Connect with us

Articles

ഹിന്ദുത്വരാഷ്ട്രം പണിയുകയാണവര്‍

ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ചുകൊണ്ട് ബി ജെ പിയുടെ ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ആദേശ്ഗുപ്ത പറഞ്ഞത് ബുള്‍ഡോസര്‍ പ്രയോഗിച്ചാലേ കൈയേറ്റക്കാരെ മര്യാദ പഠിപ്പിക്കാന്‍ കഴിയൂ എന്നാണ്. ഹനുമാന്‍ ജയന്തി ഘോഷയാത്ര തടഞ്ഞത് ആ പ്രദേശത്ത് അനധികൃതമായി താമസിക്കുന്നവരാണ്, ബംഗ്ലാദേശി കുടിയേറ്റക്കാരാണ് എന്ന പ്രചാരണമാണ് ഹിന്ദുത്വശക്തികള്‍ നടത്തിയത്.

Published

|

Last Updated

സംഘ്പരിവാര്‍ സര്‍ക്കാര്‍ പാര്‍ലിമെന്റിലെ തങ്ങളുടെ മൃഗീയ ഭൂരിപക്ഷവും രാജ്യസഭയിലെ ഫ്‌ലോര്‍ എന്‍ജിനീയറിംഗിലൂടെയും അടിച്ചേല്‍പ്പിച്ച പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള ഏത് നീക്കവും ഇന്ത്യയുടെ അസ്ഥിരീകരണത്തിന് ആക്കം കൂട്ടുന്നതും ഒരു മതരാഷ്ട്രമായി ഇന്ത്യയെ അധഃപതിപ്പിക്കുന്നതുമായിരിക്കും. 2020 ഡിസംബര്‍ 11 ന് പൗരത്വനിയമ ഭേദഗതി പാസ്സായ സന്ദര്‍ഭത്തില്‍ തന്നെ ജനാധിപത്യവാദികളൊന്നാകെ ഈ കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതിവേഗം ഭൂരിപക്ഷ മതധ്രുവീകരണമുണ്ടാക്കാനുള്ള അജന്‍ഡയാണ് സംഘ്പരിവാര്‍ ഇപ്പോള്‍ ഓരോന്നോരോന്നായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ നിയമവിരുദ്ധ കൈയേറ്റ മേഖലകളും അനധികൃത കെട്ടിടങ്ങളുമാക്കി മുദ്രകുത്തി അവയെ ഇടിച്ചുനിരത്താനും തദ്ദേശജനതയെ തുരത്താനുമായി ഹിന്ദുത്വത്തിന്റെ ബുള്‍ഡോസര്‍ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുള്ള വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണ് അമിത്ഷായുടെ ഇത്തരം പ്രഖ്യാപനങ്ങള്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളെ കൈയേറ്റക്കാരും ഭീകരവാദികളുമായി ചിത്രീകരിക്കുന്ന ഇസ്്‌ലാമോഫോബിയയെ രാഷ്ട്രീയതന്ത്രമാക്കിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഭൂരിപക്ഷമത ധ്രുവീകരണത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാമനവമി ആഘോഷങ്ങളുടെയും ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെയും മറവില്‍ ജഹാംഗീര്‍പുരി ഉള്‍പ്പെടെ രാജ്യമെമ്പാടും കലാപങ്ങള്‍ അഴിച്ചുവിടാനുള്ള നീക്കങ്ങളാണ് സംഘ്പരിവാര്‍ സംഘടനകള്‍ സമീപനാളുകളില്‍ നടത്തിയത്.

ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ചുകൊണ്ട് ബി ജെ പിയുടെ ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ആദേശ്ഗുപ്ത പറഞ്ഞത് ബുള്‍ഡോസര്‍ പ്രയോഗിച്ചാലേ കൈയേറ്റക്കാരെ മര്യാദപഠിപ്പിക്കാന്‍ കഴിയൂ എന്നാണ്. ഹനുമാന്‍ ജയന്തി ഘോഷയാത്ര തടഞ്ഞത് ആ പ്രദേശത്ത് അനധികൃതമായി താമസിക്കുന്നവരാണ്, ബംഗ്ലാദേശി കുടിയേറ്റക്കാരാണ് എന്ന പ്രചാരണമാണ് ഹിന്ദുത്വശക്തികള്‍ നടത്തിയത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥും ഗുജറാത്തില്‍ ഭൂപേന്ദ്രഭായ്പട്ടേലും മധ്യപ്രദേശില്‍ ശിവരാജ്സിംഗ് ചൗഹാനും പരീക്ഷിക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് കഴിഞ്ഞ ഏപ്രില്‍ 16 ന് ജഹാംഗീര്‍പുരിയിലും അരങ്ങേറിയത്.

