Connect with us

education

ക്യാപ്റ്റനും ലീഡറും അധ്യാപകനാണ്

വിദ്യാഭ്യാസ മേഖലയില്‍ കൊവിഡ് കാലം ഉണ്ടാക്കിയ വലിയ മൂല്യച്യുതികളെപ്പറ്റി നാമമാത്രമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് കണ്ടത്. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങേണ്ടതാണോ നമ്മുടെ വിദ്യാഭ്യാസ മേഖല? കൊവിഡാനന്തര കാലത്ത് വേണ്ടത്ര മുന്നൊരുക്കമില്ലാതെ നമ്മള്‍ അധ്യയനം തുടരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നല്ല, നാളെയാണ് പ്രകടമാകാന്‍ പോകുന്നത്.

Published

|

Last Updated

സ്‌കൂളുകള്‍ തുറന്നിരിക്കുന്നു. കുട്ടികള്‍ മെല്ലെ മെല്ലെ ആ പഴയ സ്‌കൂള്‍ ജീവിതത്തിന്റെ ശീതളിമയിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ കൊവിഡ് കാലം ഉണ്ടാക്കിയ വലിയ മൂല്യച്യുതികളെപ്പറ്റി നാമമാത്രമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് കണ്ടത്. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങേണ്ടതാണോ നമ്മുടെ വിദ്യാഭ്യാസ മേഖല? സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിദ്യാഭ്യാസ മേഖലക്ക് മുന്തിയ പരിഗണന കൊടുക്കുന്നു. ലോകത്തെ സര്‍വതും ഒരു ടേണിംഗ് പോയിന്റില്‍ എത്തിനില്‍ക്കുന്നു. ഇത്തരമൊരു കൊവിഡാനന്തര കാലത്ത് വേണ്ടത്ര മുന്നൊരുക്കമില്ലാതെ നമ്മള്‍ അധ്യയനം തുടരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നല്ല, നാളെയാണ് പ്രകടമാകാന്‍ പോകുന്നത്. ഈയവസരത്തിലാണ് വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പങ്ക് പുനര്‍നിര്‍വചിക്കേണ്ടത് അത്യാവശ്യമായി വരുന്നത്.

ക്യാപ്റ്റനും ലീഡറും അധ്യാപകര്‍ തന്നെ

ഇന്ന് രാഷ്ട്രീയ കേരളത്തില്‍ ആരാണ് ക്യാപ്റ്റന്‍ എന്നും ആരാണ് ലീഡര്‍ എന്നുമൊക്കെ രസകരമായ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ സ്‌കൂളുകളില്‍ ഇവ രണ്ടും ഒരാള്‍ മാത്രമാണെന്ന പ്രത്യേകതയുണ്ട്. മേല്‍പ്പറഞ്ഞ രണ്ട് പേരുകള്‍ക്കും രാഷ്ട്രീയത്തില്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സ്‌കൂളിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. അധ്യാപകര്‍ തന്നെയാണ് സ്‌കൂളിലെ ക്യാപ്റ്റനും ലീഡറും ഒക്കെ. അവര്‍ തന്നെയാണ് കുട്ടികളിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്. ഈ അധ്യയന വര്‍ഷം അധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ്. ട്രാക്കില്‍ നിന്ന് വഴുതിപ്പോയ കുട്ടികളെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരേണ്ട ഏറെ ആയാസമുള്ള ജോലി ബാക്കിയാകുന്ന വര്‍ഷം.
സ്‌കൂളുകളുടെ നിലവാരം നിര്‍ണയിക്കുന്നത് അതിന്റെ ഭരണം നിര്‍വഹിക്കുന്ന സര്‍ക്കാറോ മറ്റു സംവിധാനങ്ങളോ ഒന്നുമല്ല. അവിടെയുള്ള അധ്യാപകര്‍ ആണ്. പൊതുവിദ്യാഭ്യാസ മേഖലയായാലും സ്വകാര്യ വിദ്യാഭ്യാസമേഖലയായാലും ഇക്കാര്യത്തില്‍ അധ്യാപകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം മാത്രമാണ് ഏറ്റവും പ്രധാനം. പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം കൃത്യമായി വാങ്ങുന്ന അധ്യാപകര്‍ അതിനനുസരിച്ച് ജോലിചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ? അതില്‍ കുറവ് വരുന്നെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? അധ്യാപനം എന്ന അത്ര തന്നെ ആഴ്ന്നിറങ്ങി, ഉള്‍ക്കൊണ്ട് ചെയ്യേണ്ട ഒരു തൊഴിലിന്റെ പ്രാധാന്യം വിട്ട്, സ്‌കൂളുകളിലെ ക്ലെറിക്കല്‍ തൊഴില്‍ മുതല്‍ ഉച്ചക്കഞ്ഞി വിതരണവും വേണ്ടിവന്നാല്‍ സ്‌കൂള്‍ വൃത്തിയാക്കലും വരെ അധ്യാപകര്‍ ചെയ്യേണ്ടി വരുമ്പോള്‍ അധ്യാപനത്തിന്റെ നിലവാരത്തില്‍ എന്ത് മാറ്റമാണ് സംഭവിക്കുന്നത്.

