Connect with us

articles

ഇത് ട്രംപിന്റെ ക്വട്ടേഷൻ

താൻ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകളിൽ കരാറിന് തയ്യാറായില്ലെങ്കിൽ സ്വന്തം ചട്ടമ്പിയെ വിട്ട് കൊല്ലിക്കുമെന്ന ട്രംപിന്റെ ഭീഷണിയാണ് നതാൻസിൽ കണ്ടത്. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം ഇസ്‌റഈൽ ഫസ്റ്റ് എന്ന് തിരുത്തി വിളിക്കുകയാണ് ട്രംപ്.

Published

|

Last Updated

പശ്ചിമേഷ്യയെ യുദ്ധഭീതിയിലേക്ക് എടുത്തെറിഞ്ഞ് നിരവധിയായ ഗൂഢലക്ഷ്യങ്ങൾ നേടുകയെന്ന സ്ഥിരം സയണിസ്റ്റ്, യാങ്കി തന്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇറാന് നേരെ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണം. ഇറാഖ്- ഇറാൻ സംഘർഷകാലത്തിന് ശേഷം ഇറാൻ മണ്ണിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക അതിക്രമമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന, ഓപറേഷൻ റൈസിംഗ് ലയൺ എന്ന് ഇസ്‌റാഈൽ പേരിട്ട വ്യോമാക്രമണത്തിൽ നതാൻസ് ആണവനിലയത്തിൽ നാശനഷ്ടമുണ്ടായെന്നാണ് റിപോർട്ട്. സിവിലിയൻ കേന്ദ്രങ്ങളിലും നാശമുണ്ടായി.

ഇറാന്റെ അഭിമാന ആണവ പരിപാടിയുടെ കേന്ദ്രമാണ് നതാൻസ്. ഇവിടെത്തന്നെ ആക്രമണം നടത്തുക വഴി ഒരേസമയം ഇറാനെ പ്രകോപിപ്പിക്കുകയും അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ എ ഇ എ) അടക്കമുള്ള അന്തർദേശീയ സംവിധാനങ്ങളെ വെല്ലുവിളിക്കുകയുമാണ് സയണിസ്റ്റ് രാഷ്ട്രം ചെയ്തിരിക്കുന്നത്. ആണവ നിലയങ്ങൾ ഒരു സാഹചര്യത്തിലും ആക്രമണ ലക്ഷ്യമാകരുതെന്ന് ഐ എ ഇ എ ശക്തമായി നിഷ്‌കർഷിച്ചതാണ്. ഇതേ ഏജൻസിയാണ് ഇറാന്റെ ആണവ പരിപാടിയിൽ വല്ല കുഴപ്പമുണ്ടോയന്നറിയാൻ ഭൂതക്കണ്ണാടി വെച്ച് നോക്കുകയും യു എസിനും ഇസ്‌റാഈലിനും വേണ്ടി ഇടക്കിടക്ക് ഒരടിസ്ഥാനവുമില്ലാത്ത ആശങ്കകൾ രേഖപ്പെടുത്തുകയും ചെയ്യാറുള്ളത്. അതേ ഐ എ ഇ എയെ തന്നെയാണ് ഇസ്‌റാഈൽ തള്ളിക്കളഞ്ഞിരിക്കുന്നത്.