ജനങ്ങളെ മതപരമായി വിഭജിക്കുന്ന അത്യന്തം വിധ്വംസകമായ സന്ദേശമാണ് പൗരത്വ ഭേദഗതി നിയമം അവതരിപ്പിക്കുകയും പാസ്സാക്കിയെടുക്കുകയും വഴി ബി ജെ പി സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയത്. കോണ്‍ഗ്രസ്സ്, ഇടതുപാര്‍ട്ടികള്‍, മുസ്്‌ലിംലീഗ്, എന്‍ സി പി, ഡി എം കെ തുടങ്ങിയ കക്ഷികളാണ് ബില്ലിനെ എതിര്‍ത്തത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് വിരുദ്ധവും മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നതുമായ ഈ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനക്കും ശവക്കുഴി തീര്‍ക്കുന്ന നീക്കമാണ്.

ഈ കിരാതമായ നീക്കം ഗോള്‍വാള്‍ക്കറിസത്തിന്റെ പ്രയോഗവത്കരണമാണ്. ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രത്തില്‍ ത്രൈവര്‍ണികര്‍ക്ക് താഴെ ശൂദ്രരും ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും പൗരത്വമില്ലാത്തവരോ രണ്ടാം തരം പൗരന്മാരോ ആയി കഴിഞ്ഞുകൊള്ളണമെന്നാണല്ലോ അനുശാസിക്കുന്നത്. ഹിറ്റ്ലറുടെ വംശാഭിമാനത്തില്‍ നിന്ന് ആവേശം കൊണ്ട് ഡോ. മുംഞെ്ജയും ഹെഡ്ഗേവാറും രൂപം കൊടുത്ത സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. ദേശീയ പ്രസ്ഥാനത്തെ മതപരമായ ഭിന്നതകള്‍ പടര്‍ത്തി ശിഥിലമാക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് വിഭാഗം ആര്‍ എസ് എസ് രൂപവത്കരിക്കുന്നതിന് എല്ലാ സഹായവും ചെയ്തുകൊടുത്തത്. സംഘം മുസ്്‌ലിം വിരുദ്ധവും ദളിത് വിരുദ്ധവുമായ ചിത്പവന്‍ ബ്രാഹ്‌മണരുടെ രാഷ്ട്രീയാഭിലാഷങ്ങളുടെ നിര്‍വഹണോപാധിയായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ആര്‍ എസ് എസിന്റെ ഔദ്യോഗിക ചരിത്രകാരനായ ബി പി ദിഷികാര്‍ സംഘത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ച ഹെഡ്ഗേവാറുടെ മനോഭാവമെന്തായിരുന്നുവെന്ന് മറയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്; നിസ്സഹകരണ പ്രസ്ഥാനമാകുന്ന പാല്‍ കുടിച്ചു വളര്‍ന്ന യവന സര്‍പ്പങ്ങളെ, അവരുടെ വിഷലിപ്തമായ ശബ്ദംകൊണ്ട് രാജ്യത്ത് ലഹളകള്‍ സൃഷ്ടിക്കുന്നതിനെ എതിര്‍ക്കാനായിരുന്നു സംഘം ജന്മമെടുത്തത്. ആരാണ് ഹെഡ്ഗേവാര്‍ പറയുന്ന ഈ യവന സര്‍പ്പങ്ങള്‍? ഇന്ത്യയിലെ മുസ്്‌ലിം സഹോദരങ്ങള്‍, അവരെ എതിര്‍ക്കാനും ഇല്ലാതാക്കാനുമാണ് ഈ സംഘം ജന്മകാലം മുതല്‍ പരിശ്രമിച്ചിട്ടുള്ളത്. അതവരുടെ പ്രഖ്യാപിത നിലപാടുമാണ്.

1939-ല്‍ പ്രസിദ്ധീകരിച്ച ഗോള്‍വാള്‍ക്കറുടെ ‘നമ്മള്‍ അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകം ഹിറ്റ്ലറുടെ നാസി സിദ്ധാന്തങ്ങളെയാണ് മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നത്. ആര്യ വംശാഭിമാനത്തിന്റേതായ വംശശുദ്ധി സിദ്ധാന്തമാണ് നാസികളെപ്പോലെ ആര്‍ എസ് എസും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും മതനിരപേക്ഷതയെയുമെല്ലാം വിദേശസിദ്ധാന്തങ്ങളായി കാണുന്ന ഗോള്‍വാള്‍ക്കര്‍ക്ക് ഇന്ത്യക്കേറ്റവും ഉചിതമായ ആദര്‍ശം ഹിറ്റ്ലറുടെ നാസിസമാണെന്ന് പറയാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.

