Prathivaram
കവിതയിലെ സമരോത്സുകത
പൗരത്വഭേദഗതി നിയമത്തെ ശക്തമായി വിമർശിക്കുന്ന ഈ എഴുത്തുകാരൻ അത്തരം നിയമങ്ങൾ അസാം പോലുള്ള സംസ്ഥാനങ്ങളുടെ തനത് സംസ്കൃതിയേയും സ്വത്വബോധത്തേയും ഗുരുതരമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നു.

സമകാലിക അസാമീസ് കവിതക്ക് ആധുനികതയുടെ ഉൾക്കരുത്ത് നൽകിയവരിൽ പ്രധാനിയാണ് നീൽമണി ഫൂക്കൻ (Neelmani Phookan). കവിയും ഗദ്യകാരനും കലാനിരൂപകനുമായ ഈ എഴുത്തുകാരൻ അസാമിലെ സിംബോളിസ്റ്റ് കാവ്യധാരയുടെ ശക്തനായ വക്താവായാണ് അറിയപ്പെടുന്നത്. ആസാമീസ് സാഹിത്യത്തിനു നൽകിയ നിസ്തുല സംഭാവനകളെ മുൻനിർത്തി 2020ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തപ്പോൾ ആഹ്ലാദത്തോടൊപ്പം വൈകിയെത്തിയ അംഗീകാരമെന്ന പരിഭവംകൂടി സഹൃദയലോകത്ത് പങ്കുവെക്കുകയുണ്ടായി. ഭീരേന്ദ്രകുമാർ ഭട്ടാചാര്യക്കും ഇന്ദിരാ ഗോസ്വാമിക്കും ശേഷം ജ്ഞാനപീഠം ലഭിക്കുന്ന മൂന്നാമത്തെ അസാമീസ് സാഹിത്യകാരനാണ് എൺപത്തിയൊൻപതുകാരനായ നീൽമണി ഫൂക്കൻ.
ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ കവിതകളെഴുതിക്കൊണ്ടാണ് നീൽമണി ഫൂക്കന്റെ എഴുത്തുജീവിതം ആരംഭിക്കുന്നത്. ഫ്രഞ്ച് സിംബോളിസ്റ്റ് കവിതകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അദ്ദേഹം അവയെ തന്റെ നാടിന്റെ നൈസർഗികവും വന്യവുമായ കവനരീതികളുമായി സംയോജിപ്പിച്ചപ്പോൾ അസാമീസ് കവിത പുതിയൊരു ഭാവുകത്വത്തിന്റെ അനുഭൂതി നുകരുകയായിരുന്നു. അസാമിന്റെ പ്രകൃതിഭംഗിയും ഗ്രാമീണതയും നിറഞ്ഞു നിൽക്കുന്നതാണ് ഫൂക്കന്റെ ഓരോ കവിതയും. അതോടൊപ്പം നാടോടിവിജ്ഞാനീയത്തിന്റെയും ഗോത്രകലകളുടെയും പരമ്പരാഗത നാട്ടുഭാഷകളുടെയും തനതുസൗന്ദര്യവും അവ പ്രസരിപ്പിക്കുന്നു. ഒരഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്.
“അസാമിന്റെ പ്രകൃതിസൗന്ദര്യം വെളിപ്പെടുന്ന സൗമ്യവും സമൃദ്ധവുമായ പച്ചപ്പരപ്പിലല്ല ഞാൻ ജനിച്ചിരുന്നതെങ്കിൽ, അവിടുത്തെ ആചാരങ്ങളും നാടോടി പാരമ്പര്യങ്ങളും പാട്ടും നൃത്തവും ജീവസ്സുറ്റ നാട്ടുഭാഷയും ചേർന്നലിഞ്ഞനാട്ടിൻപുറങ്ങളിലെ ഗോത്രജീവിതപരിസരങ്ങളിലല്ല ഞാനെന്റെ ബാല്യകൗമാരങ്ങൾ ചെലവഴിച്ചിരുന്നതെങ്കിൽ, ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും സ്വദേശികളും വിദേശികളുമായ നിരവധി കവികളുടെ സ്നേഹവാത്സല്യങ്ങളിൽ സ്വയം പാകപ്പെട്ടില്ലായിരുന്നെങ്കിൽ ഞാനൊരിക്കലും കവിയാകുമായിരുന്നില്ല.’
