Articles
തിരുനബി: ഹൃദയം തുറന്ന സമീപനങ്ങൾ

ചുറ്റുമുള്ളവരിൽ നിന്ന് നല്ല സമീപനം ആഗ്രഹിക്കാത്ത ഏത് മനുഷ്യരാണുള്ളത്. പരിഗണിക്കപ്പെടാനും ചേർത്തുവെക്കപ്പെടാനും കൊതിക്കുന്നവരാണ് എല്ലാവരും. പ്രത്യേകിച്ചും അവശതയനുഭവിക്കുന്നവർ. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചും ചേർത്തുപിടിച്ചുമായിരുന്നു തിരുനബിയുടെ ജീവിതം. പ്രവാചകത്വത്തിന് മുമ്പും സ്വഭാവമഹിമ കൊണ്ട് ആ ജനതക്കാകെയും പ്രിയപ്പെട്ടവരായിരുന്നല്ലോ റസൂൽ. ഇന്നും ഒരുപാട് മനുഷ്യർ മതത്തെ അടുത്തറിയുന്നതിലും തിരുനബിയോട് പ്രിയംവെക്കുന്നതിലും ഈ അധ്യാപനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ദുരിതത്തിലും കഷ്ടതയിലും അകപ്പെടുന്ന സഹോദരങ്ങളെ കൈപിടിച്ചുയർത്താൻ ഇപ്പോഴും മനുഷ്യർ മത്സരിക്കുന്നതും മുത്തുനബിയുടെ സന്ദേശങ്ങൾ നൽകുന്ന ഇന്ധനം കൊണ്ട് തന്നെ.
“ജനങ്ങൾക്ക് ഏറെ ഉപകാരം ചെയ്യുന്നവനാരോ, അവനാണ് അല്ലാഹു ഏറ്റവും ഇഷ്ടം വെക്കുന്നവൻ’ എന്നാണ് തിരുനബിയധ്യാപനം. ജനസേവകർക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നും ഹദീസുകളിലുണ്ട്. തിരുനബി (സ്വ) പറയുന്നു: “ഒരാൾ തന്റെ സഹോദരനെ സഹായിക്കുന്ന കാലം അല്ലാഹു അവനെയും സഹായിക്കുന്നു’. ഒരു സഹോദരന് സന്തോഷമുണ്ടാക്കുക, പ്രയാസങ്ങൾ ദുരീകരിക്കുക, വിശപ്പകറ്റുക എന്നിവയെല്ലാം അല്ലാഹുവിന് ഏറെ പ്രിയമുള്ള കർമങ്ങളാണ്. ഈ പള്ളിയിൽ (മദീനത്തെ മസ്ജിദുന്നബവി) ഒരുമാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ എനിക്കേറ്റവും ഇഷ്ടം എന്റെ സഹോദരന്റെ ആവശ്യത്തിന് അവനോടൊപ്പം സഞ്ചരിക്കലാണ്. ഒരാൾ തന്റെ സഹോദരന്റെ ആവശ്യത്തിനു വേണ്ടി നടന്ന് ആ കാര്യം നേടിക്കൊടുത്താൽ സ്വിറാത് പാലത്തിൽ അവന്റെ കാൽ അല്ലാഹു സ്ഥിരപ്പെടുത്തും'(ത്വബ്‌റാനി). ഇഹലോകത്തെ പ്രയാസങ്ങളിൽ ഒരു മനുഷ്യന് ആശ്വാസം പകർന്നാൽ പാരത്രിക ജീവിതത്തിൽ അല്ലാഹു രക്ഷ നൽകുമെന്ന് ഒട്ടേറെ നബിവചനങ്ങളുണ്ട്.
വിശക്കുന്നവന് ഭക്ഷണം നൽകുന്നതും രോഗിക്ക് ആശ്വാസമാകുന്നതുമെല്ലാം വലിയ പുണ്യമായാണ് തിരുനബി (സ്വ) പഠിപ്പിച്ചത്. “നിശ്ചയം അല്ലാഹു അന്ത്യദിനത്തിൽ പറയും; മനുഷ്യാ, നിന്നോട് ഞാൻ ഭക്ഷണം ചോദിച്ചിരുന്നു. പക്ഷേ, നീ എന്നെ ഭക്ഷിപ്പിച്ചില്ല. അപ്പോൾ അടിമ ചോദിക്കും: എന്റെ റബ്ബേ, നിന്നെ ഞാനെങ്ങനെ ഭക്ഷിപ്പിക്കും? നീ ലോക രക്ഷിതാവല്ലേ! അല്ലാഹു പറയും: നീ അറിഞ്ഞില്ലേ, എന്റെ അടിമകളിലൊരാൾ നിന്നോട് ഭക്ഷണം ചോദിച്ചു. നീ നൽകിയില്ല. അവനെ നീ ഭക്ഷിപ്പിച്ചിരുന്നുവെങ്കിൽ എന്റെയടുക്കൽ നിനക്കത് ലഭിക്കുമായിരുന്നു (മുസ്്ലിം).
രോഗം, കടം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങി മനുഷ്യർ എക്കാലവും അനുഭവിക്കുന്ന പ്രയാസങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തതാണ്. ചുറ്റുമുള്ളവരെ കാരുണ്യത്തോടെയും മൃദുലതയോടെയും സമീപിക്കുന്നതിൽ തിരുനബി(സ്വ) തന്നെയാണ് നമുക്ക് മാതൃകയാകേണ്ടത്. മുഖം കടുപ്പിക്കാതെ അരികിലുള്ള മനുഷ്യരുടെ ഹൃദയം തൊടാൻ ഈ വസന്ത കാലത്ത് നമുക്ക് പരിശീലിക്കാം.