Uae
നാട്ടിലേക്ക് പോകാൻ 3,400 ദിർഹം; യാത്ര മറ്റ് രാജ്യങ്ങളിലേക്ക് മാറ്റി പ്രവാസികൾ
വിസ നടപടികൾ എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമായ രാജ്യങ്ങളാണ് പ്രവാസികൾ തിരഞ്ഞെടുക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു
ദുബൈ| ശൈത്യകാല അവധിക്ക് നാട്ടിലേക്ക് പോകാൻ പദ്ധതിയിട്ട പ്രവാസികൾ വിമാന ടിക്കറ്റ് നിരക്ക് കണ്ട് യാത്ര മാറ്റിവെക്കുന്നു. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി ചെലവ് കുറഞ്ഞ മറ്റ് വിദേശ രാജ്യങ്ങൾ സന്ദർശിക്കാനാണ് പലരും തീരുമാനിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പോയി വരാൻ ഒരാൾക്ക് 3,400 ദിർഹം വരെയാണ് ഇപ്പോഴത്തെ നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ വിമാനക്കൂലി മാത്രം 14,000 ദിർഹത്തോളം വരും. ഷോപ്പിംഗും മറ്റ് ചെലവുകളും കൂടിയാകുമ്പോൾ ഒരാഴ്ചത്തെ യാത്രക്ക് 18,000 ദിർഹമിലധികം ചെലവാകും.
എന്നാൽ കെയ്റോ, ഇസ്താംബുൾ എന്നിവിടങ്ങളിലേക്ക് 1,200 ദിർഹമും മാലദ്വീപിലെ മാലിയിലേക്ക് 1,300 ദിർഹമുമാണ് നിരക്ക്. നാട്ടിൽ പോയി വരുന്ന തുകയുടെ പകുതി ചെലവിൽ ഈ രാജ്യങ്ങളിൽ ഒരാഴ്ചത്തെ അവധി ആഘോഷിക്കാം. വിമാന ടിക്കറ്റ്, താമസം, മറ്റ് ചെലവുകൾ എന്നിവയുൾപ്പെടെ ചിലവിട്ടാലും വലിയൊരു തുക ലാഭിക്കാനും കഴിയും. വിസ നടപടികൾ എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമായ രാജ്യങ്ങളാണ് പ്രവാസികൾ തിരഞ്ഞെടുക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. തുർക്കി, ഈജിപ്ത്, കോക്കസസ് മേഖലയിലെ രാജ്യങ്ങൾ എന്നിവയാണ് പ്രധാന ആകർഷണം. നാട്ടിലേക്കുള്ള യാത്ര മാറ്റി ബജറ്റിനുള്ളിൽ ഒതുങ്ങുന്ന അവധിക്കാല ആഘോഷത്തിനാണ് ഇപ്പോൾ പ്രവാസികൾ മുൻഗണന നൽകുന്നത്.



