Connect with us

From the print

അസമില്‍ 18ന് മുകളില്‍ ഉള്ളവര്‍ക്ക് ആധാര്‍ ഇല്ല

പൗരന്മാരുടെ ഐഡന്റിറ്റികളുടെ ആധികാരികത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആധാര്‍ കാര്‍ഡ് വിതരണം നിയന്ത്രിക്കാനുള്ള തീരുമാനമെന്നാണ് ബി ജെ പി സര്‍ക്കാറിന്റെ വാദം.

Published

|

Last Updated

ഗുവാഹത്തി | അസമില്‍ മുതിര്‍ന്നവര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് നല്‍കില്ല. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് തടയുന്നതിനുള്ള മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംസ്ഥാനത്ത് ഇനി ആധാര്‍ കാര്‍ഡുകള്‍ നല്‍കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഒരു മാസത്തെ സമയം മാത്രമേ നല്‍കൂവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍, തേയിലത്തോട്ട മേഖലയിലെ തൊഴിലാളികള്‍, 18 വയസ്സിന് മുകളിലുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നത് തുടരും.

പൗരന്മാരുടെ ഐഡന്റിറ്റികളുടെ ആധികാരികത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആധാര്‍ കാര്‍ഡ് വിതരണം നിയന്ത്രിക്കാനുള്ള തീരുമാനമെന്നാണ് ബി ജെ പി സര്‍ക്കാറിന്റെ വാദം. ഒക്ടോബര്‍ ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷത്തിന് ശേഷം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമേ ആധാര്‍ നല്‍കൂ. ജില്ലാ പോലീസ് , ഫോറിനേഴ്സ് ട്രൈബ്യൂണല്‍ എന്നിവയില്‍ നിന്ന് റിപോര്‍ട്ട് തേടിയ ശേഷം ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് മാത്രമേ ആധാര്‍ അനുവദിക്കാന്‍ അധികാരമുള്ളൂ.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ശര്‍മ പറഞ്ഞു.

 

Latest