Connect with us

International

എയർ ഇന്ത്യ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഏകയാൾ; ബാക്കിയായത് ജീവൻ മാത്രം; ഉള്ളം നീറി രമേശ്

അപകടത്തിന് ശേഷം ഇന്ത്യയിലെ പ്രാഥമിക ചികിത്സ പൂർത്തിയാക്കി ബ്രിട്ടനിലെത്തിയ രമേശ് ഞെട്ടലിൽ നിന്ന് ഇനിയും മുക്തനായിട്ടില്ല. ഉറക്കത്തിലും ഉണർച്ചയിലും ആ മഹാദുരന്തം രമേശിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

Published

|

Last Updated

അഹമ്മദാബാദ് | ലണ്ടനിലേക്ക് പറക്കേണ്ടിയിരുന്ന എ ഐ 171 വിമാനം അഹമ്മദാബാദിലെ ഒരു മെഡിക്കൽ ഹോസ്റ്റലിന് മുകളിൽ തകർന്നുവീണപ്പോൾ, കത്തിയാളുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നുനീങ്ങിയ ഒരാളുണ്ടായിരുന്നു – പേര് രമേശ്. ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേഒരാൾ. അന്ന് ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുവെങ്കിലും ഇന്ന് ഉള്ള് നീറി കഴിയുകയാണ് ഈ യുവാവ്.  ദുരന്തത്തിൽപെട്ട വിമാനത്തിൽ തന്നോടൊപ്പം യാത്ര ചെയ്തിരുന്ന അനുജൻ നഷ്ടപ്പെട്ടതിന്റെ വേദനയും ഇദ്ദേഹത്തെ വല്ലാതെ തളർത്തിയിട്ടുണ്ട്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് രമേശ് തന്റെ വേദനകൾ പങ്കുവെച്ചത്.

“ഞാൻ മാത്രമാണ് രക്ഷപ്പെട്ടയാൾ. ഇപ്പോഴും എനിക്കത് വിശ്വസിക്കാനായിട്ടില്ല. അതൊരു അത്ഭുതമാണ്” കണ്ണീരണിഞ്ഞുകൊണ്ട് രമേശ് പറഞ്ഞു.

“എന്റെ അനിയനെയും എനിക്ക് നഷ്ടമായി. എന്റെ നട്ടെല്ലായിരുന്നു അവൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ എപ്പോഴും എന്നെ പിന്തുണച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. ഞാൻ മുറിയിൽ തനിച്ചിരിക്കും, ഭാര്യയോടോ മകനോടോ സംസാരിക്കില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കാനാണ് എനിക്കിഷ്ടം” അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷപ്പെട്ട ശേഷം ഇന്ത്യയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രമേശിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി ടി എസ്‌.ഡി.) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ലെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം ചികിത്സ തേടിയിട്ടില്ല.

ദുരന്തം സംഭവിച്ചതിന് ശേഷം ശാരീരികമായും മാനസികമായും തനിക്കും കുടുംബത്തിനും കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണെന്ന് രമേശ് പറയുന്നു. കഴിഞ്ഞ നാല് മാസമായി അമ്മ വാതിൽക്കൽ ഒന്നും സംസാരിക്കാതെ ഇരിക്കുകയാണ്. ഞാനും മറ്റാരുമായി സംസാരിക്കുന്നില്ല. എനിക്ക് മറ്റാരുമായും സംസാരിക്കുന്നത് ഇഷ്ടമല്ല. എനിക്ക് കൂടുതൽ സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ രാത്രി മുഴുവൻ ആലോചിച്ചിരിക്കുകയാണ്, മാനസികമായി വിഷമിക്കുന്നു. ഓരോ ദിവസവും കുടുംബത്തിന് മുഴുവൻ വേദനയാണ് – കണ്ഠമിടറി അദ്ദേഹം പറഞ്ഞു.

ദുരന്തത്തിൽ താൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. 11A സീറ്റിലിരുന്ന രമേശ് വിമാനത്തിന്റെ ചിറകിനോട് ചേർന്നുള്ള ഭാഗത്തെ ഒരു വിടവിലൂടെയാണ് രക്ഷപ്പെട്ടത്. കാല്, തോളെല്ല്, കാൽമുട്ട്, പുറം എന്നിവിടങ്ങളിലെ വേദന കാരണം അദ്ദേഹത്തിന് ജോലി ചെയ്യാനോ വാഹനമോടിക്കാനോ കഴിയുന്നില്ല. നടക്കുമ്പോൾ ശരിയായി നടക്കാൻ കഴിയുന്നില്ല, പതുക്കെ നടക്കുമ്പോൾ ഭാര്യയാണ് സഹായിക്കുന്നതെന്നും രമേശ് കൂട്ടിച്ചേർത്തു.

രമേശിന് ആവശ്യമായ തുടർ സഹായം ലഭിക്കാത്തതിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കമ്മ്യൂണിറ്റി നേതാവ് സഞ്ജീവ് പട്ടേലും വക്താവ് റാഡ് സീഗറും ആശങ്ക പ്രകടിപ്പിച്ചു. അവർ മാനസികമായും ശാരീരികമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലാണ്. അത് അദ്ദേഹത്തിന്റെ കുടുംബത്തെ തളർത്തി. ഈ ദുരന്തത്തിന് ഏറ്റവും ഉയർന്ന തലത്തിൽ ഉത്തരവാദികളായവർ നേരിട്ട് ഇരകളെ കണ്ട് അവരുടെ ആവശ്യങ്ങൾ കേൾക്കണമെന്നും പട്ടേൽ ആവശ്യപ്പെട്ടു.

അനുജനുമായി ചേർന്ന് ദിയുവിൽ കുടുംബ ബിസിനസ്സായി നടത്തിയിരുന്ന മീൻപിടിത്ത സ്ഥാപനം അപകടശേഷം തകർന്നതായി രമേശിന്റെ സുഹൃത്തുക്കൾ അറിയിച്ചു. ഈ അവസ്ഥയിലൂടെ രമേശിനെ കടത്തിവിടേണ്ടി വന്നത് ഭയങ്കരമാണ്. എയർ ഇന്ത്യയുടെ എക്സിക്യൂട്ടീവുകളാണ് ഇവിടെയിരുന്ന് കാര്യങ്ങൾ നേരെയാക്കാൻ ശ്രമിക്കേണ്ടിയിരുന്നത്. അവർ അത് ചെയ്യുന്നില്ലെന്നും റാഡ് സീഗർ പറഞ്ഞു. .

അതേസമയം, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, തങ്ങളുടെ മുതിർന്ന നേതാക്കൾ അനുശോചനം അറിയിക്കാൻ കുടുംബങ്ങളെ സന്ദർശിക്കുന്നത് തുടരുന്നുണ്ടെന്ന് വ്യക്തമാക്കി. രമേശിന്റെ പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയിട്ടുണ്ടെന്നും, രമേശ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിന് മുമ്പാണ് ഈ വാഗ്ദാനം നൽകിയതെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ രമേശിന് 21,500 പൗണ്ട് (ഏകദേശം 25.09 ലക്ഷം രൂപ) ഇടക്കാല നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. രമേശ് ഇത് സ്വീകരിച്ചെങ്കിലും, അദ്ദേഹത്തിന്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഈ തുക മതിയാകില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

Latest