feature
ബുക്ക്മ വായനക്കൂട്ടിലെ നന്മ
നിരന്തരമായി വായിക്കുന്നവർക്ക് ഊർജവും അവസരവും നൽകുക, വായന മുറിഞ്ഞവർക്ക് വീണ്ടും തുടങ്ങാനുള്ള അവസരം സൃഷ്ടിക്കുക, സാമൂഹിക മാധ്യമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം വായിക്കാൻ ആഗ്രഹമുണ്ടായിട്ടും നടക്കാതെ പോകുന്നവർക്ക് അതിന്റെ പ്രാധാന്യം ഓർമപ്പെടുത്തി വായനയിലേക്ക് തിരികെയെത്തിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുമായാണ് ബുക്ക്മ മുന്നേറുന്നത്.

“വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ; അതൊരായുധമാണ്”
ബ്രഹ്ത്തോൾഡ് ബ്രെഹ്ത്
“പുസ്തകത്തിന് പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തന്‍ കാര്യങ്ങള്‍ അകത്തുള്ളത് പുത്തകം.’ കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളാണിത്. അത്രമേൽ പുത്തൻ ചിന്തകളും ആലോചനകളുമായിരിക്കും ഓരോ പുസ്തകം വായിച്ച് തീരുമ്പോഴും വായനക്കാരനിലുണ്ടാകുന്നത്. അത്രമാത്രം രസകരവും ഹൃദ്യവുമാണ് ഓരോ വായനയും.
“വായനക്കാരൻ മരണത്തിനു മുമ്പ് ആയിരം ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നു, എന്നാൽ ഒന്നും വായിക്കാത്തവൻ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു’ വെന്ന് പറഞ്ഞത് വിഖ്യാത സാഹിത്യകാരൻ ജോർജ് ആൻ മാർട്ടിനാണ്.
വായിച്ചു തീർത്ത കഥ, കവിത, നോവൽ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ തുടങ്ങിയ ഓരോന്നിലെ കഥാപാത്രങ്ങളിലൂടെയും ഒരു വായനക്കാരൻ പുതിയ പുതിയ വേഷങ്ങൾ കെട്ടുകയും ആ ജീവിതങ്ങളൊക്കെ ജീവിച്ചു തീർക്കുകയും ചെയ്യുന്നത് എത്ര രസകരമാണല്ലേ. വിശക്കുന്ന മനുഷ്യാ പുസ്തകം കൈയിലെടുക്കൂ, അതൊരു ആയുധമാണെന്ന് ബ്രഹ്ത്തോൾഡ് ബ്രഹ്‌ത് പറഞ്ഞുവെച്ചതും വെറുതെയല്ല. വായനയുടെ പ്രാധാന്യത്തിലേക്കും മനോഹാരിതയിലേക്കും വിരൽ ചൂണ്ടുന്നതാണ് ബ്രഹ്‌തിന്റെ ഈ വാക്കുകൾ. വായന ഒരു അനുഭൂതി തന്നെയാണ്. സർവവും സ്വായത്തമാക്കുന്ന വല്ലാത്തൊരു അനുഭൂതി.
ഏപ്രിൽ 23 ലോക പുസ്തകദിനമായിരുന്നു. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികൾ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് ആ ദിവസം സമുചിതമായി ആഘോഷിക്കുന്നു. സ്പെയിനിലെ വിശ്വവിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സർവാന്റിസിന്റെയും വില്യം ഷേക്സ്പിയറിന്റെയും ഗാർസിലാസോ ഡി ലാ ലവേഗയുടെയും ചരമദിനമാണ് പുസ്തക ദിനമായി ആചരിക്കുന്നത്.