സെമറ്റിക് മതങ്ങളെ ഉന്മൂലനം ചെയ്ത ജര്‍മന്‍കാരില്‍ നിന്ന് ഇന്ത്യക്കാര്‍ പഠിക്കണമെന്നും അതേമാര്‍ഗം അവലംബിക്കണമെന്നുമാണ് ഗോള്‍വാള്‍ക്കര്‍ ഉപദേശിക്കുന്നത്. അഹിന്ദുക്കള്‍ ഹിന്ദുമതവും സംസ്‌കാരവും അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം ഹിന്ദുക്കള്‍ക്ക് സമമായ പൗരത്വം ആഗ്രഹിക്കരുതെന്നും ഗോള്‍വാള്‍ക്കര്‍ പറയുന്നു. ഹിന്ദുത്വത്തിന് കീഴടങ്ങി രണ്ടാം പൗരന്മാരായി ഭാരതത്തില്‍ കഴിഞ്ഞുകൂടണമെന്നാണ് അപരമതസ്ഥരോടുള്ള ഗോള്‍വാള്‍ക്കറുടെ ധിക്കാരപൂര്‍വമായ ഉപദേശം. അഹിന്ദുക്കള്‍ യാതൊരുവിധ പൗരാവകാശങ്ങളും മനുഷ്യോചിതമായ പരിഗണനകളും അവകാശപ്പെടാനോ ആഗ്രഹിക്കാനോ പാടില്ലെന്ന് അസന്നിഗ്ധമായ ഭാഷയില്‍ ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കുന്നു. ജര്‍മന്‍ മാതൃകയെ പകര്‍ത്തുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ ക്രൂരമായ പ്രയോഗവത്കരണമാണ് പൗരത്വ നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ജനതക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്ന് മതപീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്്‌ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം ഉറപ്പുനല്‍കുന്ന താണ് ബില്ലിലെ അത്യന്തം വിവേചനപരമായ വ്യവസ്ഥ. വര്‍ഗീയലക്ഷ്യത്തോടെ പൗരത്വം നിര്‍ണയിക്കുന്ന ഈ നീക്കം ഭരണഘടനാ വിരുദ്ധമാണ്. ഈ നിയമം നിലനില്‍ക്കില്ലെന്ന് പല നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. നാടിനെ വര്‍ഗീയവത്കരിച്ചും വൈകാരിക വിക്ഷോഭങ്ങള്‍ സൃഷ്ടിച്ചും സാമ്പത്തിക പ്രതിസന്ധി യടക്കമുള്ള വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ച് വിടുകയാണ് മോദിയും കൂട്ടരും. വര്‍ഗീയധ്രുവീകരണം തീവ്രമാക്കുകയാണ് ബി ജെ പിയുടെ അജന്‍ഡ.

ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത്, 2016-ല്‍ അവതരിപ്പിച്ച ബില്‍ 2019 ഫെബ്രുവരിയില്‍ ലോക്സഭ പാസ്സാക്കിയതാണ്. രാജ്യസഭ ബില്‍ പരിഗണിക്കും മുമ്പ് ലോക്സഭയുടെ കാലാവധി കഴിഞ്ഞു. 2016-ലെ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കിയിരുന്നു.

