Connect with us

Prathivaram

മാനവികതയുടെ മഹത്വം

Published

|

Last Updated

മനുഷ്യനെ അടിസ്ഥാനമാക്കിയുള്ള ദർശനങ്ങളാണ് മാനവികത അഥവാ ഹ്യൂമനിസം. മാനവിക മനുഷ്യന്‍ എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്ന യോഗ്യതകളെയാണ് പൊതുവിൽ മാനവികത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്ന കേവലം ശാരീരിക സവിശേഷതകള്‍ക്കപ്പുറം ഉന്നതങ്ങളായ അനേകം മൂല്യങ്ങള്‍ അത് ഉൾക്കൊള്ളുന്നു. മതം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി മനുഷ്യൻ ഇടപെടുന്ന സകല മേഖലകളിലും അത് പ്രകടമാകുമ്പോഴാണ് മാനവികത അർഥപൂർണമാകുന്നത്. ചുരുക്കത്തിൽ മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കുകയെന്നതാണ് മാനവികതയുടെ അടിസ്ഥാനം. തന്നെപ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കാനും എല്ലാവരെയും പരിഗണിക്കാനും സാധിക്കുന്നേടത്താണ് മനുഷ്യത്വം രൂപപ്പെടുന്നത്. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെ വായിക്കാം. “മാനവികതയുടെ മഹത്വം മനുഷ്യനാകുക എന്നതല്ല, മറിച്ച് മനുഷ്യത്വമുണ്ടായിരിക്കുക എന്നതാണ്’. പൈശാചികപ്രേരണകൾക്കും ശാരീരിക ഇഛകൾക്കും വശംവദരാകുന്ന മനുഷ്യമനസ്സുകളെ വിമലീകരിച്ച് മാനവികതയുടെ ഉത്തുംഗ സോപാനത്തിലേക്ക് വഴി നടത്തുകയെന്നത് ഓരോ രാഷ്ട്രത്തിന്റെയും ഭരണാധികാരികളുടെയും ഉത്തരവാദിത്വമാണ്.

മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് ഭാരതത്തിന്റെ മഹത്തായ ഭരണഘടന. എഴുതപ്പെട്ടവയിൽ വെച്ച് ഏറ്റവും ബൃഹത്തായതാണത്. ഉദാത്തമായ മതനിരപേക്ഷ സംസ്‌കാരം അത് ഉറപ്പുനൽകുന്നുണ്ട്. നമ്മുടെ ഭരണഘടനയെ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഭരണഘടനയാക്കുന്നതിലും രാജ്യത്തിന്റെ മനസ്സ് ലോകം ആദരിക്കുന്ന വിധത്തിൽ മാറ്റുന്നതിലും ഭരണഘടനയിലെ ആശയങ്ങൾക്കും അനുശാസനകൾക്കും വലിയ പങ്കുണ്ട്. മാനവിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും മതസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ലോകത്ത് സമാധാനമുണ്ടാകുകയുള്ളൂ. വ്യത്യസ്തങ്ങളായ ആശയങ്ങളെയും വൈജാത്യങ്ങളുള്ള സംസ്കാരങ്ങളെയും ഉൾക്കൊള്ളുകയും അനേകം ഭാഷകളും വിവിധ തരം ജാതി മത വിശ്വാസികൾ വസിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശങ്ങളും ജീവിത സ്വാതന്ത്ര്യവും ഉറപ്പു വരുത്താൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ട്.

ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമയിൽ ഓരോ വർഷവും ജനുവരി 26 ന് റിപബ്ലിക് ദിനം ആഘോഷിക്കുന്നു. സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുകയാണ് റിപബ്ലിക് ദിനം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. അതോടൊപ്പം രാജ്യത്തിന്റെ മതനിരപേക്ഷതയെ കൂടുതല്‍ കൂടുതല്‍ ശക്തമാക്കാനും പരിപോഷിപ്പിക്കാനും റിപബ്ലിക് ദിന പരിപാടികൾക്ക് സാധിക്കേണ്ടതുണ്ട്. കാരണം, നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കുന്ന പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് എന്നത് കോട്ടംതട്ടാതെ ഇവിടെ നിലനിൽക്കണം. മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ഈറ്റില്ലവും വിളനിലവുമായി വിശേഷിപ്പിക്കപ്പെടാറുള്ള ഇന്ത്യൻ സമൂഹത്തിന് നഷ്ടമാകുന്ന മാനവിക മൂല്യങ്ങളും സാമുദായിക സൗഹാർദവും വീണ്ടെടുക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ഭരണാധികാരികളിൽ നിന്നും ഭരണീയരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.
മാനവികതയുടെ അടിസ്ഥാനം സഹിഷ്ണുതയാണ്. സഹിഷ്ണുതയെ സുന്ദരമായ രൂപത്തിൽ സമൂഹത്തിന് സമർപ്പിച്ച പ്രത്യയ ശാസ്ത്രമാണ് ഇസ്്ലാം. മാനവികതയുടെ മഹത്വം ഉദ്ഘോഷിക്കുന്നതാണ് പ്രവാചകാധ്യാപനങ്ങളെല്ലാം. പ്രസിദ്ധ ശാസ്ത്രജ്ഞൻ മര്‍മദ്യൂക് വില്യം പിക്താളിന്റെ വാക്കുകൾ ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ട്.

നീതി നിഷേധിക്കപ്പെടുമ്പോഴാണ് മനുഷ്യത്വം തകരുന്നതും അരാജകത്വം ഉടലെടുക്കുന്നതും. സത്യത്തിന്റെയും നീതിയുടെയും കാവലാളുകൾ വളർന്നു വരണം. നീതി പുലരുമ്പോള്‍ മനുഷ്യത്വം ഉടലെടുക്കുകയും മാനവികത ശക്തിപ്പെടുകയും ചെയ്യും. അകാരണമായി ഒരാളെയും അക്രമിക്കുകയോ കൊലനടത്തുകയോ അരുത്. അങ്ങനെ ചെയ്യുന്നത് മനുഷ്യ കുലത്തെ ഒന്നടങ്കം കൊല്ലുന്നതിന് തുല്യമാണെന്നും ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിക്കുന്നതിന് സമമാണെന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്. (മാഇദ: 32).
വർത്തമാന കാലത്ത് എല്ലായിടങ്ങളിലും മനുഷ്യത്വത്തിന്റെ വില നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നിസാര പ്രശ്നങ്ങൾക്ക് പോലും അരുംകൊലകൾ നടക്കുന്നു. വർഗീയ സംഘട്ടനങ്ങളും വംശീയ ചിന്തകളും സങ്കുചിത താത്പര്യങ്ങളും തഴച്ചുവളരുന്നു. അത്തരം ചിന്തകളേയും ചെയ്തികളേയും ഇസ്്്ലാം കണിശമായി വിലക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുവിൻ. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധർമനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു’ (മാഇദ: 8)

മനുഷ്യ സമൂഹത്തെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മതമാണ് ഇസ്്ലാം. “ആദം സന്തതികളെ നാം (അല്ലാഹു) ആദരിച്ചിരിക്കുന്നു’ എന്ന വിശുദ്ധ ഖുർആനിന്റെ അഭിസംബോധന മാനവികതയുടെ മഹത്തായ സന്ദേശമാണ് വിളിച്ചോതുന്നത്. പ്രതികരണവും പ്രതിരോധവും മികച്ച രീതിയിലാകണമെന്നും മറ്റു മതങ്ങളെയും അവരുടെ ആരാധ്യ വസ്തുക്കളെയും അസഭ്യം പറയുകയോ പരിഹസിക്കുകയോ ചെയ്യരുതെന്നും ഇസ്്ലാം നിഷ്കർഷിക്കുന്നു. അനിവാര്യമായ യുദ്ധങ്ങളിൽ പോലും ഇസ്്ലാം ഉയർത്തിപ്പിടിച്ച മനുഷ്യത്വത്തിന്റെയും മാനവികതയുടെയും ഉദാത്ത മാതൃകകൾ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകളോളം മുസ്്ലിംകൾ ഭരിച്ച ഇന്ത്യയിലും മുസ്്ലിം ആധിപത്യമുള്ള ഈജിപ്ത്, സ്പെയിൻ, ലബ്നാൻ തുടങ്ങിയ രാജ്യങ്ങളിലും ഇതര മതസ്ഥരുടെ സജീവ സാന്നിധ്യവും ക്രിയാത്മകമായ ഇടപെടലും അറിയിക്കുന്നത് ഇസ്്ലാമിന്റെ സഹിഷ്ണുതാ മനോഭാവമാണ്.

