Obituary
ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊന്നു
ഭർത്താവ് പോലീസിൽ കീഴടങ്ങി

ഫറോക്ക് | ഫറോക്ക് കോടമ്പുഴ പള്ളിമേത്തലിൽ വീട്ടിനുള്ളിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി മല്ലിക (42) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫറോക്ക് കോടമ്പുഴ പള്ളിമേത്തൽ ചാത്തൻപറമ്പ് ഇയ്യത്ത് കല്ലിന് സമീപം താമസിക്കുന്ന പുള്ളിത്തൊടി ലിജേഷ് (37) നെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു . രാത്രി 8.45ഓടെ ഇവർ ഒരുമിച്ച് താമസിച്ചു വന്ന പള്ളിമേത്തലിലെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം.
കഴുത്തിനും തലയിലും പരുക്കേറ്റ മല്ലികയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനും തുടർ നടപടികൾക്കായും വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കയാണ്. സംശയവും ഭാര്യ ജോലിക്ക് പോകുന്നതിനുള്ള എതിർപ്പുമാണ് കൊലപാതകലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് ഡെപ്പ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു, ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ എ എം സിദ്ദീഖ് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
സ്ഥിരമായി ഇവർ തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി പതിവിലും കൂടുതൽ ശബ്ദമുണ്ടായതായും പിന്നീടാണ് ഞെട്ടിക്കുന്ന കൊലപാതക വാർത്ത അറിയുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ലിജേഷ് ഏഴ് വർഷങ്ങൾക്ക് മുമ്പാണ് പാലക്കാട് ജോലിക്ക് പോയ അവസരത്തിൽ മല്ലികയെ പരിചയപെടുന്നതും കല്യാണം കഴിക്കണമെന്ന ആവശ്യവുമായി എത്തുന്നതും. തുടർന്ന് ലിജേഷിൻ്റെ അമ്മയുടെ നാടായ കോടമ്പുഴ പള്ളി മേത്തലിൽ വീടുവെച്ച് ഒരുമിച്ച് താമസിക്കുകയായിരുന്നു. ആറു വയസ്സുള്ള പെൺകുട്ടിയും മൂന്നര വയസ്സുള്ള ആൺകുട്ടിയും ഇരുവർക്കുമുണ്ട്. ആദ്യത്തെ വിവാഹത്തിൽ മല്ലികക്ക് 18 വയസ്സായ ഒരു മകൻ കൂടിയുണ്ട്.