1933 സെപ്തംബർ പത്തിന് അസാമിലെ ദർഗാവോൺ എന്ന ചെറുപട്ടണത്തിൽ കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് നീൽമണി ഫൂക്കൻ ജനിച്ചത്. നാടിന്റെ വന്യമായ പ്രകൃതിയുടെ വിലോഭനീയതയിൽ ചെറുപ്പം മുതലേ ആകൃഷ്ടനായിരുന്ന ഫൂക്കന്റെ മനസ്സിൽ അക്ഷരങ്ങളോടുള്ള തീവ്രമായ ആഭിമുഖ്യവും നിറഞ്ഞുനിന്നിരുന്നു. 1961ൽ ഗുവാഹത്തി സർവകലാശാലയിൽനിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ഹൈസ്കൂൾ അധ്യാപകനായി കുറച്ചുകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് ഗുവാഹത്തിയിലെ ആര്യ കോളജിൽ അധ്യാപകനായി. 1992 ൽ വിരമിച്ചതിനെത്തുടർന്ന് പ്രശസ്തമായ “സാൻഗ്യ’ എന്ന ത്രൈമാസികയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ ഫൂക്കനെ 1990 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. അസാം സാഹിത്യസഭയുടെ പ്രശസ്തമായ “സാഹിത്യാചാര്യ’ പട്ടവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. Kobita (Poems), Nrithyarata prithivi (Dancing Earth), Phuli Thoka Suryamukhi Philur Phale (To a Sunflower in Bloom), Golapi Jamur (The Raspberry Moment) എന്നിവയുൾപ്പെടെ പതിമൂന്ന് കാവ്യ സമാഹാരങ്ങളും നാല് ലേഖനസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ അസംഖ്യം അപ്രകാശിത രചനകൾ വേറെയും. നല്ലൊരു വിവർത്തകൻ കൂടിയായ ഫൂക്കൻ ചൈനീസ്, ജാപ്പനീസ് ഉൾപ്പെടെ നിരവധി വിദേശ കവിതകൾ അസാമീസ് ഭാഷയിലേക്ക് തർജമ ചെയ്തിട്ടുണ്ട്.
കവിതയെ മാനവരാശിയുടെ ആത്യന്തിക ഭാഷയായി വിശേഷിപ്പിക്കുന്ന നീൽമണി ഫൂക്കൻ തന്റെ രചനകളിൽ നാടിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആധുനികതയുടെ ജീവിതമുദ്രകളുമായി ഇഴചേർക്കുന്നു. അതോടൊപ്പം ഉയർന്ന പുരോഗമന ചിന്തയും സാമൂഹിക ബോധവും അവ ശക്തമായി പ്രതിഫലിപ്പിക്കുന്നുമുണ്ട്. പൗരത്വഭേദഗതി നിയമത്തെ ശക്തമായി വിമർശിക്കുന്ന ഈ എഴുത്തുകാരൻ അത്തരം നിയമങ്ങൾ അസാം പോലെയുള്ള സംസ്ഥാനങ്ങളുടെ തനത് സംസ്കൃതിയേയും സ്വത്വബോധത്തേയും ഗുരുതരമായി ബാധിക്കുമെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു.
പ്രകൃതിസ്നേഹവും സാമൂഹികബോധവും ശക്തമായി പ്രസരിപ്പിക്കുന്നവയാണ് നീൽമണി ഫൂക്കന്റെ കവിതകൾ. അവ കവിയുടെ ആന്തരിക ചോദനകളെ പ്രകാശിപ്പിക്കുന്നതോടൊപ്പം സാമൂഹിക വിഷയങ്ങളോട് ശക്തമായി സംവദിക്കുകയും ചെയ്യുന്നു. അസാമിന്റെ വർത്തമാനകാല സമസ്യകളെയും വരുംകാല ആകുലതകളെയും പ്രതിഫലിപ്പിക്കുന്ന ദർപ്പണങ്ങൾ എന്ന് അവയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.