Kerala
സംസ്ഥാനത്ത് ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോതും കുറയുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍
റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി 'ജലമിത്ര' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

റാന്നിയില്‍ 'ജലമിത്ര പദ്ധതി' ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു.
പത്തനംതിട്ട | സമൃദ്ധമായ മഴ ലഭിക്കുന്നതും ജലസ്രോതസ്സുകളാല്‍ സമ്പന്നവുമാണ് കേരളമെങ്കിലും ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോതും കുറയുന്നത് ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ സാഹചര്യത്തില്‍ നമ്മുടെ കിണറുകളില്‍ മലിനമാകാതെ വെള്ളം സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 270 കോടി ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നുണ്ട്. സംസ്ഥാനത്ത് മൂന്നര വര്‍ഷത്തിനുള്ളില്‍ 44 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനായി. 18 വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘ജലമിത്ര’ പദ്ധതി മികച്ച സന്ദേശം നല്‍കുന്നു. ജലം ശ്രദ്ധയോടെ ഉപയോഗിച്ച് ഭാവിയിലേക്കും പ്രയോജനപ്പെടുത്താന്‍ പദ്ധതി സഹായിക്കും. കുഴല്‍ കിണറുകള്‍, ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിങ്, കിണര്‍ സംരക്ഷണ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. റാന്നിയിലെ 12 സ്‌കൂളുകളില്‍ ഹരിത കേരള മിഷന്‍ ജലലാബുകള്‍ ഒരുക്കും. തെളിനീര്‍ചാല്‍, കുളം, തോട് എന്നിവയ്ക്ക് സംരക്ഷണം ഒരുക്കും.
വീടുകളില്‍ മഴവെള്ള സംഭരണികളും കുഴികളും സാധ്യമാക്കി എല്ലാ കുടുംബങ്ങളെയും പദ്ധതിയുടെ ഭാഗമാക്കി മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പദ്ധതിയുടെ ലോഗോ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് ഗോപി, ബാബു കൂടത്തില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന്‍ എല്‍ റഷീദ് പങ്കെടുത്തു.