Connect with us

Book Review

കുറ്റാന്വേഷണ സാഹിത്യത്തിലെ രാജമുദ്ര

പോലീസ് നടത്തുന്ന ശാസ്ത്രീയ അന്വേഷണവും കണ്ടെത്തലും ആണ് നോവലിന്റെ ട്വിസ്റ്റ്‌. കുറ്റാന്വേഷണത്തിന് എത്രമാത്രം സൂക്ഷ്മത ആവശ്യമുണ്ടോ അതിലേറെ ജാഗ്രതയും തയ്യാറെടുപ്പും കൾച്ചറൽ സ്റ്റഡിയും ക്രൈം നോവലുകൾക്കും വേണമെന്ന് രാജമുദ്ര കേസ് ഡയറിയിലൂടെ സുരേന്ദ്രൻ മങ്ങാട്ട് തെളിയിച്ചിരിക്കുന്നു. കുടുംബ ബന്ധത്തിൽ ഊന്നിയുള്ള ഒരു പാറ്റേണിൽ ആണ് രാജമുദ്ര കേസ് ഡയറിയുടെ താളുകൾ മറിയുന്നത്.

Published

|

Last Updated

ദൈവത്തിന്റെ നോക്കെത്താ ദൂരങ്ങൾ, കാലത്തിന്റെ തലവരകൾ എന്നീ കുറ്റാന്വേഷണ ഗണത്തിൽ പെടുന്ന നോവലുകൾക്ക് ശേഷം ത്രില്ലർ സ്വഭാവത്തിലുള്ള കുറ്റാന്വേഷണ നോവലാണ് സുരേന്ദ്രൻ മങ്ങാട്ട് എഴുതിയ രാജമുദ്ര കേസ് ഡയറി.

മനുഷ്യ മനഃസാക്ഷിയെ നടുക്കുകയും അസ്വസ്ഥമാക്കുകയും നിരന്തരം വേട്ടയാടുകയും ചെയ്യുന്ന ദുരന്തപൂർണമായ ഇതിവൃത്ത ഘടനയിലാണ് നോവൽ രചിച്ചിട്ടുള്ളത്. കുടുംബം, പ്രണയം, വിവാഹം, തൊഴിൽ തുടങ്ങി മനുഷ്യ ജീവിതത്തിന്റെയും കേരളീയ സാംസ്കാരത്തിന്റെയും കേന്ദ്ര ഭാവങ്ങൾ നോവലിലേക്ക് സന്നിവേശിപ്പിച്ച് പുതിയ അർഥതലങ്ങൾ കണ്ടെത്തുകയാണ് ഗ്രന്ഥകാരൻ.

ഓരോ അധ്യായത്തിലും വായനക്കാരെ വിസ്മയിപ്പിക്കുകയും പൊള്ളിക്കുകയും ചെയ്യുന്ന എഴുത്തിന്റെ രാജമുദ്ര തിളക്കം ഈ നോവലിനെ ആസ്വാദ്യകരമാക്കിത്തീർക്കുന്നു. ഭർത്താവിൽ നിന്നും മക്കളിൽ നിന്നും പല കാരണങ്ങളാൽ ഒറ്റപ്പെട്ടുജീവിക്കുന്ന മധ്യവയസ്കയായ സ്ത്രീയുടെ ദുരൂഹ മരണവും അതിനെത്തുടർന്ന് നടക്കുന്ന കേസന്വേഷണവുമാണ് 144 പേജുള്ള രാജമുദ്ര കേസ് ഡയറിയായി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. കൊല നടന്ന മുഖംമൂടി മുക്ക് എന്ന ചെറു പ്രദേശത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണം, അനേകം ദുരൂഹ സന്ദർഭങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്ജ്വലമായ കൃതിയായിമാറുന്നു.