ഈ എഴുത്തുകാരോടുള്ള ആദരസൂചകമായിട്ടാണ് 1995ൽ ലോക പുസ്തകദിനം ആചരിക്കാൻ യുനെസ്‌കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. വില്യം ഷേക്സ്പിയറിന്റെ ജനനവും മരണവും ഏപ്രിൽ 23 നാണെന്നതും ഈ ദിനം പുസ്തകദിനമായി തിരഞ്ഞെടുക്കാൻ കാരണമായി എന്ന് പറയപ്പെടുന്നു. ഏപ്രിൽ 23 ലോക പകർപ്പാവകാശ ദിനമായും അറിയപ്പെടുന്നുണ്ട്.
പുതിയകാല വായനകളും എഴുത്തുകളും
ഡിജിറ്റൽ ഉപകരണങ്ങളുടെയും ഇ ബുക്കുകളുടെയും കുതിച്ചു വരവോടെ വായന മരിക്കുമോ, പുസ്തകങ്ങൾ ഇനി വായിക്കപ്പെടുമോ എന്നിങ്ങനെ വായനയുമായി ബന്ധപ്പെട്ട കുറേ ആശങ്കകളും സന്ദേഹങ്ങളും ഈയടുത്ത കാലം വരെ സാഹിത്യ സംബന്ധമായ പരിപാടികളിൽ നിരന്തരം കേട്ടിരുന്നു. എന്നാൽ ഇത്തരം ആശങ്കകളെയൊക്കെ അസ്ഥാനത്താക്കും വിധത്തിലുള്ള വായനയും പുസ്തക വിൽപ്പനയുമാണ് ലോകത്തെങ്ങും നടക്കുന്നതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
വായന മരിക്കുകയല്ല ചെയ്യുന്നത്, വായിക്കുന്ന ഓരോരുത്തരുടെയും വായനയുടെ രൂപത്തിലും ഭാവത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. പഴയ കാലത്തെ സംബന്ധിച്ച് പുതിയ കാലത്ത് വായനക്കും എഴുത്തിനുമുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും വളരെ വലുതും വിശാലവുമാണ്.മുമ്പ് വായനക്ക് അച്ചടി പുസ്തകങ്ങളും മാഗസിനുകളും മാസികകളും പ്രസിദ്ധപ്പെടുത്തുമായിരുന്നെങ്കിലും അത് വാങ്ങി വായിക്കാനുള്ള ശേഷിയും ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ലഭ്യതയും കുറവായിരുന്നു. സാങ്കേതിക വിദ്യ പ്രചുരപ്രചാരം നേടിയ പുതിയ കാലത്ത് വായനക്ക് അനന്ത സാധ്യതകളാണുള്ളത്.അച്ചടി പുസ്തകങ്ങൾക്കപ്പുറത്തേക്ക് പുസ്തകങ്ങളുടെയും മാഗസിൻ, മാസിക തുടങ്ങി നിരവധിയായ പ്രസിദ്ധീകരണങ്ങളുടെയുമൊക്കെ ഇ ബുക്കുകൾ ഇന്ന് ഓരോരുത്തരുടെയും വിരൽ തുമ്പിൽ ലഭ്യമാകുന്നുണ്ട്.
വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസവും സാമൂഹിക മാധ്യമങ്ങളുടെ കുതിച്ചു ചാട്ടവും ഇന്റർ നെറ്റിന്റെ വിശാലമായ ലഭ്യതയുമൊക്കെ ഒരു വായനക്കാരനെ സംബന്ധിച്ച് വായനക്ക് വ്യത്യസ്തവും വിഭിന്നവുമായ വലിയ വലിയ സാധ്യതകളുടെ ലോകമാണ് തുറന്ന് നൽകിയത്.
യാത്രകളിലും മറ്റും പുസ്തകങ്ങൾ കൈയിലോ ബാഗിലോ ചുമന്നു കൊണ്ട് നടക്കുന്നതിന് പകരം തന്റെ കൈവെള്ളയിലിരിക്കുന്ന മൊബൈൽ ഫോണിലും ടാബുകളിലും ലാപ്ടോപ്പുകളിലുമൊക്കെ വായനക്കുള്ള സൗകര്യം ലഭ്യമാകുന്നത് ഏതൊരു വായനക്കാരനെ സംബന്ധിച്ചിടത്തോളവും ഏറ്റവും ഉപകാരപ്രദവും സുഖകരവുമാണ്.