ഇറാന്റെ ആണവ പരിപാടിയെ മുൻനിർത്തി ഉത്പാദിപ്പിക്കപ്പെടുന്ന ഭയം അറബ് മേഖലയിൽ പിടിമുറുക്കാനുള്ള യു എസിന്റെ ശക്തമായ രാഷ്ട്രീയ ആയുധമാണ്. ഗസ്സാ വംശഹത്യയിൽ താരതമ്യേന ശക്തമായ നിലപാടെടുത്ത അറബ് രാഷ്ട്രങ്ങളുടെ അനുഭാവം തരപ്പെടുത്താൻ കൂടിയാണ് ഇറാന്റെ ആണവ കേന്ദ്രം തന്നെ ജൂതരാഷ്ട്രം ആക്രമിച്ചിരിക്കുന്നത്. എന്നാൽ പതിവിന് വിപരീതമായി, ഇറാനെ ആക്രമിച്ചതിനെ ശക്തമായി അപലപിച്ചിരിക്കുന്നു സഊദി അറേബ്യ. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കമാൻഡർ ഇൻ ചീഫ് ഹുസൈൻ സലാമിയടക്കമുള്ള ഇറാനിയൻ നേതാക്കളെ വകവരുത്തി സർവ ചോരക്കൊതിയന്മാരുടെയും കൈയടി നേടാനും ഇസ്‌റാഈലിനു സാധിച്ചു. ഇക്കൂട്ടത്തിൽ ഇന്ത്യയിലെയും കേരളത്തിലെയും ഹിന്ദുത്വവാദികൾ മുതൽ ക്രിസ്ത്യൻ തീവ്രവാദികൾ വരെയുണ്ട്. . ബ്രിട്ടനും ഫ്രാൻസും ജർമനിയും കാനഡയുമെല്ലാം ഈ യുദ്ധവ്യാപന നീക്കത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. മേഖലയാകെ രൂക്ഷമായ സംഘർഷത്തിലേക്ക് എടുത്തെറിയപ്പെടാമെന്ന സൂചനയാണ് വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നൽകിയിരിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഗൾഫ് രാജ്യങ്ങളും ശക്തമായ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാൻ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ഇസ്‌റാഈലിലുമുണ്ടെന്നാണ് അവിടെ നടക്കുന്ന പരക്കംപാച്ചിൽ വ്യക്തമാക്കുന്നത്. നേതാക്കളെ മുഴുവൻ ബങ്കറിലേക്ക് മാറ്റി. രാജ്യത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈന്യം നൽകുന്ന ഉത്തരവുകൾ പൂർണമായി അനുസരിക്കണമെന്ന് പൗരന്മാർക്ക് കർശന നിർദേശം നൽകി. നൂറ് ഡ്രോണുകൾ ഇസ്‌റാഈലിനെ ലക്ഷ്യമാക്കിയയച്ച് ഇറാൻ ആദ്യ പ്രതികരണം നടത്തിക്കഴിഞ്ഞു. അവിടെ നിൽക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇറാനെ ഇസ്‌റാഈൽ ആക്രമിച്ചിരുന്നു.

അന്ന് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ പ്രതികരണമിതായിരുന്നു: “സയണിസ്റ്റ് ആക്രമണത്തെ പർവതീകരിക്കേണ്ടതില്ല, വില കുറച്ച് കാണേണ്ടതുമില്ല’ ഇന്നലെ അദ്ദേഹത്തിന്റെ വാക്കുകൾ കടുപ്പമേറിയിട്ടുണ്ട്: ഇസ്‌റാഈൽ അതിന്റെ അഭിശപ്ത വിധിയെഴുതിയിരിക്കുന്നു. അവർ അനുഭവിക്കാൻ തയ്യാറായിക്കൊള്ളട്ടെ. പ്രതീകാത്മക, ആനുപാതിക പ്രതികരണം മതിയെന്ന് തീരുമാനിക്കാൻ ഇറാന് സാധിക്കില്ല. ഇറാഖിലെയും ലബനാനിലെയും യമനിലെയും ശിയാ ഗ്രൂപ്പുകൾ മേഖലയിലെ അമേരിക്കൻ സൈനിക സംവിധാനങ്ങൾ ലക്ഷ്യം വെക്കും. ഇസ്‌റാഈൽ പ്രതിരോധ മന്ത്രി കാറ്റ്‌സിന്റെ വാക്കുകളിലെ സംഹാരത്വര ജൂതരാഷ്ട്രം കൂടുതൽ അതിക്രമങ്ങളിലേക്ക് എടുത്തുചാടുമെന്ന ഭീതിയും സൃഷ്ടിക്കുന്നുണ്ട്. “ഇറാന്റെ നിഴൽ കൂട്ടാളികളെ ഞങ്ങൾ ശരിയാക്കിയിരിക്കുന്നു. ഇന്ന് ഞങ്ങൾ തലക്ക് തന്നെ അടിച്ചിരിക്കുന്നു. ഇനി ഒന്നും പഴയത്‌പോലെയാകില്ല’ എന്നാണ് കാറ്റ്‌സ് പറഞ്ഞത്.

