Connect with us

articles

അമേരിക്കനാധിപത്യത്തിന് രാജ്യം കീഴടങ്ങരുത്

ഇന്ത്യന്‍ കയറ്റുമതി മേഖലക്ക് കനത്ത തിരിച്ചടിയാകുന്ന ട്രംപിന്റെ 50 ശതമാനം തീരുവ പ്രഖ്യാപനം പുറത്തുവന്നിട്ടും അതിനെതിരായി ശക്തമായി പ്രതികരിക്കാന്‍ പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അത് രാജ്യമെത്തപ്പെട്ട അമേരിക്കന്‍ വിധേയത്വത്തിന്റെയും അപമാനകരമായ സാമ്രാജ്യത്വ ദാസ്യത്തിന്റെയും ഫലമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

Published

|

Last Updated

ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യന്‍ കയറ്റുമതി മേഖലയെയും കാര്‍ഷിക, വ്യാവസായിക മേഖലയെയും ഗുരുതരമായി ബാധിക്കുന്നതാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെയും ജനജീവിതത്തെയും തകര്‍ക്കുന്ന അമേരിക്കന്‍ ഫൈനാന്‍സ് മൂലധനത്തിന്റെ ആധിപത്യ താത്പര്യമാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ കയറ്റുമതി മേഖലക്ക് കനത്ത തിരിച്ചടിയാകുന്ന ട്രംപിന്റെ 50 ശതമാനം തീരുവ പ്രഖ്യാപനം പുറത്തുവന്നിട്ടും അതിനെതിരായി ശക്തമായി പ്രതികരിക്കാന്‍ പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

അത് രാജ്യമെത്തപ്പെട്ട അമേരിക്കന്‍ വിധേയത്വത്തിന്റെയും അപമാനകരമായ സാമ്രാജ്യത്വ ദാസ്യത്തിന്റെയും ഫലമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ വളരെ മൃദുവായൊരു പ്രസ്താവന മാത്രമാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനെതിരെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്രംപിന്റെ തീരുവ യുദ്ധത്തെ ദൗര്‍ഭാഗ്യകരമായ ഒരു തീരുമാനമെന്ന ഔപചാരിക പ്രസ്താവനയില്‍ ഒതുക്കുക മാത്രമാണ് വിദേശകാര്യ വക്താവ് രണ്‍ബീര്‍ ജെയ്സ്വാള്‍ ചെയ്തത്.

ഇന്ത്യക്കുള്ള തീരുവ 50 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന തീരുവ 50 ശതമാനമായി വര്‍ധിക്കുമ്പോള്‍ അത് ഇന്ത്യയുടെ കയറ്റുമതി മേഖലയെയാകെ പ്രതിസന്ധിയിലാക്കും. സുഗന്ധ വ്യഞ്ജനങ്ങള്‍, ചെമ്മീന്‍ അടക്കമുള്ള സമുദ്രോത്പന്നങ്ങള്‍, കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേരളത്തിനും ട്രംപിന്റെ തീരുവ യുദ്ധം കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുക. ടെക്സ്‌റ്റൈല്‍, മരുന്ന് നിര്‍മാണം, തുകല്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍ തുടങ്ങിയവക്കും മേലുള്ള ഉയര്‍ന്ന താരിഫ് പ്രഖ്യാപനം വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ഇലക്ട്രോണിക്സ്, പെട്രോളിയം തുടങ്ങിയ കയറ്റുമതി മേഖലകളിലും ഇത് വലിയ ആഘാതമുണ്ടാക്കും.

റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ 25 ശതമാനം അധിക തീരുവ പ്രഖ്യാപനം വന്നത്. അതായത് 25 ശതമാനം പ്രതികാരച്ചുങ്കമായിട്ടാണ് പ്രഖ്യാപിച്ചത്. ആ 25 ശതമാനം തീരുവ നിലവില്‍വന്നു. പിന്നീട് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ കുറച്ചു ദിവസത്തിനു ശേഷം നിലവില്‍ വരുമെന്നാണ് ട്രംപിന്റെ ഉത്തരവ് പറയുന്നത്. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യന്‍ എണ്ണ ഒഴിവാക്കി അമേരിക്കന്‍ ക്രൂഡോയില്‍ കൂടുതല്‍ വാങ്ങിയിട്ടും മോദിയുടെ പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയെ വെറുതെ വിട്ടില്ല. ഇത് മോദി സര്‍ക്കാറിന്റെ അമേരിക്കന്‍ പ്രീണന നയങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ്.