തുല്യതയെയും മതനിരപേക്ഷമൂല്യങ്ങളെയും നിരാകരിക്കുന്ന ഈ നിയമത്തെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. ഒന്നാം മോദി സര്‍ക്കാര്‍ പൗരത്വനിയമ ഭേദഗതിബില്‍ കൊണ്ടുവന്നപ്പോള്‍ ശക്തമായ എതിര്‍പ്പ് എന്‍ ഡി എ ഘടകകക്ഷികളില്‍ നിന്നുതന്നെ നേരിട്ടതാണ്. 2016-ല്‍ തന്നെ 1985-ലെ അസം കരാര്‍ ലംഘനമാണ് ഈയൊരു ബില്ലെന്ന വിമര്‍ശമുന്നയിച്ചാണ് അസംഗണസംഗ്രാം പരിഷത്ത് ബി ജെ പിയുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ചത്. അന്ന് കോണ്‍ഗ്രസ്സും ബില്ലിനെ എതിര്‍ത്തു. മേഘാലയ, മിസോറം സര്‍ക്കാറുകള്‍ ബില്ലിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തു.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിയ(മുസ്്‌ലിംള്‍ ഒഴികെയുള്ള) വര്‍ക്ക് ഇന്ത്യന്‍പൗരത്വം അനുവദിക്കുന്ന വ്യവസ്ഥയാണ് ഇപ്പോള്‍ ഭേദഗതിവഴി നിയമമായിത്തീര്‍ന്നിരിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച് ഇന്ത്യയില്‍ 11 വര്‍ഷം സ്ഥിരതാമസമാക്കിയവരാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹര്‍. എന്നാല്‍, ഭേദഗതി പ്രകാരം മുസ്്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് ആറ് വര്‍ഷ കാലയളവ് മതി. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്ന് വിസ്മരിച്ചുകൊണ്ടാണ് പൗരത്വം പോലുള്ള വിഷയങ്ങളില്‍ നാം നേരത്തേ സ്വീകരിച്ചിരുന്ന എല്ലാ മൂല്യങ്ങളും ബി ജെ പി സര്‍ക്കാര്‍ കാറ്റില്‍പ്പറത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ബില്‍ ഭരണഘടനയുടെ ചട്ടക്കൂടിന് എതിരാണ്. പാര്‍ലിമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. രാജ്യത്തെ മുസ്്‌ലിംകളും മുസ്്‌ലിം ഇതരരുമായി വേര്‍ത്തിരിക്കുന്നതാണ്. കുടിയേറ്റക്കാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതും വര്‍ഗീയ ചേരിതിരിവ് രൂക്ഷമാക്കുന്നതും ജനങ്ങളിലൊരുഭാഗത്തെ അഭയാര്‍ഥികളായി തീര്‍ക്കുന്നതാണ്.

ഭരണഘടനാതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട 1955-ലെ ദേശീയപൗരത്വ നിയമത്തിലാണ് പൗരത്വത്തെ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. പൗരത്വനിയമവുമായി ബന്ധപ്പെട്ട ഏത് തീരുമാനമെടുക്കാനും പാര്‍ലിമെന്റിന് അധികാരമുണ്ട്. ഇന്ത്യയില്‍ ജനിച്ചവര്‍, വിദേശ പൗരന്മാരുടെ ഇന്ത്യയില്‍ ജനിച്ച മക്കള്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്ത് ജനിക്കുന്ന മക്കള്‍, ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്യുന്ന വിദേശി, ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്ന ഭാഗങ്ങളിലെ വ്യക്തികള്‍ എന്നിവര്‍ക്ക് പൗരത്വത്തിന് അവകാശമുണ്ട്. 11 വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശ പൗരന്മാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചും നിയമം പരാമര്‍ശിക്കുന്നു. നിയമസാധുതയുള്ള പാസ്പോര്‍ട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെയും പാസ്പോര്‍ട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവര്‍ അനധികൃത കുടിയേറ്റ ക്കാരായിരിക്കും. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും സര്‍ക്കാറിന് അധികാരമുണ്ട്.

ജനങ്ങളെ മുസ്്‌ലിംകളും മുസ്്‌ലിം ഇതരരുമായി വേര്‍ത്തിരിക്കുന്നത് ഭരണഘടനാതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ നഗ്‌നമായ ലംഘനവും ഭരണഘടനയുടെ മതനിരപേക്ഷ തത്ത്വങ്ങളുടെ നിരാകരണവുമാണ് ഈ നിയമം. ഭരണഘടനയിലെ അനുഛേദം 14 പ്രകാരം വിദേശി ആയാലും സ്വദേശി ആയാലും തുല്യതക്കുള്ള അവകാശം ഒരുപോലെയാണ്. ഒരാള്‍ പ്രത്യേക സമുദായത്തില്‍പ്പെട്ട ആള്‍ എന്ന നിലയില്‍ തുല്യതയ്ക്കുള്ള അവകാശം കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. നിയമ നിര്‍മാണങ്ങളില്‍ പക്ഷപാതപരമായ രീതി പാടില്ലെന്നുള്ളത് ഭരണഘടനയുടെ അടിസ്ഥാനതത്വമാണ്.

ലവ് ജിഹാദും മീറ്റ് ജിഹാദും ലാന്‍ഡ് ജിഹാദും ഹിജാബ് വിരുദ്ധ വിദ്വേഷ ക്യാമ്പയിനുകളും ഉയര്‍ത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ് ഹിന്ദുത്വവാദികള്‍. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഭൂരിപക്ഷ മതധ്രുവീകരണമുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാറും ആര്‍ എസ് എസും നടത്തിക്കൊണ്ടിരിക്കുന്നത്. പൗരത്വ പ്രശ്നമുയര്‍ത്തി ഹിന്ദു മുസ്്‌ലിം വിഭജനവും കലാപവും സൃഷ്ടിക്കാനുള്ള ബി ജെ പി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്.

 

Latest