Connect with us

Kerala

രാഹുല്‍ അയോഗ്യനാക്കപ്പെട്ട ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം: ഖാര്‍ഗെ

ലളിത് മോദിയും മെഹുല്‍ ചോക്സിയും നീരവ് മോദിയും ഒ ബി സിക്കാരല്ല. എന്നിട്ടും പിന്നാക്കക്കാര്‍ക്കെതിരേ രാഹുല്‍ പ്രസംഗിച്ചു എന്ന് പ്രചരിപ്പിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു

Published

|

Last Updated

കോട്ടയം | രാജ്യത്തിന്റെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കെ പി സി സിയുടെ നേതൃത്വത്തിലുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ വൈക്കം ബീച്ച് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തില്‍ ഇരിക്കുന്നവര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണ്. രാഹുലിനെതിരേയുള്ള കേസ് ഇത് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗക്കാരന്‍ അല്ലാത്ത വ്യക്തിയാണ് രാഹുലിനെതിരേ കേസ് നല്‍കിയത്. ലളിത് മോദിയും മെഹുല്‍ ചോക്സിയും നീരവ് മോദിയും ഒ ബി സിക്കാരല്ല. എന്നിട്ടും പിന്നാക്കക്കാര്‍ക്കെതിരേ രാഹുല്‍ പ്രസംഗിച്ചു എന്ന് പ്രചരിപ്പിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി ജെ പി ശ്രമത്തിന്റെ ഭാഗമാണിത്.

അദാനി-മോദി ബന്ധം ചോദ്യം ചെയ്തതിനാണ് രാഹുലിനെ പുറത്താക്കിയത്. സര്‍ക്കാര്‍ നടത്തിയ ഉപജാപങ്ങള്‍ കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ മനസിലാകും. രാഹുലിനെ കോടതി ശിക്ഷിച്ച ദിവസം മോദി ലോക്‌സഭാ സ്പീക്കറെ കണ്ടിരുന്നു. പിന്നാലെ പെട്ടെന്നാണ് രാഹുലിനെ അയോഗ്യനാക്കിയത്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നടപടിയാണിതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട തൊഴില്‍ പോലും നല്‍കുന്നില്ല. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങിയ ആളാണ് പ്രധാന മന്ത്രിയുടെ സുഹൃത്തായ അദാനി. സുഹൃത്തിനെതിരേ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉറങ്ങുകയാണ്.

എന്തിനാണ് അദാനിയെ മോദി ന്യായീകരിക്കുന്നതെന്നു ചോദിച്ച ഖാര്‍ഗെ പ്രതിവര്‍ഷം നല്‍കുമെന്ന് പറഞ്ഞ രണ്ടു കോടി തൊഴില്‍ എവിടെയെന്നും 15 ലക്ഷം രൂപ എവിടെയെന്നും ചോദിച്ചു. ബി ജെ പി നേതാക്കളും മന്ത്രിമാരും അദാനിയെ രക്ഷിക്കാന്‍ ഓവര്‍ ടൈം പണി എടുക്കുകയാണെന്നും ആക്ഷേപിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന മഹത്തായ സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അഹിംസയിലൂന്നിയ സമരം ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിച്ചു. എ ഐ സി സി സംഘടനാ ചുമതല ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, എ ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, ഇ വി കെ എസ് ഇളങ്കോവന്‍, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.