Connect with us

Kerala

ഇവിടെ പുണ്യാളന് സ്വര്‍ണം ചാര്‍ത്തുന്നവര്‍ വടക്കേഇന്ത്യയില്‍ തല്ലിത്തകര്‍ക്കുന്നു; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മതേതര വിശ്വാസികള്‍ ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണം

Published

|

Last Updated

കൊച്ചി | ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങളൊക്കെ തല്ലി തകര്‍ക്കുകയാണെന്ന് യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് സംഘപരിവാറിനെതിരായ അദ്ദേഹത്തിന്റെ ശക്തമായ വിമര്‍ശനം. മതേതര വിശ്വാസികള്‍ ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രതികരിച്ചു.
ക്രൈസ്തവരോടുള്ള സമീപനത്തില്‍ സംഘപരിവാറിന് ഇരട്ടത്താപ്പാണ്. ഇവിടെ മധുരം വിളമ്പുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൈപ്പാണ് കൊടുക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ ഭീഷണി നേരിടുന്നുണ്ട്.

ഫാസിസത്തിനെതിരെ ഒന്നിച്ച് പോരാടണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെയും ന്യൂനപക്ഷ അവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണ് നടക്കുന്നത്. സ്വന്തം മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. നിര്‍ബന്ധിത മതംമാറ്റം കള്ളക്കഥയാണെന്ന് നിയമപരമായി തെളിയിക്കപ്പെട്ടതാണ്. ഇത്തരം കഥകള്‍ പറഞ്ഞ് കന്യാസ്ത്രീകളേയും പുരോഹിതരേയും വേട്ടയാടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആസൂത്രിതമായി നടത്തിയതാണെന്നാണ് കരുതുന്നത്. കോടതി റിമാന്‍ഡ് ചെയ്ത കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജില്ലാ ജയിലില്‍ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. ഛത്തീസ്ഗഡില്‍ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാല്‍ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സിസ്റ്റര്‍ പ്രീതിഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാണ്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഫാസിസത്തിനെതിരെ മതേതര വിശ്വാസികള്‍ ഒന്നിച്ച് പോരാടേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.