രാജമുദ്ര എന്ന പ്രണയ സൗധത്തിൽ നാടകീയമായി അരങ്ങേറിയ നരഹത്യ ആ പേരിന്റെ പിന്നാമ്പുറങ്ങൾ തേടാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത് കഥക്ക് വഴിത്തിരിവായി മാറുന്നു. മുഖംമൂടി മുക്കിൽ നിന്ന് കാപ്പിപ്പൂക്കളുടെ ഗന്ധമുള്ള ഗ്രാമങ്ങളിലൂടെ ചെങ്കരയെന്ന തമിഴ്, മലയാള സങ്കരഭാഷ സംസാരിക്കുന്ന മലനിരകളുടെ നാട്ടിലേക്കും, ആന്ധ്രപ്രദേശിലേക്കും അവിടെയുള്ള പാവപ്പെട്ട മനുഷ്യരിലേക്കും സാക്ഷിമൊഴികളിലൂടെ നീളുന്ന അന്വേഷണം സിനിമാറ്റിക് ത്രില്ല് പോലെ, കാഴ്ചകൾ സൃഷ്ടിച്ചു ഹൃദ്യമായിത്തീരുന്നു.

സങ്കീർണതകളുടെ കെട്ടുപാടുകളില്ലാതെ ആകാംക്ഷയുടെ വിഭ്രാത്മകത നിറച്ച് കുറ്റാന്വേഷണ കഥ പറയുന്നതിൽ സുരേന്ദ്രൻ മങ്ങാട്ട് പ്രകടിപ്പിക്കുന്ന കൈയടക്കം പ്രശംസനീയമാണ്.

മനഃശാസ്ത്ര വിദഗ്ധനായ നിരഞ്ജൻ എന്ന ആഖ്യാതാവിലൂടെയാണ് കഥ പറയുന്നത്. കൊലപാതകം നടന്ന രാത്രിയിൽ നിരഞ്ജന് വന്ന ഒരു ഫോൺകോൾ കൊല്ലപ്പെട്ട സജിതയുടെ പിണങ്ങിപ്പിരിഞ്ഞു നിൽക്കുന്ന മകൻ പ്രസാദുമായി ബന്ധമുള്ള യുവാവിന്റെ ഫോണിൽ നിന്നായതുകൊണ്ട് പോലീസ് നിരഞ്ജനെ സംശയിക്കുകയും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്യുന്നു. എന്നാൽ പോലീസിനെ അതിശയപ്പെടുത്തി പ്രഗത്ഭനായ ഒരു മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമാണ്‌ അയാൾ എന്നറിയുന്നതോടെ കേസന്വേഷണത്തിന് ഒരു പുതിയ മാർഗം കണ്ടെത്തി, പോലീസ് നിരഞ്ജനെ ചേർത്തുനിർത്തുന്നു. അതു തന്റെ നിയോഗമായി കരുതുകയാണ് നിരഞ്ജൻ. മനുഷ്യന്റെ സ്വഭാവ രീതികളും ഉത്കണ്ഠകളും മാനസികാവസ്ഥകളും ബന്ധപ്പെടുത്തിയുള്ള പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു അയാൾ.

പോലീസ് നടത്തുന്ന ശാസ്ത്രീയ അന്വേഷണവും കണ്ടെത്തലും ആണ് നോവലിന്റെ ട്വിസ്റ്റ്‌.
കുറ്റാന്വേഷണത്തിന് എത്രമാത്രം സൂക്ഷ്മത ആവശ്യമുണ്ടോ അതിലേറെ ജാഗ്രതയും തയ്യാറെടുപ്പും കൾച്ചറൽ സ്റ്റഡിയും ക്രൈം നോവലുകൾക്കും വേണമെന്ന് രാജമുദ്ര കേസ് ഡയറിയിലൂടെ സുരേന്ദ്രൻ മങ്ങാട്ട് തെളിയിച്ചിരിക്കുന്നു. കുടുംബ ബന്ധത്തിൽ ഊന്നിയുള്ള ഒരു പാറ്റേണിൽ ആണ് രാജമുദ്ര കേസ് ഡയറിയുടെ താളുകൾ മറിയുന്നത്.

