Kerala
തരൂരിന്റെ നീക്കം: താരിഖ് അന്‍വര്‍ കേരളത്തിലേക്ക്
കോട്ടയം പരിപാടിയെച്ചൊല്ലി പോരുമുറുകുന്നു
ന്യൂഡല്‍ഹി | ശശി തരൂരിന്റെ വടക്കന്‍ കേരള പര്യടനും ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന. സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലേക്ക്.
താരിഖ് അന്‍വര്‍ മറ്റന്നാള്‍ സംസ്ഥാനത്തെത്തി നേതാക്കളെ കാണും. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും കെപിസിസി തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു ചെറിയ വിഷയം മാത്രമാണെന്നും എ ഐ സി സി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ടെങ്കിലും സാഹചര്യം പരിശോധിച്ച് ഹൈക്കമാന്റിനു റിപ്പോര്‍ട്ട് നല്‍കും. കോഴിക്കോട് വച്ചാണ് നേതാക്കളെ കാണുന്നത്. മുന്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലേക്കെത്തുന്നതെങ്കിലും തരൂര്‍ വിഷയം സംബന്ധിച്ചു നേതാക്കളില്‍ നിന്നു വിശദവിവരം ശേഖരിക്കും.
അതേസമയം, ശശി തരൂരിന് വേദി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് കോട്ടയം കമ്മറ്റി തീരുമാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകി. പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം പരിപാടികള്‍ ഡി സി സിയെ അറിയിക്കുന്നതാണ് പതിവ്. യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെ സംബന്ധിച്ച് ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് മേല്‍ഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തരൂരിന് യൂത്ത് കോണ്‍ഗ്രസ് വേദി ഒരുക്കുന്നത് ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവില്‍ ശശി തരൂരിന് ഒപ്പമാണു തങ്ങളെന്ന വ്യക്തമായ സൂചന നല്‍കിയാണ് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പരിപാടി.
അടുത്ത മാസം മൂന്നിന് തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡില്‍ നിന്ന് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയെങ്കിലും വിവാദമായതോടെ കൂട്ടിച്ചേര്‍ത്തു.