ഇത്തരം എണ്ണമില്ലാത്ത ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ ഉള്ളപ്പോഴും നാമതൊന്നും അഭിസംബോധന ചെയ്യാതെ പുതിയ അധ്യയന വര്‍ഷത്തില്‍ മുന്നോട്ടു പോകുകയാണ്. തീര്‍ച്ചയായും തിരിഞ്ഞു നോക്കേണ്ടതുണ്ട്, നമ്മുടെ സ്‌കൂളുകള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന്. മറ്റാരോടുമല്ല, അധ്യാപകരോട് തന്നെയാണ് ഇത് പറയാന്‍ ആഗ്രഹിക്കുന്നത്.

അടിസ്ഥാന പാഠങ്ങള്‍

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ട മികവുകള്‍ നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ എടുത്തുകാണിക്കുമ്പോഴും പൊതുവായ, അത്ര തന്നെ മികവുള്ള ധാരാളം ഉദാഹരണങ്ങള്‍ എടുത്തുകാട്ടാന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കഴിയാതെ വരുന്നു. തീര്‍ച്ചയായും വിരല്‍ ചൂണ്ടുന്നത് അധ്യാപകരുടെ മികവില്ലായ്മയിലേക്കല്ല. അത് എത്രമാത്രം ഉപയോഗിക്കപ്പെടുന്നു എന്ന വസ്തുതയിലേക്കാണ്. കുട്ടികളുടെ നിസ്സഹകരണം പ്രധാനപ്പെട്ട കടമ്പയാണ്. എത്ര തന്നെ ആത്മാര്‍ഥമായി അധ്യാപകര്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ കഷ്ടപ്പെടുമ്പോഴും കുട്ടികളുടെ മനസ്സ് അതിവേഗത്തില്‍ സഞ്ചരിക്കുന്നില്ല. കൊവിഡ് കാലം കഴിഞ്ഞതോടെ ക്ലാസ്സിലെ അധ്യയനം കുട്ടികള്‍ക്ക് ഒരു ബദല്‍മാര്‍ഗം എന്ന ചിന്തയിലേക്ക് മാറിയിരിക്കുന്നു. ഓണ്‍ലൈന്‍ അധ്യയനത്തിന് രണ്ട് വര്‍ഷം പ്രശ്‌നങ്ങള്‍ ഏതുമില്ലാതെ വിദ്യാഭ്യാസ മേഖലയെ നയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇനി ക്ലാസ്സുകളിലെ പിരിമുറുക്കം എന്തിനെന്ന ചിന്ത അവരില്‍ ചെറുതായെങ്കിലും ഉടലെടുത്തിട്ടുണ്ട്. കുട്ടികളുടെ മാനസിക പിന്തുണയിലെ ഏറ്റക്കുറച്ചിലുകള്‍ വലിയൊരു ചര്‍ച്ചക്ക് വഴിവെക്കേണ്ട വിഷയമാണ്. ഇവിടെ നമുക്കത് തത്കാലം വിടാം.

കുട്ടികളെ അറിഞ്ഞ്, മനസ്സിലാക്കി അവരില്‍ ശക്തമായ അടിത്തറ പാകിക്കൊടുക്കുക എന്നതാണ് ഒരു അധ്യാപകനെ സംബന്ധിച്ച് ഏറ്റവും പ്രധാനം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ അധ്യാപകരില്‍ ഏറിയപങ്കും കുട്ടികളെയും അവരുടെ ബൗദ്ധിക നിലവാരത്തെയും പഠിക്കാതെയാണ് നേരിട്ട് അധ്യയനത്തിലേക്ക് കടക്കുന്നത്. ഫലമോ, ക്ലാസ്സുകള്‍ ഏതാണ്ട് ബോറടിച്ചിരിക്കുന്നു. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു കൊടുക്കുക എന്നത് മാത്രമല്ല അധ്യയനം കൊണ്ട് അര്‍ഥമാക്കുന്നത്. കുട്ടികളുടെ നിലവാരം കൃത്യമായി ഉള്‍ക്കൊണ്ടുകൊണ്ട് അതിലേക്ക് അവരെ എത്തിക്കുക എന്നതാണ് പ്രധാനം. ശക്തമായ അടിത്തറയില്ലാതെ ഒരു വിദ്യാര്‍ഥിക്കും ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് എത്തിപ്പെടാനാകില്ല. സ്‌കൂളുകളില്‍ വിശിഷ്യാ എല്‍ പി, യു പി ക്ലാസ്സുകളില്‍ അതിനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഒരു വിമര്‍ശനത്തിനപ്പുറം ഓരോ അധ്യാപകരും അത് തങ്ങളുടെ വിദ്യാലയത്തില്‍ എത്രമാത്രം നടപ്പാക്കുന്നുണ്ട് എന്നത് പരിശോധിക്കുക തന്നെ വേണം.

