Kerala
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു
231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്.
തിരുവനന്തപുരം| തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒന്‍പത് സീറ്റില്‍ യുഡിഎഫും മുന്നില്‍. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്.
ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. 363 വോട്ടാണ് വൈഷ്ണ നേടിയത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ്. ജനങ്ങല്‍ നൽകിയ വിജയമാണ്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ പറഞ്ഞതും സത്യം വിജയിക്കുമെന്നാണ്. ഇന്നും അത് തന്നെയാണ് പറയാനുള്ളത്.പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകി. വളരെയധികം സന്തോഷമുണ്ട്. ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു.
അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഫെനി നൈനാന് തോല്‍വി. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെനി നൈനാന്‍ മൂന്നാം സ്ഥാനത്താണ്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പത്തനംതിട്ട നഗരസഭ പതിനാറാം വാര്‍ഡില്‍ 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിമതന്‍ ബിബിന്‍ ബേബി വിജയിച്ചു. കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ജാസിം കുട്ടിയെ ആണ് തോല്‍പ്പിച്ചത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ റിനോ പി രാജന്‍ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിജയിച്ചു. 25 വര്‍ഷത്തിലേറെയായി സിപിഎം ഭരിച്ചിരുന്ന എഴുമറ്റൂര്‍ പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ബിജെപി ജയിച്ചു. ബിജെപി പത്തനംതിട്ട ജില്ല സെക്രട്ടറി കെ ബിന്ദുവാണ് വിജയിച്ചത്.