ചുരുക്കത്തിൽ, ഇസ്‌റാഈൽ എന്ന രാഷ്ട്രം ബലാത്കാരമായി സ്ഥാപിച്ചത് മുതൽ തുടങ്ങിയ വഞ്ചനയുടെയും വംശഹത്യയുടെയും അതിർത്തി വ്യാപനത്തിന്റെയും കരാർ ലംഘനങ്ങളുടെയും ചരിത്രം അതേ പടി ആവർത്തിക്കുകയാണ്. ലോകമാകെ അലഞ്ഞ ഒരു ജനതക്ക് അഭയം നൽകിയെന്ന വലിയ പിഴക്കുള്ള ശിക്ഷ മേഖലയിലെ മുഴുവൻ ജനങ്ങളും ഇന്നും അനുഭവിക്കുകയാണ്. ഒരിക്കലും അണയാത്ത അഗ്നിപർവതമായി അറബ് ജനതക്കിടയിൽ ഇസ്‌റാഈലിനെ സ്ഥാപിച്ച് മടങ്ങിയ പഴയ സാമ്രാജ്യത്വ ശക്തികളും ആയുധവും സമ്പത്തും ഒഴുക്കി ഇന്നും അതിനെ സംരക്ഷിച്ചുനിർത്തുന്ന നവ സാമ്രാജ്യത്വവും ചേർന്ന് തയ്യാറാക്കിയ അശാന്തിയുടെ തിരക്കഥയാണ് പശ്ചിമേഷ്യയിൽ ഇന്നും അരങ്ങേറുന്നത്.

എന്തുകൊണ്ടാണ് ഇപ്പോൾ ഇത്തരമൊരു എടുത്തുചാട്ടത്തിന് ബെഞ്ചമിൻ നെതന്യാഹു മുതിർന്നത്? കാറ്റ്‌സ് പറയുമ്പോലെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമോ? നതാൻസിൽ മിസൈലിടുകയും ന്യൂക്ലിയർ വിദഗ്ധരെ വകവരുത്തുകയും ചെയ്താൽ ഇറാന്റെ ആണവ പരിപാടി കുഴിച്ചുമൂടാൻ സാധിക്കുമോ?

ആദ്യത്തെ ചോദ്യത്തിന് ചുരുങ്ങിയത് മൂന്ന് ഉത്തരങ്ങളുണ്ട്. ഗസ്സാ വംശഹത്യക്കും മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്ന തെമ്മാടിത്തത്തിനുമെതിരെ ലോക രാഷ്ട്രങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം പ്രതികരിക്കുന്ന ഘട്ടമാണിത്. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ സംയുക്ത പ്രമേയം മൊത്തം അവബോധം തന്നെ മാറ്റിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായ കപ്പലുകൾ ഗസ്സയിലേക്ക് പ്രവഹിക്കുകയാണ്. വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ, ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടി ഇസ്റാഈലിനെതിരായ ആഗോള കൂട്ടായ്മയായി മാറാൻ പോകുന്നു. അറബ് രാഷ്ട്രങ്ങൾ അബ്രഹാം അക്കോർഡ് കടലിലെറിഞ്ഞ് ഫലസ്തീന് വേണ്ടി സംസാരിക്കാൻ തുടങ്ങി. നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ ബെൽജിയമടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. പൊതുബോധത്തിന്റെ കാറ്റ് മാറിവീശുകയാണ്. ഈ ഘട്ടത്തിൽ ആക്രമണ വ്യാപനം മാത്രമാണ് പോംവഴി. സിറിയയിലേക്കും ലബനാനിലേക്കും അത് നടത്തുന്നുണ്ട്. ഇപ്പോൾ ഇറാനും.

