Kozhikode
മർകസ് പ്രതിനിധി സംഘം തിരിച്ചെത്തി
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ മർകസിന് കീഴിലുള്ള 'തൈബ ഗാർഡൻ' കേന്ദ്രമായി പ്രവർത്തിക്കുന്ന 21 സ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തി.
തിരിച്ചെത്തിയ പ്രതിനിധി സംഘം കാന്തപുരം ഉസ്താദുമായി സംവദിക്കുന്നു
കോഴിക്കോട്| മർകസിന് കീഴിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര പോയിരുന്ന മർകസ് പ്രതിനിധി സംഘം തിരിച്ചെത്തി. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ മർകസിന് കീഴിലുള്ള ‘തൈബ ഗാർഡൻ’ കേന്ദ്രമായി പ്രവർത്തിക്കുന്ന 21 സ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തി. ഈ മേഖലകളിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ആയിരത്തോളം മദ്രസകളുടെ പ്രവർത്തനരീതികൾ നേരിട്ട് കണ്ടു.
യാത്രയുടെ ഭാഗമായി സംഘം ഒഡീഷയിലെ കട്ടക്ക്, ഭുവനേശ്വർ, മയൂർഭഞ്ച്, പശ്ചിമ ബംഗാളിലെ ദിഗ, ആന്റില, മാലിക്ക് പൂർ, കൊൽക്കത്ത, മുർഷിദാബാദ്, ഷാംസി, മാജിഗണ്ഡ എന്നിവിടങ്ങളിലും ജാർഖണ്ഡ്, ബീഹാർ, നേപ്പാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മർകസ് സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.





