Malappuram
മുഹമ്മദീയ മാര്‍ഗം മനുഷ്യനെ നിര്‍മ്മിക്കുന്നു: ശൈഖ് ഉസാമ
മഅദിന്‍ മീലാദ് ടോക്ക് പ്രൗഢമായി
മലപ്പുറം | മുഹമ്മദ് നബിയുടെ മാര്‍ഗദര്‍ശനങ്ങള്‍ പിന്‍പറ്റുക വഴി നന്മയുള്ള മനുഷ്യനെ നിര്‍മ്മിക്കാനാകുമെന്നും ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബിയെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് ഉസാമ അസ്സയ്യിദ് അല്‍ അസ്ഹരി പറഞ്ഞു. മഅദിന്‍ അക്കാദമി സ്വലാത്ത് നഗര്‍ സംഘടിപ്പിച്ച മീലാദ് ടോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുനബിയുടെ മാസം ആഗതമായാല്‍ ആഗോളതലത്തില്‍ നബികീര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കേരളീയ മുസ്‌ലിംകളുടെ മീലാദാഘോഷ പരിപാടികള്‍ മാതൃകാപരമാണ്. എല്ലാ ജീവജാലങ്ങളോടും കരുണകാണിച്ച തുല്യതയില്ലാത്ത മാതൃകയാണ് പ്രവാചകരുടെ ജീവിതമെന്നും വിദ്വേഷവും വെറുപ്പും നിഷ്‌കാസനം ചെയ്യാനും എല്ലാ മതക്കാരെയും സ്‌നേഹിക്കാനും ആദരിക്കാനും പഠിപ്പിച്ച നേതാവായിരുന്നു അവിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹിം ബാഖവി മേല്‍മുറി, തറയിട്ടാല്‍ ഹസന്‍ സഖാഫി, അബ്ദുള്ള സഖാഫി മലയമ്മ, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, അബ്ദുല്‍ ജലീല്‍ അസ്ഹരി, ജുനൈദ് അദനി അങ്ങാടിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.