അടിസ്ഥാനം അക്ഷരമാല തന്നെ

മലയാളം, ഇംഗ്ലീഷ് അക്ഷരമാല തെറ്റാതെ എഴുതാന്‍ അറിയാത്ത കുട്ടികള്‍ ഇന്നും ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളിലുണ്ട് എന്നത് ഒരുപക്ഷേ മുതിര്‍ന്നവര്‍ക്ക് അത്ഭുതം തന്നെയാകാം. മുതിര്‍ന്നവരുടെ തലമുറയില്‍, അവര്‍ക്ക് ചെറിയ ക്ലാസ്സുകളില്‍ തന്നെ അക്ഷരമാലയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ പഠനക്രമത്തില്‍ അക്ഷരം അറിയാതെയും ഏതുമുതിര്‍ന്ന ക്ലാസ്സുകളില്‍ വരെ എത്താന്‍ കഴിയും. എന്നാല്‍ അക്ഷരമറിയാതെ എന്തൊക്കെ പാഠങ്ങളാണ് ഒരധ്യാപകന് ഒരു കുട്ടിക്ക് പഠിപ്പിച്ചുകൊടുക്കാന്‍ കഴിയുക? ചുവരില്ലാതെ ചിത്രം വരക്കാനാകില്ല എന്ന തത്ത്വം തന്നെയാണ് ഇവിടെയും ബാധകമാകുന്നത്. അക്ഷരം അറിയാത്ത കുട്ടികള്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്നത് ബുദ്ധിമുട്ടാണ്. സ്‌കൂളുകളില്‍ കുട്ടികളോട് എന്തിനെയെങ്കിലും കുറിച്ച് ഒരു പേജ് എഴുതാന്‍ പറയുമ്പോള്‍ അതില്‍ത്തന്നെ ഇരുപത്തഞ്ച് തെറ്റുകള്‍ വരുത്തുന്ന കുട്ടികളാണ് ഇന്ന് ഏറിയപങ്കും. അക്കാര്യത്തില്‍ ഇനിയെങ്കിലും അധ്യാപകര്‍ ശ്രദ്ധ ചെലുത്തുക തന്നെ വേണം.

നഷ്ടപ്പെടുന്ന ബഹുമാനം

ഇന്ന് എന്തൊക്കെയോ കാരണങ്ങള്‍ മൂലം കുട്ടികളില്‍ അധ്യാപകരോടുള്ള ബഹുമാനത്തിന്റെ തോത് വല്ലാതെ കുറഞ്ഞുവരികയാണ്. പണ്ടുകാലങ്ങളില്‍ കുട്ടികള്‍ അധ്യാപകരുടെ വീര സാഹസിക കഥകള്‍ വീട്ടില്‍ വന്ന് പറയുന്ന ഒരു രീതിയുണ്ടായിരുന്നു. അവര്‍ കാണുന്ന ഹീറോകള്‍ അധ്യാപകരായിരുന്നു. അവരുടെ ഓരോ ചലനങ്ങളും കുട്ടികളെ സ്വാധീനിച്ചിരുന്നു. ബഹുമാനത്തോടെയും ആരാധനയോടെയുമാണ് അധ്യാപകരെ കണ്ടിരുന്നത്. എന്നാല്‍ കാലം അതില്‍ വല്ലാത്ത മാറ്റം വരുത്തിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യക്ക് അതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. അധ്യാപകരെ തെറ്റായ തരത്തില്‍ വ്യാഖ്യാനിക്കുന്ന സിനിമകള്‍, കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിനോട് തോന്നിയ അടുപ്പം, നാട്ടിലെ പുരോഗമന ചിന്താഗതികളില്‍ വന്ന മാറ്റം ഇവയൊക്കെ അധ്യാപകര്‍ തങ്ങളെ പഠിപ്പിക്കാന്‍ മാത്രമുള്ള ഏതോ ജോലിക്കാര്‍ എന്ന സങ്കല്‍പ്പത്തെ കുട്ടികളില്‍ വളര്‍ത്തിയിട്ടുണ്ട്. അതിന് ഈ കൊവിഡ് കാലം ഊര്‍ജം പകര്‍ന്നിട്ടുമുണ്ട്.

ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ ആറാടിതിമിര്‍ത്തെത്തിയ ശേഷമാണ് കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിരിക്കുന്നത്. പല അശ്ലീല സൈറ്റുകളുടെയും ഉപയോഗം കൊവിഡ് കാലത്ത് കൂടിയതായി പഠനങ്ങളുമുണ്ട്. ഇത്തരത്തില്‍ വളരെ മോശമായ മാനസികാവസ്ഥയുമായാണ് കുറച്ചെങ്കിലും കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തിയിരിക്കുന്നത് എന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാകില്ല. സഹപാഠികളെയും എന്തിന് അധ്യാപകരെ വരെ തെറ്റായ കണ്ണുകൊണ്ട് കാണുന്ന കുട്ടികള്‍ ഇന്ന് ഒരു അത്ഭുതമല്ല. ഒരു യാഥാര്‍ഥ്യമാണ്. അത് പ്രതിരോധിക്കാന്‍ കൂടി അധ്യാപകര്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തണം. വെറും ഉപദേശം കൊണ്ട് മാത്രം പ്രയോജനം ഉണ്ടായെന്നുവരില്ല. എന്നിരുന്നാലും, കുട്ടികളില്‍ ധാര്‍മികമൂല്യങ്ങളുടെ പ്രാധാന്യത്തെപ്പറ്റി അറിവുനല്‍കാന്‍ സ്‌കൂളുകള്‍ വിവിധങ്ങളായ വഴികള്‍ തേടണം. അധ്യാപകര്‍ ഇതൊക്കെ മുന്‍കൂട്ടി മനസ്സിലാക്കി അവരെ അതിനനുസരിച്ച് കൈകാര്യം ചെയ്യാന്‍ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അധ്യാപന ജീവിതം തന്നെ സമ്മര്‍ദത്തിന് അടിപ്പെടാനും സാധ്യതയുണ്ട്.

അടുത്തറിയണം കുട്ടികളെ

ഇന്നത്തെ അധ്യാപനരംഗം സമ്പുഷ്ടമാകണമെങ്കില്‍ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധ അധ്യാപകര്‍ കൊടുക്കേണ്ടതുണ്ട്. കുട്ടികളുടെ മാനസികാവസ്ഥ വലിയ അളവില്‍ അസ്വസ്ഥമായിരിക്കുന്നു. ഇന്ന് അധ്യാപകരെ വെറും അധ്യയനം നടത്തുന്നവര്‍ എന്നതില്‍ നിന്ന് മാറി കുറച്ചുകൂടി വിശാലമായ അര്‍ഥത്തില്‍ ഒരു “മെന്റര്‍’ എന്നരീതിയില്‍ കൂടി സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഓരോ കുട്ടിയെയും അടുത്തറിഞ്ഞുകൊണ്ട് അവരുടെ പാഠ്യേതര കഴിവുകള്‍ കൂടി പരിപോഷിപ്പിക്കേണ്ട ഉത്തരവാദിത്വം അധ്യാപകര്‍ക്കുണ്ട്. കുട്ടികളെ അവരുടെ ഭാവിസ്വപ്‌നങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടത് അധ്യാപകര്‍ തന്നെയാണ്. മാത്രമല്ല, സ്വപ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് അതിലേക്കുള്ള ദിശാബോധം കൂടി നല്‍കാനും അധ്യാപകര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ എല്ലാവരും ഒരുപോലെയല്ല. ഓരോ കുട്ടിയും വ്യത്യസ്തരാണ്. ജന്മനാ അവര്‍ക്കുള്ള കഴിവുകള്‍ക്കൊപ്പം അവര്‍ ബാല്യത്തില്‍ ആര്‍ജിച്ചവ, അവരുടെ താത്പര്യങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ട് അവരെ അവര്‍ക്കിണങ്ങുന്ന രംഗത്തേക്ക് വഴിതിരിച്ചുവിടാന്‍ ഒരു അധ്യാപകന് കഴിയണം. കുട്ടികളെ അടുത്തറിയാതെ ഇത് സാധ്യമാക്കാനാകില്ല. ഈ അധ്യയനവര്‍ഷം ഓരോ അധ്യാപകരും ശ്രമിക്കേണ്ടതും അതിന് തന്നെയാണ്.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest