Connect with us

Travelogue

അണയാതെ പകരുന്ന ആ വിളക്കുവെളിച്ചം

ഞങ്ങൾ ശൈഖ് മഅറൂഫുൽ കർഖിയുടെ സന്നിധിയിലെത്തി. നിരത്തുവക്കിനോട് ചേർന്ന് ദൃശ്യഭംഗി പകരുന്ന കവാടം. അതുകഴിഞ്ഞ് കുറച്ച് പടികൾ. പ്രവിശാലമായ ഖബർസ്ഥാന്റെ മധ്യത്തിൽ അംബരചുംബിയായി മഖ്ബറയും പള്ളിയും. പ്രത്യേക രൂപകൽപ്പനയാണ്. ആകാശത്തേക്ക് നോക്കുന്ന രണ്ട് കണ്ണുകൾ പോലുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ അകലേക്ക് കാണാം. അകലെ നിന്ന് നോക്കിയാൽ ഇങ്ങോട്ടും.

Published

|

Last Updated

വീണ്ടും ഞങ്ങൾ നഗരത്തിരക്കുകളിലേക്ക് പ്രവേശിക്കുകയാണ്. നട്ടുച്ചയാണ്. ചൂടും തണുപ്പും സമാസമം ചേർന്ന അന്തരീക്ഷം. ഇവിടെ നിന്നും ഏതാനും കിലോ മീറ്റർ മാത്രമാണ് അടുത്ത ലക്ഷ്യസ്ഥാനമായ ശൈഖ് മഅറൂഫുൽ കർഖി(റ)ന്റെ സ്മാരകത്തിലേക്കുള്ളത്. രാവിലെത്തെത് പോലെ തന്ത്രപ്രധാനമായ കാര്യാലയങ്ങൾ മിന്നിമറയുന്നു. മന്ത്രാലയങ്ങളും ഉന്നത ഓഫീസുകളും. നിരത്തിൽ പരന്നൊഴുകുന്ന വാഹനങ്ങൾ.

ഞങ്ങൾ ശൈഖ് മഅറൂഫുൽ കർഖിയുടെ സന്നിധിയിലെത്തി. നിരത്തുവക്കിനോട് ചേർന്ന് ദൃശ്യഭംഗി പകരുന്ന കവാടം. അതുകഴിഞ്ഞ് കുറച്ച് പടികൾ. പ്രവിശാലമായ ഖബർസ്ഥാന്റെ മധ്യത്തിൽ അംബരചുംബിയായി മഖ്ബറയും പള്ളിയും. പ്രത്യേക രൂപകൽപ്പനയാണ്. ആകാശത്തേക്ക് നോക്കുന്ന രണ്ട് കണ്ണുകൾ പോലുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ അകലേക്ക് കാണാം. അകലെ നിന്ന് നോക്കിയാൽ ഇങ്ങോട്ടും. അതിനിടെ അറിയാതെ കണ്ണുകൾ പോയത് ചുറ്റുമുള്ള ഖബർസ്ഥാനിലേക്കാണ്. കഴിഞ്ഞ പ്രാവശ്യം അതിനകത്ത് ടെന്റ്കെട്ടി താമസിക്കുന്ന കുടുംബങ്ങളെ കണ്ടിരുന്നു. കാലപ്രവാഹത്തിനിടയിൽ അഭയാർഥിപ്പട്ടം അണിയേണ്ടി വന്ന പട്ടിണിപ്പാവങ്ങൾ. കാര്യമായി ആരെയും കണ്ടില്ല. അവരെല്ലാം പുനരധിവസിക്കപ്പെട്ടിരിക്കാമെന്ന തോന്നൽ മനസ്സിൽ സന്തോഷം പടർത്തി.

അകത്ത് നല്ല സൗകര്യമുണ്ട്. മച്ചും മിഹ്റാബും അലംകൃതമാണ്. ഒട്ടോമൻ നിർമാണ കലയുടെ ചാരുതയുള്ള കൈക്രിയകൾ. മഖ്ബറയിലും സമാനമായ കാഴ്ച. ആയിരക്കണക്കിന് കെട്ടിപ്പൊക്കിയ ഖബറുകൾക്കിടയിൽ, മറ്റൊന്നിനും കാര്യമായ കേടുപാടുകൾ ഇല്ലാതെയാണ് സൂഫീ പരമ്പരയിലെ ആദ്യകാല മാർഗദർശിയുടെ ഓർമകൾ നിലനിർത്താൻ അനുയോജ്യമായ ഒരിടം പണിതിട്ടുള്ളത്. രാജ ശിരസ്സിലെ കിരീടം പോലെ ഇതര നിർമിതികൾക്കിടയിൽ അത് തലയുയർത്തി നിൽക്കുന്നു.
ഇസ്‌ലാമിലെ മിക്ക ആത്മീയ സരണികളിലെയും പ്രധാന കണ്ണിയാണ് മഅറൂഫുൽ കർഖി(റ).
രണ്ട് രൂപത്തിലാണ് അദ്ദേഹത്തിലൂടെയുള്ള പരമ്പര തിരുനബി(സ)യിൽ സംഗമിക്കുന്നത്. ദാവൂദുത്വാഇ, ഹബീബുൽ അജമി, ഹസൻ ബസ്വരി, ഇമാം അലി(റ) എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ഇമാം അലിയ്യുരിളാ, ഇമാം മൂസൽ കാള്വിം, ഇമാം ജഅഫർ സ്വാദിഖ്, ഇമാം മുഹമ്മദ് ബാഖിർ, ഇമാം സൈനുൽ ആബിദീൻ, ഇമാം ഹുസൈൻ, ഇമാം അലി(റ) എന്നിവർ മുഖേനയും. ശൈഖ് സിരിയ്യുസിഖ്തി, ശൈഖ് ജുനൈദുൽ ബഗ്ദാദി തുടങ്ങിയ സൂഫീവര്യന്മാരിലൂടെ ശൈഖ് ജീലാനി തങ്ങളിലേക്കും തുടർന്ന് ലോകത്തിന്റെ ഭിന്ന ദേശങ്ങളിലുള്ള മുൻഗാമികളും സമകാലികരുമായ ആത്മീയ നായകരിലേക്കും ആ വിളക്കുവെളിച്ചം അണയാതെ പകർന്നുകൊണ്ടിരിക്കുന്നു.

