Kerala
യുദ്ധം ഒരു വ്യക്തിയോടല്ല; പേരെടുത്ത് പറയാൻ ഇപ്പോഴും ഉദ്ദേശിക്കുന്നില്ലെന്നും യുവ നടി
പോരാട്ടം എല്ലാ സ്ത്രീകള്‍ക്കും വേണ്ടി

തിരുവനന്തപുരം | ലൈംഗികാരോപണത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ രാജി വെച്ചതോടെ പ്രതികരണവുമായി ആരോപണമുന്നയിച്ച യുവ നടി. ഒരു വ്യക്തിയെ പേരെടുത്ത് പറയാനോ, ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ താൻ ഇപ്പോഴും ഉദ്ദേശിക്കുന്നില്ലെന്നും തന്റെ യുദ്ധം ഒരു വ്യക്തിയോടല്ലെന്നും റിനി ആന്‍ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുമാണ് ഞാന്‍ സംസാരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് അതത് പാര്‍ട്ടിയാണ്. അതില്‍ തനിക്ക് വ്യക്തി താത്പര്യമില്ലെന്നും റിനി വ്യക്തമാക്കി.
ഏതെങ്കിലും ഒരു പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തിട്ടല്ല ഞാന്‍ മുന്നോട്ട് വന്നത് എന്നതിന്റെ തെളിവാണ് എനിക്ക് ശേഷമുണ്ടായ ആരോപണങ്ങള്‍. എന്നില്‍ വിശ്വസിക്കുന്ന, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്ന സമൂഹമുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. എൻ്റെ പോരാട്ടം എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്. ആരോപണ വിധേയൻ്റെ പേര് ഇപ്പോഴും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം കാലം തെളിയിക്കുമെന്നും റിനി പറഞ്ഞു.
ഇന്നലെയാണ് റിനി ഉന്നത സ്ഥാനം വഹിക്കുന്ന യുവ ജനപ്രതിനിധി അശ്ലീല സന്ദേശമയച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇന്ന് ഉച്ചയോടെ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കുകയായിരുന്നു.