Connect with us

National

ജമ്മു കശ്മീരില്‍ ജനാധിപത്യവും വികസനവും താഴെത്തട്ടില്‍ എത്തുകയാണെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരില്‍ 20,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മുകാശ്മീരില്‍ ജനാധിപത്യവും വികസനവും താഴെ തട്ടില്‍ എത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ പദ്ധതികളും ഇപ്പോള്‍ താഴ് വരയില്‍ നടപ്പാക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പഞ്ചായത്തീ രാജ് ദിനത്തില്‍ സാംബ ജില്ലയിലെ പല്ലി പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഗ്രാമസഭകളെ അഭിംസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ജമ്മു കശ്മീരില്‍ 20,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതികള്‍ ജമ്മു കശ്മീരിലെ വികസനം ഊര്‍ജിതമാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കശ്മീരില്‍ ഇന്ന് പഞ്ചായത്തീരാജ് ദിനം ആചരിക്കുന്നത് മാറ്റത്തിന്റെ പ്രതീകമാണെന്നും വ്യക്തമാക്കി.

ജനാധിപത്യമായാലും വികസനത്തിനായുള്ള ദൃഢനിശ്ചയമായാലും, ഇന്ന് ജമ്മു കശ്മീര്‍ ഒരു പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 2-3 വര്‍ഷങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ സാധ്യതകള്‍ സൃഷ്ടിക്കപ്പെട്ടു. വര്‍ങ്ങളായി ജമ്മു കശ്മീരില്‍ സംവരണാനുകൂല്യം ലഭിക്കാത്തവര്‍ക്കും ഇപ്പോള്‍ സംവരണം ലഭിക്കുന്നുണ്ട്. ദൂരമോ ഹൃദയങ്ങളോ ഭാഷകളോ ആചാരങ്ങളോ വിഭവങ്ങളോ ആകട്ടെ, അവയുടെ വ്യത്യാസങ്ങളെ ഇല്ലാതാക്കി ഒരുമിക്കുക എന്നതിനാണ് നാം ഇന്ന് പ്രധാന്യം കല്‍പ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ഈ ‘അമൃത കാലം’ ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും – പ്രധാനമന്ത്രി പറഞ്ഞു.

താഴ്വരയിലെ യുവജനങ്ങള്‍ തങ്ങളുടെ മാതാപിതാക്കളടക്കമുള്ള പഴയ തലമുറ നേരിട്ട പ്രശ്നങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഗ്രാമങ്ങള്‍ പ്രകൃതികൃഷിയിലേക്ക് നീങ്ങുകയാണെങ്കില്‍ അത് മുഴുവന്‍ മനുഷ്യരാശിക്കും ഗുണം ചെയ്യും. ഗ്രാമപഞ്ചായത്തുകള്‍ കൂട്ടായ പരിശ്രമത്തിന്റെ സഹായത്തോടെ പോഷകാഹാരക്കുറവ് നേരിടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പ്രദേശങ്ങളെ കൂടുതല്‍ അടുപ്പിക്കുന്ന ബനിഹാല്‍ ഖാസിഗുണ്ട് റോഡ് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി-അമൃത്സര്‍-കത്ര അതിവേഗപ്പാത, രത്ലെ-ക്വാര്‍ ജലവൈദ്യുത പദ്ധതികള്‍ എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. രാജ്യത്തെ ഓരോ ജില്ലകളിലേയും 75 ജല ഉറവിടങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന അമൃത് സരോവര്‍ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സാംബയില്‍ 108 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ക്കൊപ്പം പള്ളി ഗ്രാമത്തില്‍ അഞ്ഞൂറ് കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതിയുടെയും 540 മെഗാവാട്ടിന്റെ ക്വാര്‍ ജലവൈദ്യുത പദ്ധതിയുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Latest