Kerala
കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയില്‍ ലീഗിന്റെ ഫാത്തിമ തഹ്ലിയക്ക് വന്‍ വിജയം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ വിജയിച്ചു.
കോഴിക്കോട്| കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയില്‍ മുസ്‌ലിം ലീഗിന്റെ അഡ്വ. ഫാത്തിമ തഹ്ലിയക്ക് വിജയം. ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് ഫാത്തിമ തഹ്ലിയ വിജയിച്ചത്. എല്‍ഡിഎഫിന്റെ ഐഎന്‍എല്‍ സ്ഥാനാര്‍ഥി വി പി റഹിയാനത്ത് ടീച്ചറെയാണ് ഫാത്തിമ തോല്‍പ്പിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി മുസാഫര്‍ അഹമ്മദ് തോറ്റു.കോഴിക്കോട് കോര്‍പറേഷനില്‍ മേയര്‍ ബീനാ ഫിലിപ്പിന്റെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി രനീഷിന് അട്ടിമറി വിജയം. 1425 വോട്ട് ടി.രനീഷ് നേടിയപ്പോള്‍ 1257 വോട്ടാണ് സിപിഎമ്മിന്റെ അഡ്വ. അങ്കത്തില്‍ അജയ് കുമാര്‍ നേടിയത്.
ആദികടലായി ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ റിജില്‍ മാക്കുറ്റി ജയിച്ചു. കഴിഞ്ഞ രണ്ടുതവണയും ഇടതുപക്ഷം വിജയിച്ച ഡിവിഷനിലാണ് റിജില്‍ മാക്കുറ്റി മിന്നും ജയം നേടിയത്. കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനില്‍ ബിജെപിയുടെ നവ്യ ഹരിദാസ് വിജയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു
കല്‍പറ്റ നഗരസഭയില്‍ 12ാം വാര്‍ഡ് എമിലിത്തടത്തിലെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥി സൗമ്യ വിജയിച്ചു. യുഡിഎഫിലെ റംല സുബൈറിനെ പരാജയപ്പെടുത്തിയാണ് സൗമ്യ വിജയം നേടിയത്. കോട്ടയം നഗരസഭാധ്യക്ഷ സ്ഥാനം സിപിഐഎം നിരസിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിനു പുളിക്കക്കണ്ടത്തിന് മിന്നും വിജയം. ഒപ്പം ബിനുവിന്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.
കൊല്ലത്തെ എല്‍ഡിഎഫ് മേയര്‍ ഹണി ബെഞ്ചമിനെ യുഡിഎഫിന്റെ കുരുവിള ജോസഫ് പരാജയപ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ശ്രീലേഖ മത്സരിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസിന് വിജയം. സ്റ്റേഡിയം വാര്‍ഡിലാണ് കോണ്‍ഗ്രസിന്റെ ദീപ്തിയുടെ വിജയം. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളില്‍ ഒരാളാണ് കെപിസിസി സെക്രട്ടറിയായ ദീപ്തി.
കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയില്‍ സിപിഐഎമ്മിന് തിരിച്ചടി. വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. എല്‍ഡിഎഫിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥിയും മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഐപി ബിനുവാണ് തോറ്റത്. യുഡിഎഫിന്റെ മേരി പുഷ്പം 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