വായിക്കാൻ ഇത്രത്തോളം സൗകര്യം കൈവന്നത് വായനക്കൊരു ജനാധിപത്യ രൂപം നൽകിയിട്ടുണ്ട് എന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്.വലിയ വില കൊടുത്ത് വാങ്ങി വായിക്കേണ്ടി വന്നിരുന്ന പല പുസ്തകങ്ങളും മാഗസിനുകളും പ്രസിദ്ധീകരണങ്ങളുമൊക്കെ തുച്ഛമായ വിലയിൽ ഇ ബുക്കുകളുടെ രൂപത്തിൽ ലഭ്യമായി. അതേ സമയം തന്നെ ഇ ബുക്കുകളായി പ്രസിദ്ധീകരിക്കപ്പെട്ട മറ്റുചില പുസ്തകങ്ങൾക്ക് വലിയ വിലയുണ്ടെന്നത് മറ്റൊരു വശം. എന്നിരുന്നാലും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന നിരവധി പുസ്തകങ്ങൾ വളരെ തുച്ഛമായ പൈസക്ക് ലഭ്യമായിരുന്നു.ഇൻസ്റ്റാഗ്രാമിലും സ്‌നാപ് ചാറ്റിലും അഭിരമിക്കുന്ന പുതിയ തലമുറയെ ചൊല്ലി വായിക്കുന്നില്ലെന്ന ആശങ്കകൾ പലരും പറയാറുണ്ട്. എന്നാൽ പുതിയ തലമുറയിലെ എല്ലാവരെയും അത്തരത്തിൽ കുറ്റപ്പെടുത്തുന്നതിലും വിമർശിക്കുന്നതിലും യാതൊരു അർഥവുമില്ല.
കാരണം ഇൻസ്റ്റഗ്രാം പോലെയുള്ള സാമൂഹിക മാധ്യമ സംവിധാനങ്ങൾ വായനക്കും എഴുത്തുകൾക്കുമായി ഉപയോഗിക്കുന്ന നിരവധി യുവതീ യുവാക്കളെയും കൗമാരക്കാരെയും നമുക്ക് കാണാനാകും.
അഖിൽ പി ധർമജൻ എഴുതിയ റാം കെയർ ഓഫ് ആനന്ദിയും എൻ മോഹനന്റെ ഒരിക്കലും നിമ്‌നാ വിജയന്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകവുമൊക്കെ വായിച്ചതിൽ മുൻപന്തിയിലുണ്ടാകുക പുതിയ തലമുറക്കാരാകും. റീലുകളിലൂടെയും സ്റ്റോറികളിലൂടെയും പോസ്റ്റുകളിലുമൊക്കെയായി പ്രസ്തുത പുസ്തകങ്ങൾ വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്.
മാത്രമല്ല, ഇത്യാതി റീലുകളും സ്റ്റോറികളും പോസ്റ്റുകളും വഴി പുസ്തക വായനയെ കൂടുതൽ മെച്ചപ്പെടുത്താനും വിപുലമാക്കാനും സഹായകമായിട്ടുണ്ടെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ഏതായാലും ഇത്തരം പുസ്തകങ്ങൾ യുവതലമുറയെ വായിക്കാൻ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്നത് പ്രസ്തുത പുസ്തകങ്ങളുടെ വിജയം തന്നെയാണ്.