ഇന്ത്യക്കും ബ്രസീലിനുമെതിരെയാണ് ട്രംപ് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും 50 ശതമാനമാണ് തീരുവ പ്രഖ്യാപിച്ചത്. അതുകഴിഞ്ഞാല്‍ 39 ശതമാനം തീരുവയാണ് സ്വിറ്റ്‌സര്‍ലാന്‍ഡിനുമേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡക്ക് 35 ശതമാനവും ചൈനക്കും ദക്ഷിണാഫ്രിക്കക്കും 30 ശതമാനവും മെക്സിക്കോക്ക് 20 ശതമാനവും ആണ് ട്രംപ് പുതുതായി ഉയര്‍ന്ന തീരുവ ചുമത്തിയത്. പാകിസ്താന് 19 ശതമാനം മാത്രമാണ് തീരുവ. കൂടുതല്‍ രാജ്യങ്ങള്‍ക്കും 10 മുതല്‍ 15 വരെ ശതമാനം തീരുവ സ്ലാബുകളാണ് ചുമത്തിയിട്ടുള്ളത്. 2024-25 വര്‍ഷത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതായിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 7.53 ലക്ഷം കോടി രൂപയും ഇറക്കുമതി 3.94 ലക്ഷം കോടിയുമായിരുന്നു. അതായത് അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യക്ക് 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചമുണ്ടായിരുന്നു.

മോദിയുടെ അതിരുവിട്ട അമേരിക്കന്‍ പ്രീണനത്തിനിടയില്‍ തന്നെയാണ് കടുത്ത ഇന്ത്യാവിരുദ്ധ നിലപാട് കുടിയേറ്റ പ്രശ്നത്തിലെന്ന പോലെ കയറ്റുമതി ചുങ്കത്തിന്റെ കാര്യത്തിലും ട്രംപ് സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ മാത്രമല്ല, താന്‍ ലോകത്തിന്റെ തന്നെ പ്രസിഡന്റാണെന്ന മട്ടിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. ലോകജനതക്കും സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കും മേലുള്ള നവ ഫൈനാന്‍സ് മൂലധനത്തിന്റെ ഏകാധിപത്യപരമായ കടന്നാക്രമണത്തെയാണ് ട്രംപിന്റെ നീക്കങ്ങള്‍ കാണിക്കുന്നത്. ട്രംപിനെ പോലുള്ള ഒരു നവഫാസിസ്റ്റുമായി സന്ധിചെയ്തിരിക്കുന്ന മോദി സര്‍ക്കാറിന് ഈ നവസാമ്രാജ്യത്വ അധിനിവേശത്തെ, അതിന് വിധേയമാകുന്ന രാജ്യങ്ങളെയാകെ യോജിപ്പിച്ച്, പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുമെന്ന് കരുതാനാകില്ല.

വന്‍ ശക്തിമേധാവിത്വത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരായി എക്കാലത്തും നിലപാട് സ്വീകരിച്ച ഇന്ത്യയുടെ പാരമ്പര്യത്തെയും സ്വതന്ത്ര വിദേശ നയത്തെയും കൈയൊഴിഞ്ഞുകൊണ്ടാണ് 1990കള്‍ മുതല്‍ നമ്മുടെ രാജ്യത്ത് ആഗോളവത്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ട്രംപ് നേതൃത്വം നല്‍കുന്ന നവഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള മിലിറ്ററി-ഇന്‍ഡസ്ട്രിയല്‍- മീഡിയ കൂട്ടുകെട്ടിനെതിരായി ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. അമേരിക്കയുടെ ലോകമേധാവിത്വത്തെയും സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണങ്ങളെയും വ്യാപാര യുദ്ധത്തെയും എതിര്‍ക്കാതെ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് അതിന്റെ പരമാധികാരവും സ്വാശ്രയത്വവും നിലനിര്‍ത്താനാകില്ല.

മോദി സര്‍ക്കാര്‍ അതിന്റെ രാജ്യദ്രോഹപരമായ അമേരിക്കന്‍ വിധേയത്വവും സാമ്രാജ്യത്വദാസ്യവും, രാജ്യത്തിന്റെ സമസ്ത മേഖലകളിലും വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിക്കൊണ്ട് പ്രകടിപ്പിച്ചതാണ്. പ്രതിരോധ രംഗത്ത് പോലും 100 ശതമാനം വിദേശ മൂലധന നിക്ഷേപം അനുവദിക്കുന്ന നയമാണ് ഹിന്ദുത്വവാദികള്‍ തുടരുന്നത്. 2001ല്‍ വാജ്പയ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച ഇന്തോ-യു എസ് പ്രതിരോധ ധാരണകളുടെ പൂര്‍ത്തീകരണമാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2005ല്‍ യു പി എ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകളെ വകവെക്കാതെ അമേരിക്കയുമായുണ്ടാക്കിയ പ്രതിരോധ രംഗത്തെ സഹകരണ ധാരണകളാണ് മോദി സര്‍ക്കാര്‍ വിസ്തൃതമായ തലങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും 100 ശതമാനം എഫ് ഡി ഐക്ക് അനുമതി നല്‍കുന്ന നയമാണ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പ് തയ്യാറാക്കിയത്. ഇതാണ് മോദി സര്‍ക്കാറിന്റെ വാണിജ്യ വ്യവസായ നയമായി മാറിയത്.

---- facebook comment plugin here -----

Latest