Connect with us

Kerala

ടൈറ്റാനിയം അഴിമതി; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മുന്‍ ജീവനക്കാരന്‍ ജയന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്.

Published

|

Last Updated

കൊച്ചി| ടൈറ്റാനിയം അഴിമതികേസില്‍ സിബിഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവ്. മുന്‍ ജീവനക്കാരന്‍ ജയന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ചാണ് എസ്. ജയന്‍ ഹരജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസില്‍ ആരോപണം നേരിടുന്നത്.കേസ് സിബിഐക്ക് വിടാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും സിബിഐ താല്‍പര്യം കാണിച്ചിരുന്നില്ല.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വികെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരിക്കെയാണ് കേസിന് ആധാരമായ സംഭവങ്ങള്‍. ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി കരാറില്‍ എത്തിയിരുന്നു. 256 കോടിയുടെ ഉപകരണങ്ങള്‍ എത്തിക്കാനായിരുന്നു തീരുമാനം.എന്നാല്‍ പ്ലാന്റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചിട്ടില്ല. ഏകദേശം 86 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.