Connect with us

Kerala

ടിപി കേസ് പ്രതികള്‍ക്കായി ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ച നടപടി അസാധാരണവും നിഗൂഢതയുള്ളതും; കെകെ രമ

കത്തില്‍ പരോള്‍ എന്നോ വിട്ടയയ്ക്കല്‍ എന്നോ വ്യക്തമാക്കാതെ 'വിടുതല്‍' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായി ജയില്‍ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള അസാധാരണ നീക്കത്തില്‍ പ്രതികരിച്ച് കെ കെ രമ എംഎല്‍എ. പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്നം ഉണ്ടാകുമോ എന്ന് ചോദിച്ച് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് ജയില്‍ മേധാവി കത്തയക്കുകയായിരുന്നു. ഇത് അസാധാരണ നടപടിയെന്ന് കെ കെ രമ പ്രതികരിച്ചു. പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ. ഇവിടുത്തെ പോലീസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും നിഗൂഢതയുള്ളതുമാണെന്നാണ് തോന്നുന്നത്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ലെന്നും രമ പറഞ്ഞു.

പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്ക്ക് വേണ്ടി, ചികിത്സ അവധി കൊടുത്തിരിക്കുന്നത്. പ്രതി ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതെന്നും രമ കൂട്ടിച്ചേര്‍ത്തു.

കത്തില്‍ പരോള്‍ എന്നോ വിട്ടയയ്ക്കല്‍ എന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ എന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രതികള്‍ നിലവില്‍ കഴിയുന്ന സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് മാത്രം കത്തയയ്ക്കാതെ മുഴുവന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനുമാണ് ജയില്‍ മേധാവി കത്തയച്ചിരിക്കുന്നത്. ടി പി വധക്കേസിലെ പ്രതികളെ 20 വര്‍ഷത്തേക്ക് വിട്ടയക്കരുതെന്നാണ് കോടതി ഉത്തരവ്. ഇതു നിലനില്‍ക്കെയാണ് ജയില്‍ വകുപ്പിന്റെ അസാധാരണ നീക്കം.

 

Latest