Editors Pick
നാലിൽ മൂന്ന് ഇന്ത്യക്കാരും നോമോ ഫോബിയക്ക് അടിമകൾ; എന്താണ് നോമോ ഫോബിയ?
ഒരു വ്യക്തിക്ക് തന്റെ ഫോൺ അടുത്തില്ലെങ്കിൽ മാനസിക പിരിമുറുക്കം, അല്ലെങ്കിൽ ഫോൺ കയ്യിൽ ഇല്ലാത്ത അവസ്ഥയെ ഭയപ്പെടുക പോലോത്ത പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടങ്കിൽ അദ്ദേഹം നോമോ ഫോബിയ എന്ന രോഗത്തിന്റെ അടിമയാണെന്ന് വിലയിരുത്താം

ന്യൂഡൽഹി | പ്രമുഖ മൊബൈൽ ബ്രാൻഡായ ഓപ്പോയും മാർക്കറ്റ് റീസെർച് മേഖലയിൽ പ്രവർത്തിക്കുന്ന കൗണ്ടർപോയിന്റ് എന്ന സംഘടനയും ചേർന്ന് നടത്തിയ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നാലിൽ മൂന്ന് ഇന്ത്യക്കാരും നോമോ ഫോബിയ എന്ന രോഗത്തിനടിമകളാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എന്താണ് നോമോ ഫോബിയ ?
നോമോ ഫോബിയ എന്നതിനെ നോ മൊബൈൽ ഫോബിയ എന്നതിന്റെ ചുരുക്കെഴുത്തതായിട്ടാണ് രേഖപ്പെടുത്തുന്നത്. പേരിൽ പറഞ്ഞത് പോലേ ഒരു വ്യക്തിക്ക് തന്റെ ഫോൺ അടുത്തില്ലെങ്കിൽ മാനസിക പിരിമുറുക്കം, അല്ലെങ്കിൽ ഫോൺ കയ്യിൽ ഇല്ലാത്ത അവസ്ഥയെ ഭയപ്പെടുക പോലോത്ത പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടങ്കിൽ അദ്ദേഹം നോമോ ഫോബിയ എന്ന രോഗത്തിന്റെ അടിമയാണെന്ന് വിലയിരുത്താം.
“നമ്മുടെ മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ഒരു ലോകമായി മാറിയിരിക്കുകയാണ്. അതുപയോഗിച്ച് നമ്മൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിനോദത്തിന് ഉപയോഗിക്കുന്നു. ഈ ഒരു അവസ്ഥ വന്നത് കൊണ്ട് തന്നെ ക്രമേണ ഫോണിലാത്ത അവസ്ഥയെ ഭയക്കുന്ന രീതിയിലേക്ക് ആളുകൾ മാറിയിരിക്കുന്നു”- കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പതക് പറഞ്ഞു .
ബാറ്ററിയും ചാർജിങ് പ്രശ്നവും
ബാറ്ററിയും ചാർജിങ് പ്രശ്നവുമാണ് നോമോ ഫോബിയയുടെ പ്രധാനകാരണമെന്ന് കൗണ്ടർ പോയിന്റ് റിപ്പോർട്ട് ചെയ്യുന്നു. 65 ശതമാനത്തോളം ഉപഭോക്താക്കൾക്കും തങ്ങളുടെ ഫോണിന് ബാറ്ററി ഡ്രൈനേജ് പ്രശ്നം വരുമ്പോൾ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് സർവേയിൽ പറയുന്നു. ഇതി തന്നെ 28 ശതമാനത്തോളം പേർക്ക് ഈ പ്രശ്നം വരുന്നതോടെ ഉത്കണ്ഠ ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
87 ശതമാനത്തോളം ആളുകൾ ഫോൺ ചാർജ് ചെയ്യുമ്പോൾ പോലും ഉപയോഗിക്കാറുണ്ടെന്നും 92 ശതമാനത്തോളം പേർ കൂടുതൽ സമയം ലഭിക്കാം പവർ സേവിങ് മോഡിലാണ് ഫോൺ പ്രവർത്തിപ്പിക്കാറെന്നും സർവേയിൽ കണ്ടെത്തി. പകുതിയോളം പേർ ദിവസം 2 തവണ ഫോൺ ചാർജിൽ ഇടാറുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
40 ശതമാനത്തോളം പേരുടെ ജീവിതം ഫോൺ ഉപയോഗിച്ചാണ് തുടങ്ങുന്നതും അവസാനിക്കുന്നതുമെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.