Connect with us

Kerala

ഗവര്‍ണറോടുള്ള നിലപാട് വിഷയാധിഷ്ഠിതം; യു ഡി എഫില്‍ ആശയക്കുഴപ്പമില്ല: വി ഡി സതീശന്‍

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി സിമാര്‍ക്ക് തുടരാനാകില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ഗവര്‍ണറോടുള്ള യു ഡി എഫിന്റെ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫ് നിലപാടില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. ഗവര്‍ണര്‍ വിഷയത്തില്‍ യു ഡി എഫിലെ ഭിന്നത അകറ്റാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സതീശന്‍.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി സിമാര്‍ക്ക് തുടരാനാകില്ല. വി സിമാര്‍ മാറണമെന്ന നിലപാടില്‍ എന്താണ് തെറ്റ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കരുതെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കും എതിരാണ് സുപ്രീം കോടതി വിധി. വിധി പ്രകാരം വി സിമാരെ സംരക്ഷിക്കാന്‍ ചാന്‍സലര്‍ക്കും ആകില്ല. 11.30നകം രാജിവെക്കണമെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടില്ല. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ എന്നും ശക്തമായി പ്രതികരിക്കുന്നത് പ്രതിപക്ഷമാണ്. ബി ജെ പിയുടെയും പിണറായിയുടെയും തന്ത്രത്തില്‍ വീഴില്ലെന്നും സതീശന്‍ പറഞ്ഞു.

ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായ സാചഹര്യത്തിലാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. വി ഡി സതീശനു പുറമെ ക സി വേണുഗോപാല്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Latest