ഇൻസ്റ്റഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലെ റീലുകളും പോസ്റ്റുകളും കണ്ട് പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്ന ഒരാൾ വായനയുടെ രസം അറിഞ്ഞ് പിന്നീട് തകഴിയേയും എം ടി യേയും ടി പത്മനാഭനെയുമൊക്കെ തിരഞ്ഞു പിടിച്ച് വായനയുടെ വിശാല ലോകത്ത് അഭയം തേടുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.ഇങ്ങനെ തുടങ്ങിയ ചെറിയ ചെറിയ വായനകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് പലരും എഴുതിത്തുടങ്ങുന്നത്.
അതുകൊണ്ട് തന്നെ പരമ്പരാഗത എഴുത്തു രീതികളെ പാടെ അവഗണിച്ച് പുതിയ രീതിയും ശൈലിയും അവലംബിച്ചു വന്ന പുതുമുഖ എഴുത്തുകാർക്ക് കാര്യമായ രീതിയിൽ സ്വീകാര്യത കൈവന്നതും ഇന്ന് നമുക്ക് കാണാനാകും. ഇങ്ങനെ വായിച്ചു തുടങ്ങുകയും എഴുത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത നിരവധി പുതുമുഖ എഴുത്തുകാർ ഇന്ന് മലയാളത്തിലുണ്ട്.
ഇവർക്കൊക്കെ പ്രോത്സാഹനം നൽകിയും പ്രചോദനമേകിയും ചുറ്റിനും നിരവധിയാളുകളും സംവിധാനങ്ങളുമുണ്ടാകുമെന്നത് നിസ്സംശയം പറയാവുന്ന കാര്യമാണ്. അത്തരത്തിൽ പ്രോത്സാഹനവും പ്രചോദനവും നൽകി വായനയുടെ ലോകത്തേക്ക് കൈപിടിക്കുന്ന ഒരു കൂട്ടായ്മയെക്കുറിച്ചാണ് ഇനി പറയുന്നത്.
വായനയിലേക്കെത്തിക്കാൻ ഒരിടം
വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഗ്രൂപ്പുകളും പേജുകളും ഇന്ന് നിലവിലുണ്ട്. അത്തരം പല ഗ്രൂപ്പുകളിലും സ്വന്തമായി എഴുതിയ കഥകളും കവിതകളും ലേഖനങ്ങളും മറ്റു എഴുത്തുകളും പോസ്റ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക് കാര്യമായ ചർച്ചകളോ സാഹിത്യ സംവാദങ്ങളോ ഉണ്ടാകാറില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ വളരെ കാര്യ ഗൗരവത്തോടെയുള്ള ചർച്ചകളും സംവാദങ്ങളുമായി ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുമുണ്ട്. അത്തരം ഒരു റീഡിംഗ് കമ്മ്യൂണിറ്റിയാണ് ബുക്ക്‌മ. പുതുമയുള്ളത്, തനിമയുള്ളത്, മേൻമയുള്ളത്, നന്മയുള്ളത് എന്നതിനോടൊക്കെ ചേർത്തി വായിക്കാവുന്നൊരു വാക്കാണ് ബുക്ക്‌മ.
കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷമീലും സിനാനും ഒരുമിച്ചു തുടങ്ങിയ റീഡിംഗ് കൂട്ടായ്മയാണിത്. പുസ്തകം വായിക്കുന്നൊരു മനുഷ്യന് മുമ്പിൽ വായനയുടെ രസവും നിറവും പങ്ക് വെക്കാനുള്ള ഇടം അത്യാവശ്യമാണ്.എങ്കിൽ മാത്രമാകും വായനയുടെ തുടർച്ചകൾ സംഭവിക്കുന്നത്. അപ്രകാരം വായിച്ചൊരു മനുഷ്യന് ചുറ്റും അവനെ കേൾക്കാൻ തയ്യാറായ അനേകം വായനക്കാരെ സൃഷ്ടിക്കുകയെന്നതാണ് ബുക്ക്മയുടെ ലക്ഷ്യം. നിരന്തരമായ ആലോചനകൾക്ക് പിന്നാലെ രൂപവത്കൃതമായ ബുക്ക്മ പേര് പോലെ തന്നെ രൂപത്തിലും ഭാവത്തിലും പുതുമ നിലനിർത്തുന്നു. 2023 ഏപ്രിൽ നാലിന് ഇവരുടെ തലയിലുദിച്ച ആശയം ഇരുവരുടെയും പ്രവർത്തനഫലമായി 2025ൽ ഇങ്ക്വിലാബ് ഫൗണ്ടേഷനെന്ന NGO യുടെ സാഹിത്യ വിംഗായി താത്കാലികമായി ലയിക്കുകയും വിപുലമായ തുടർ പ്രവർത്തനങ്ങൾക്ക് അരങ്ങൊരുക്കുകയും ചെയ്തു.
2025 ഫെബ്രുവരിയിൽ രണ്ടാമത് അല്ലാമ ഇഖ്ബാൽ സ്മാരക കോളജ് മാഗസിൻ പുരസ്കാരം, കവി ടി ഉബൈദ് സ്മാരക യുവ സാഹിത്യ പുരസ്കാര ചടങ്ങുകൾ സാംസ്കാരിക നഗരമായ കോഴിക്കോട് വെച്ച് മനോഹരമായി സംഘടിപ്പിച്ചിരുന്നു. തുടർന്നും ഓഫ്്ലൈനിലും ഓൺലൈനിലും സജീവമാകാനൊരുങ്ങുകയാണ് ബുക്ക്മ. കോ ഫൗണ്ടർ മുഹമ്മദ് ഷമീൽ എം എ , കോ ഫൗണ്ടർ സിനാൻ കെ കെ , അഡ്മിൻ ഹാഫിള് സവാദ് , ഡിസൈനർ ഫാത്തിമ സിദ്ദീഖ് കെ, ഇങ്ക്വിലാബ് ഫൗണ്ടേഷൻ സെക്രട്ടറി ഹുസ്നി മുബാറക് ഓമശ്ശേരി, ചെയർമാൻ മുആദ് സി എം തുടങ്ങിയവരാണ് ബുക്മയുടെ പ്രവർത്തനങ്ങളെ നിലവിൽ ക്രമപ്പെടുത്തുന്നത്.
നിരന്തരമായി വായിക്കുന്നവർക്ക് ഊർജവും അവസരവും നൽകുക, വായന മുറിഞ്ഞവർക്ക് വീണ്ടും തുടങ്ങാനുള്ള അവസരം സൃഷ്ടിക്കുക, സാമൂഹിക മാധ്യമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം വായിക്കാൻ ആഗ്രഹമുണ്ടായിട്ടും വായന നടക്കാതെ പോകുന്നവർക്ക് വായനയുടെ പ്രാധാന്യത്തെ ഓർമപ്പെടുത്തി വായനയിലേക്ക് തിരികെയെത്തിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുമായാണ് ബുക്ക്മ മുന്നേറുന്നത്.
വായിച്ച പുസ്തകങ്ങളുടെ റിവ്യൂകളും അനുബന്ധ കുറിപ്പുകളും എഴുതുക, പുസ്തകങ്ങളെ സംബന്ധിച്ച് ചർച്ചകൾ സംഘടിപ്പിക്കുക, സംവാദങ്ങളിലേർപ്പെടുക, എഴുത്തുകാർക്ക് തങ്ങളുടെ പുസ്തകത്തെ കുറിച്ച് സംസാരിക്കാനുള്ള ഇടം നൽകുക തുടങ്ങി നിരവധി കാര്യങ്ങൾ ബുക്ക്‌മയിലൂടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്നു. വായിക്കുന്നൊരു മനുഷ്യന് അവനെ കേൾക്കുന്നൊരു ലോകം കൈപ്പിടിയിലൊതുക്കാമെങ്കിൽ അത് ബുക്ക്മയാകും.