താല | മത പണ്ഡിതനും വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകനുമായ പടിഞ്ഞാറങ്ങാടി ഒതളൂര്‍ തെക്കേക്കര അബ്ദുല്‍ ജബ്ബാര്‍ ബാഖവി (54) അന്തരിച്ചു.ദുബൈയിലെ സത്വയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം. സന്ദര്‍ശന വിസയില്‍ രണ്ടാഴ്ച മുമ്പ് യു എ ഇയിലെത്തിയതായിരുന്നു.
പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി എജ്യുസിറ്റിയുടെ സ്ഥാപകാംഗവും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന അദ്ദേഹം പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ മത, സാമൂഹിക, ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായിരുന്നു. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍, സമസ്ത പട്ടാമ്പി മേഖല മുശാവറ അംഗം, കേരള മുസ്ലിം ജമാഅത്ത് പടിഞ്ഞാറങ്ങാടി സര്‍ക്കിള്‍ ജന. സെക്രട്ടറി, ഒതളൂര്‍ മഹല്ല് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊളമംഗലം, അയിരൂര്‍, കോതോട്, ചൊക്കന, മാറഞ്ചേരി മുക്കാല ജുമാമസ്ജിദുകളില്‍ ഖത്തീബ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീന്‍ അയ്യൂബിയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
സൂഫീവര്യന്‍ ഒതളൂര്‍ മൂസ ഹാജി- ഫാത്തിമ ദമ്പതികളുടെ ഏഴ് മക്കളില്‍ മൂത്ത മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: അബ്ദുല്ല അഹ്സനി അല്‍ ഹികമി (അധ്യാപകന്‍, നെല്ലിശ്ശേരി ദര്‍സ്), ജുനൈദ് അല്‍ ഹികമി (വിദ്യാര്‍ഥി, കാരന്തൂര്‍ മര്‍കസ് ശരീഅത്ത് കോളജ്), ഹാഫിള് അഹ്മദ് മിദ്ലാജ് (മലപ്പുറം മഅ്ദിന്‍ ഹിഫ്ള് കോളജ്), റസാനതുത്വയ്യിബ, ഹുസൈബ ഹാദിയ. മരുമകന്‍: റാഫി അഹ്സനി കുമരനല്ലൂര്‍ (മുദരിസ്, എറണാകുളം). സഹോദരങ്ങള്‍: ഹാഫിള് സുബൈര്‍ മിസ്ബാഹി (ഖത്തീബ്, നെല്ലിശ്ശേരി ജുമാ മസ്ജിദ്), ഇസ്മാഈല്‍ ബാഖവി (ഖത്തീബ്,ചേലക്കടവ് ജുമാ മസ്ജിദ് ), സുഹൈല്‍ അല്‍ ഹസനി (ഒമാന്‍), ജുബൈര്‍ സഅദി,(ഖത്തീബ് കാണിപ്പയ്യൂര്‍ ജുമാ മസ്ജിദ്). വ്യാഴം രാവിലെ യു എ ഇയില്‍ നിന്ന് എത്തുന്ന മയ്യിത്ത് വസതിയിലെ പൊതുദര്‍ശന ശേഷം ഒതളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.