സത്യവും നീതിയും സമത്വവും കരുണയും സ്നേഹവും സാഹോദര്യവും വിശ്വസ്തതയും നിറഞ്ഞ മാനവികതയാണ് പ്രവാചകജീവിതം. മിതഭാഷിയായിരുന്നു അവിടുന്ന്. ആരെയും അവഗണിച്ചിരുന്നില്ല. മനുഷ്യരോടും പ്രകൃതിയോടും ജീവജാലങ്ങളോടുമെല്ലാം സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറി. മനുഷ്യർക്കിടയിലെ ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കി. ജാതി മത വർണ വൈജാത്യങ്ങൾക്കപ്പുറം മനുഷ്യത്വത്തെ ഉയർത്തിക്കാട്ടി. ഖുർആൻ പറയുന്നു. “ഹേ മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. അന്യോന്യം തിരിച്ചറിയാൻ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ ഏറ്റവും സൂക്ഷ്മത പാലിക്കുന്നവനാകുന്നു’. (ഹുജുറാത്ത് : 13).

അതുല്യമായ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അവിടുത്തെ അറഫാ പ്രഭാഷണം. അർഥഗർഭമായ ഒരായിരം സന്ദേശങ്ങളുൾക്കൊള്ളുന്ന പ്രസംഗത്തിലെ ഓരോ വരിയും ഹൃദയഭേദകവും കാലികപ്രസക്തവുമാണ്. മനുഷ്യജീവന്റെ പവിത്രതയെയും മാന്യതയെയും അത് പ്രോജ്വലിപ്പിക്കുന്നു. “ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാള്‍ വരെയും പവിത്രമാണ്. ഈ ദിനത്തിന്റെ, ഈ മാസത്തിന്റെ, ഈ നാടിന്റെ പവിത്രത എത്രമാത്രമാണോ അത്രതന്നെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രമായിരിക്കും. അതിനാല്‍, അവയുടെ മേല്‍ നിങ്ങള്‍ പരസ്പരം കൈയേറ്റം നടത്തരുത്. നിങ്ങളുടെ നാഥനുമായി നിങ്ങളൊരിക്കല്‍ സന്ധിക്കും. തത്സമയം നിങ്ങളുടെ ചെയ്തികളെപ്പറ്റി അവന്‍ ചോദ്യം ചെയ്യും. അതുകൊണ്ട് ആരുടെയെങ്കിലും കൈവശം സൂക്ഷിപ്പു മുതലുകളുണ്ടെങ്കില്‍ അവ അവകാശികള്‍ക്ക് തിരിച്ചേൽപ്പിച്ചുകൊള്ളട്ടെ. മാനവ സമൂഹമേ! നിങ്ങളുടെ ആരാധ്യൻ ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍ നിന്ന്. ആദമോ മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അറബിയല്ലാത്തവനേക്കാളോ അനറബിക്ക് അറബിയേക്കാളോ മഹത്വമില്ല. മഹത്വങ്ങളുടെ അടിസ്ഥാനം ദൈവഭക്തിയാണ്. ജീവിതത്തില്‍ സൂക്ഷ്മതയുള്ളതാര്‍ക്കാണോ അവനാണ് അല്ലാഹുവിങ്കൽ ഏറ്റവും ബഹുമാന്യന്‍’. (ബുഖാരി) മാനുഷിക പരിഗണനയും പരസ്പര സ്നേഹവും ബഹുമാനവും ആദരവും പൊതുജീവിതത്തിന്റെ ഭാഗമായി മാറണം. സഹജീവികളോടുള്ള കരുണയും വാത്സല്യവും ആർദ്രതയും ഓരോരുത്തരുടെയും ബാധ്യതയായി കാണണം. കുടുംബ, അയല്‍പക്ക, സൗഹൃദ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കണം. അപ്പോഴാണ് മനുഷ്യത്വം രൂപപ്പെടുന്നതും മാനവികത പൂത്തുലയുന്നതും.

Latest