അതിഥിത്തൊഴിലാളികളുടെ ജീവിതവുമായി ഈ കഥ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അയൽവാസികൾക്കു പോലും സംശയം തോന്നാത്ത വിധത്തിലാണ് മുഖംമൂടി മുക്കിലെ സജിതയുടെ നിഷ്ഠൂരമായ കൊലപാതകം നടന്നത്. നാല് ദിവസത്തിനു ശേഷം അഴുകിയ നിലയിൽ മൃതദേഹം കണ്ടെടുക്കുമ്പോൾ വർത്തമാനകാല ജീവിതത്തിൽ അയൽപക്ക ബന്ധങ്ങൾ എത്രമാത്രം സ്വാർഥവും സ്നേഹ ശൂന്യവുമാണെന്ന് ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. മുഖംമൂടി മുക്ക് എന്നത് ഒരു സാങ്കൽപ്പിക ഭൂപ്രദേശമാണ്. അത് കേരളത്തിലെ വളർന്നുകൊണ്ടിരിക്കുന്ന ഏതു ഗ്രാമപ്രദേശവും ആകാം.

ജീവിതത്തിന്റെ സങ്കീർണതകൾക്കൊപ്പം പ്രണയം, ലൈംഗീക പീഡനം, അനാഥത്വം, സ്നേഹം വറ്റിപ്പോകുന്ന മാതൃത്വം, അവസാനം ദുരൂഹവും പൈശാചികവുമായ മരണം ഒരു നിഴൽപോലെ സജിതയെ പിന്തുടർന്നതിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിക്കുകയാണ് നോവൽ.

ഒട്ടും വിലയില്ലാത്ത സാധാരണ ജീവിത പുറമ്പോക്കുകളിലേക്ക്‌ തള്ളപ്പെട്ടവരാണ് രാജമുദ്ര കേസ് ഡയറിയിലെ മിക്ക കഥാപാത്രങ്ങളും. മനുഷ്യർ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ പെറുക്കിയെടുത്തും ഉടമകളിൽ നിന്ന് നിസ്സാര വില കൊടുത്തുവാങ്ങിയും ആക്രിക്കാർക്ക് വിറ്റ് ഉപജീവനം നടത്തുന്നവർ.

കൊല്ലപ്പെട്ട സജിതയുടെ ഭർത്താവായ രാജാമണിയുടെ തൊഴിലും അതായിരുന്നു. അതയാൾക്ക് പാരമ്പര്യമായി കിട്ടിയതാണെങ്കിലും പിന്നീട് കളംമാറ്റി ഒരു പടക്കനിർമാണശാലയിൽ അഭയം തേടി. ഭാവനയും യാഥാർഥ്യവും ഇഴചേർത്ത് കൊണ്ടുള്ള ആഖ്യാനം. മനഃശാസ്ത്രപരവും സാമൂഹികവുമായ പ്രസക്തി നേടിക്കൊടുക്കുന്ന കരുത്തുള്ള സൃഷ്ടി. കുറ്റാന്വേഷണ കഥ പറയുന്നതിന്റെ ഭംഗിയും ചടുലതയും ആഖ്യാനത്തിലെ പുതുമയും “രാജമുദ്ര കേസ് ഡയറി’യെ ഒരു ഭേദപ്പെട്ട കലാസൃഷ്ടിയാക്കിമാറ്റുന്നു.

സജിത, രാജാമണി, സുമിത്ര ബാലഗംഗാധരൻ, രാംചരൺ, അബ്ദുൽസലാം, രാധാമണി, കരൺ എന്നീ കഥാപാത്രങ്ങളിലൂടെ മനുഷ്യബന്ധത്തെ തുറന്ന സംവാദമാക്കുന്ന രചന. പ്രസാധനം കറന്റ് ബുക്സ്. പേജ് 144. വില 200 രൂപ.

hamza532@gmail.com

Latest