രണ്ടാമത്തെ കാരണം നെതന്യാഹു അനുഭവിക്കുന്ന ആഭ്യന്തര സമ്മർദമാണ്. അവിടെ ആയിരങ്ങൾ തെരുവിലിറങ്ങുന്നു. ഹമാസിനെ നിശ്ശേഷം തകർക്കുകയെന്നത് അസാധ്യമാണെന്ന് അവിടുത്തെ സൈനിക നേതൃത്വം തന്നെ പരസ്യമായി പ്രഖ്യാപിക്കുന്നു. ദുരിതാശ്വാസ സഹായം തടയുന്ന ഹൃദയശൂന്യത ജ്യൂയിഷ് ഗ്രൂപ്പുകൾ തന്നെ ചോദ്യം ചെയ്യുന്നു. ഇസ്‌റാഈൽ മാധ്യമങ്ങൾ നെതന്യാഹുവിനെ ശക്തമായി തുറന്ന് കാണിക്കുന്നുണ്ട്. നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ വിചാരണ ഒഴിവാക്കാൻ ന്യായാധിപരെ വിരട്ടുന്ന നിയമനിർമാണത്തിന് തുടക്കമിട്ടിരിക്കുന്നു സർക്കാർ. ബന്ദികളെ മോചിപ്പിക്കാൻ ആക്രമണ വ്യാപനമല്ല, കൂടിയാലോചനയാണ് വേണ്ടതെന്ന അമ്മമാരുടെ മുറവിളിയാണ് ഇസ്‌റാഈൽ തെരുവുകളിൽ മുഴങ്ങുന്നത്. ഈ ആഭ്യന്തര ഗതികേടിൽ നിന്ന് തലയൂരാനും മൃതദേഹങ്ങൾ വേണം.

സത്യത്തിൽ ഇത് ട്രംപ് കൊടുത്ത ക്വട്ടേഷനാണ്. യുദ്ധങ്ങൾ അവസാനിപ്പാക്കാൻ വന്ന പ്രസിഡന്റാണ് താനെന്ന് പറഞ്ഞു കുടുങ്ങിയയാളാണ് ട്രംപ്. ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ ആണവ കരാർ തന്റെ ആദ്യ ഊഴത്തിൽ ചവറ്റുകൊട്ടയിൽ കീറിയെറിഞ്ഞ ട്രംപ് ഇപ്പോൾ ഇറാന്റെ പിറകേ നടക്കുകയാണ്. ലോകസമാധാനത്തിന്റെ ചാമ്പ്യനായി മാറാൻ ഇറാനുമായി ആണവ കരാർ വേണമിപ്പോൾ. ഇറാൻ പക്ഷേ, ഉപാധിരഹിതമായ ഒരു കരാറിന് തയ്യാറല്ല. സമാധാനപരമായ ആണവ പരിപാടി ഉപേക്ഷിക്കാനും ഒരുക്കമല്ല. ആണവ ചർച്ചയുടെ ആറാം പതിപ്പ് മസ്‌കത്തിൽ നാളെ നടക്കാനിരിക്കെയാണ് ഇസ്റാഈലിന്റെ ആക്രമണമെന്നോർക്കണം. താൻ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകളിൽ കരാറിന് തയ്യാറായില്ലെങ്കിൽ സ്വന്തം ചട്ടമ്പിയെ വിട്ട് കൊല്ലിക്കുമെന്ന ട്രംപിന്റെ ഭീഷണിയാണ് നതാൻസിൽ കണ്ടത്. ഇസ്‌റാഈൽ ആക്രമിക്കുമെന്ന് തനിക്കറിയാമായിരുന്നു; എന്നാൽ അതിൽ യു എസിന് പങ്കില്ല എന്നാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം ഇസ്‌റഈൽ ഫസ്റ്റ് എന്ന് തിരുത്തി വിളിക്കുകയാണ് ട്രംപ്.

ഇറാന് നേരെയുള്ള ഇസ്‌റാഈലിന്റെ ആക്രമണത്തിന് ഫലസ്തീനിലെ വംശഹത്യയുമായുള്ള ബന്ധം കാണാതിരിക്കാനാകില്ല. 2023 ഒക്‌ടോബർ ഏഴിലെ ഹമാസ് പ്രത്യാക്രമണം ഇറാന്റെ പദ്ധതിയായിരുന്നുവെന്ന ഇസ്‌റാഈലിന്റെ ആരോപണം തള്ളിക്കളഞ്ഞാൽ പോലും ഗസ്സയിലെ മനുഷ്യക്കുരുതിയോട് സായുധമായി പ്രതികരിക്കുന്നവർക്കെല്ലാം ഇറാനുമായി ബന്ധമുണ്ടെന്ന വസ്തുത അംഗീകരിച്ചേ തീരൂ. ചെങ്കടലിൽ ഇസ്‌റാഈൽ താത്പര്യങ്ങളെ കടന്നാക്രമിക്കുന്ന യമനിലെ ഹൂതി വിമതർക്ക് ഇറാന്റെ സഹായമുണ്ട്. ഇറാഖിൽ പ്രവർത്തിക്കുന്ന ശിയാ അടിത്തറയുള്ള ഗ്രൂപ്പുകളും ഇറാന്റെ നിയന്ത്രണത്തിലാണ്. ലബനാനിലെ ഹിസ്ബുല്ലയാകട്ടെ ഇറാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സഖ്യത്തിലെ പ്രധാന സായുധ സംഘവുമാണ്. ഈ സംഘങ്ങളെല്ലാം ഇസ്‌റാഈലിന് അലോസരമുണ്ടാക്കുന്നുണ്ട്. ഹമാസ് നേതാക്കളായ ഇസ്മാഈൽ ഹനിയ്യയെയും യഹ്‌യാ സിൻവാറിനെയും ഹിസ്ബുല്ല മോധാവി ഹസൻ നസ്‌റുല്ലയെയും വധിച്ചിട്ടും ഹൂതികളോ ഹമാസോ അടങ്ങിയിട്ടില്ല. അപ്പോൾ പിന്നെ തലക്ക് തന്നെ അടിക്കാതെ വയ്യ എന്നതാണ് സയണിസ്റ്റ് കുയുക്തി.

ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമാണ് ഇറാൻ. തങ്ങളുടെ ആണവ പരീക്ഷണങ്ങൾ തികച്ചും സമാധാനപരമായ ആവശ്യത്തിനുള്ളതാണെന്ന് ഇറാൻ ആണയിടുമ്പോഴും അമേരിക്കയും കൂട്ടാളികളും അത് വിശ്വസിക്കുന്നില്ല. ഇറാൻ അണുബോംബ് നിർമിക്കുന്നുവെന്ന ഭയം അവർ പരത്തുന്നു. 2002ൽ പുറത്തുവന്ന ചില രഹസ്യാന്വേഷണ വിവരത്തിന്റെ ചുവട് പിടിച്ചാണ് ഈ ഭീതി ശക്തമായത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. എന്നിട്ടും മാരകമായ ഉപരോധം തുടർന്നു. യു എന്നിന്റെ വക ഉപരോധം. യൂറോപ്യൻ യൂനിയന്റെ വക ഉപരോധം. അമേരിക്ക നേരിട്ട് നടപ്പാക്കുന്ന ഉപരോധം. ഇറാന്റെ എണ്ണ ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതായി. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ വൻകിടക്കാരെ ധിക്കരിച്ച് ഇറാനുമായി സഹകരിച്ചപ്പോഴെല്ലാം ശിക്ഷയേറ്റു വാങ്ങേണ്ടി വന്നു.

ലോകം മുഴുവൻ ചാരമാക്കാൻ ശേഷിയുള്ള ആണവായുധങ്ങളുടെ ബട്ടൻ ഒരു കൈയിൽ പിടിച്ചാണ് മറുകൈകൊണ്ട് ട്രംപും നെതന്യാഹുവുമൊക്കെ ഇറാനെ ശിക്ഷിക്കാനുള്ള തീട്ടൂരങ്ങളിൽ ഒപ്പുവെക്കുന്നത്. പാശ്ചാത്യ ശക്തികൾ പറയുന്നത് കേട്ട് ഉഗ്രശേഷിയുള്ള ആയുധങ്ങൾ മുഴുവൻ നിർവീര്യമാക്കിയ മുഅമ്മർ ഗദ്ദാഫിയെ ഒടുവിൽ കൊന്ന് അഴുക്കുചാലിലെറിഞ്ഞ ചരിത്രം മുമ്പിലുണ്ട്. നിരന്തരം ആയുധശേഷി കൈവരിക്കുന്ന ഉത്തര കൊറിയക്ക് നേരെ ആരും അടുക്കുന്നില്ലെന്ന യാഥാർഥ്യവുമുണ്ട്. ഇറാൻ സുസ്ഥിരമായി നിലനിൽക്കാൻ അനിവാര്യമെങ്കിൽ അവർ ഉത്തരവാദിത്വമുള്ള ആണവ ശക്തിയാകട്ടെ. അവരെ തടയാൻ ആർക്കാണവകാശം? നിലനിൽക്കാനുള്ള അവകാശം ഇസ്‌റാഈലിന് മാത്രം പതിച്ചുകൊടുക്കാനുള്ളതാണോ? സുശക്തമായ ആയുധപ്പുരകളാകും ഇനി സമാധാനം കൊണ്ടുവരിക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest