Kerala
സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുന്നു; ശബരിമലയില്‍ ഇനി പൂര്‍ണതോതില്‍ കുടിവെള്ള വിതരണം
പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം 27ന് രാവിലെ 11ന് നിലയ്ക്കലില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
പത്തനംതിട്ട | മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തും മാസപൂജ സമയത്തും ശബരിമലയിലും പരിസരത്തും പൂര്‍ണമായ ശുദ്ധജല വിതരണം ഉറപ്പുവരുത്തുന്ന സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനസജ്ജമായി. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം 27ന് രാവിലെ 11ന് നിലയ്ക്കലില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
പദ്ധതി നടപ്പാകുന്നതോടെ ശബരിമലയില്‍ നടതുറക്കുന്ന സമയങ്ങളില്‍ ടാങ്കര്‍ ലോറി മുഖേന നടന്നു വന്നിരുന്ന കുടിവെള്ള വിതരണ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും. ശബരിമല നിലയ്ക്കല്‍ ബേസ് ക്യാമ്പിനും സീതത്തോട് ഗ്രാമപഞ്ചായത്തിനും പെരുനാട് ഗ്രാമപഞ്ചായത്തിലെ പ്ലാപ്പള്ളിളാഹ പ്രദേശങ്ങള്‍ക്കും ആവശ്യമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതാണ് പദ്ധതി. നബാര്‍ഡ് സഹായത്തോടെയുള്ള പദ്ധതി, 120 കോടി രൂപയുടെ ഭരണാനുമതിയില്‍, 84.38 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കടുത്ത കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന സീതത്തോട്, പെരുനാട് പഞ്ചായത്തുകള്‍ക്കും കുടിവെള്ളത്തിനായി കാട്ടാരുവികളെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന അട്ടത്തോട്, ളാഹ പ്രദേശവാസികള്‍ക്കും സ്ഥിരമായ ജലവിതരണം ഉറപ്പാക്കാന്‍ പദ്ധതി വഴി സാധിക്കും. 13 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ആധുനിക ജല ശുദ്ധീകരണശാല, ഒമ്പത് മീറ്റര്‍ വ്യാസമുള്ള കിണര്‍, 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണികള്‍, 22.5 കിലോമീറ്റര്‍ നീളമുള്ള പമ്പിങ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.