ഭക്തിയും പരിത്യാഗവുമാണ് ശൈഖ് കർഖിയുടെ മുഖമുദ്ര. അദ്ദേഹത്തിന്റെ ഖബറിടത്തിലെ പ്രാർഥന ആഗ്രഹ സഫലീകരണത്തിന് നിദാനമാണെന്ന് പൂർവ കാലം മുതൽ ബഗ്ദാദ് സ്വദേശികൾ വിശ്വസിച്ചിരുന്നുവെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സിരിയ്യുസിഖ്തി പറയാറുള്ള ഒരു വാക്കുണ്ട്. “പ്രയാസം അഭിമുഖീകരിക്കുന്ന സമയത്ത് നിങ്ങൾ മഅറൂഫുൽ കർഖിയെ മധ്യവർത്തിയാക്കി തേടിയാൽ അല്ലാഹു എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തരും’.
ബഗ്ദാദിനടുത്തുള്ള കർഖിലാണ് ജനനം. പൂർണനാമം അബൂ മഹ്ഫൂള് മഅ്റൂഫു ബ്നു ഫൈറൂസ് അൽ കർഖി. ക്രിസ്ത്യാനികളായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലത്ത് അവർ പുത്രനെ ക്രിസ്തു മത ദർശനങ്ങൾ പഠിപ്പിക്കാൻ ഒരു പുരോഹിതനെ ഏൽപ്പിച്ചു. പക്ഷേ, ത്രിയേകത്വം ഉൾപ്പെടെ അയാൾ പഠിപ്പിച്ചതെല്ലാം കുഞ്ഞു കർഖി ചോദ്യം ചെയ്തു. മർദന മുറകൾ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.

അവർ സ്വപുത്രനെ ഗോഡൗണിൽ അടച്ചുപൂട്ടി. ഒരു കഷ്ണം റൊട്ടിയും വെള്ളവും മാത്രമാണ് ഭക്ഷണമായി നൽകിയത്. മൂന്ന് നാൾ കഴിഞ്ഞപ്പോൾ മാതാവിന് സങ്കടമായി. കുട്ടിയെ മോചിപ്പിക്കാൻ അവർ ആവശ്യപ്പെട്ടു. ചെന്നു നോക്കുമ്പോൾ നൽകിയ ഭക്ഷണമെല്ലാം കഴിക്കാതെ കിടക്കുന്നു. പിതാവ് ചോദിച്ചു.

“നീ ഒന്നും ഭക്ഷിച്ചിട്ടില്ലല്ലോ. എന്നിട്ടും ക്ഷീണം തീരേ കാണുന്നുമില്ല’. “ഏതൊരു ശക്തിയുടെ കാരണത്താലാണോ നിങ്ങൾ എന്നെ പീഡിപ്പിച്ചത് ആ ശക്തി എനിക്ക് ആവശ്യമായതെല്ലാം നൽകി’. മകന്റെ ഈ പ്രതികരണം കേട്ട് അയാൾ അമ്പരന്നു.

ഒളിച്ചോട്ടം, അതായിരുന്നു പിന്നീട് ശൈഖ് കർഖിയുടെ മുന്നിലുള്ള ഏക മാർഗം. ഇമാം അലിയ്യുബ്നു മുസാറളായുടെ അടുത്തേക്കായിരുന്നു ആ പ്രയാണം. അവിടെ വെച്ച് സത്യവിശ്വാസം പുൽകി അദ്ദേഹത്തിന്റെ ശിഷ്യനായി ശിഷ്ടകാല വിദ്യാഭ്യാസം തുടർന്നു. മകനെ നഷ്ടമായതോടെ മാതാപിതാക്കൾ സങ്കടക്കടലിലായി. എങ്ങനെയെങ്കിലും പൊന്നു മോനെ തിരിച്ചു കിട്ടിയേ മതിയാകൂ. അവർ നാളുകൾ തള്ളിനീക്കി. വർഷങ്ങൾ കഴിഞ്ഞു. വിരഹ നൊമ്പരത്തിൽ തകർന്ന കുടുംബത്തിൽ ഒരുനാൾ സന്തോഷത്തിന്റെ പൂവിരിഞ്ഞു. ആരോ മുട്ടിയത് കേട്ട് കതക് തുറന്നതായിരുന്നു അവർ. അതാ നിൽക്കുന്നു തങ്ങളുടെ പൊന്നുമോൻ. വീട്ടിൽ പ്രതാപം തിരിച്ചു വന്നു. മകന്റെ വിശ്വാസം ചോദിച്ചറിഞ്ഞ് മാതാവും പിതാവും സന്മാർഗം സ്വീകരിച്ചു. ശൈഖ് മഅറൂഫുൽ കർഖി അവർക്ക് സത്യസാക്ഷ്യം ചൊല്ലിക്കൊടുത്തു.