Connect with us

Business

ഇലോൺ മസ്‌കിന്റെ ഒരു ട്രില്യൺ ഡോളർ ശമ്പള പാക്കേജിന് ടെസ്‌ല ഓഹരി ഉടമകളുടെ അംഗീകാരം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും റോബോട്ടിക്സിലുമുള്ള സാങ്കേതികവിദ്യകൾക്കായി ടെസ്‌ല മുന്നിട്ടിറങ്ങുന്ന ഈ സാഹചര്യത്തിൽ മസ്‌കിന്റെ തുടർ സേവനം ഉറപ്പാക്കുന്നതിനാണ് ഭീമൻ ശമ്പള പാക്കേജ് (ഏകദേശം 8,86,33,15,00,00,000.00 ഇന്ത്യൻ രൂപ) പ്രഖ്യാപിച്ചത്.

Published

|

Last Updated

ഓസ്റ്റിൻ | ടെസ്‌ല സി ഇ ഒ ഇലോൺ മസ്‌കിന് ഒരു ട്രില്യൺ ഡോളർ (ഏകദേശം 8,86,33,15,00,00,000.00 ഇന്ത്യൻ രൂപ) വരെ മൂല്യമുള്ള ഭീമൻ ശമ്പള പാക്കേജിന് ഓഹരി ഉടമകൾ അംഗീകാരം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും റോബോട്ടിക്സിലുമുള്ള സാങ്കേതികവിദ്യകൾക്കായി ടെസ്‌ല മുന്നിട്ടിറങ്ങുന്ന ഈ സാഹചര്യത്തിൽ മസ്‌കിന്റെ തുടർ സേവനം ഉറപ്പാക്കുന്നതിനാണ് ഭീമൻ ശമ്പള പാക്കേജ് പ്രഖ്യാപിച്ചത്. ഇതിന് 75 ശതമാനത്തിലധികം ഓഹരി ഉടമകളുടെയും പിന്തുണ ലഭിച്ചതായി കമ്പനിയുടെ വാർഷിക യോഗത്തിൽ ടെസ്‌ല ഉദ്യോഗസ്ഥൻ പറഞ്ഞു.

പിന്തുണച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നതായി മസ്ക് യോഗത്തിൽ പറഞ്ഞു. ഈ നടപടിയെ താൻ ഇതിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ഓസ്റ്റിനിലെ ഫാക്ടറിയിൽ നടന്ന യോഗത്തിൽ വോട്ടിങ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ “ഇലോൺ” എന്ന ആർപ്പുവിളികൾ ഉയർന്നു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ വലതുപക്ഷ രാഷ്ട്രീയക്കാരെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് മസ്‌ക് ഒരു ശ്രദ്ധാകേന്ദ്രമായി ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ വ്യാഴാഴ്ച നടന്ന വോട്ടെടുപ്പ് നിക്ഷേപകരുമായുള്ള ഈ കോടീശ്വരന്റെ സംരംഭക ബന്ധത്തിന്റെ ഏറ്റവും പുതിയ തെളിവാണ്.

കുറഞ്ഞത് ഏഴര വർഷത്തേക്കെങ്കിലും മസ്‌ക് ടെസ്‌ലയിൽ തുടരുന്നു എന്ന് ഈ പാക്കേജ് ഉറപ്പാക്കുന്നു. പാക്കേജ് അവതരിപ്പിച്ച സെപ്റ്റംബറിൽ ഏകദേശം 12 ശതമാനം ഓഹരി ഉണ്ടായിരുന്നത് 25 ശതമാനത്തിലധികം വരെ ഉയർത്താൻ ഇതിലൂടെ മസ്‌കിന് സാധിക്കും.

ടെസ്‌ലയുടെ വളർച്ചാ സാധ്യതകൾ അതിരുകളില്ലാത്തതാണെന്ന് മസ്‌ക് കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു. ഓട്ടോനോമസ് ഡ്രൈവിംഗിലും എ ഐ യിലും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിഭാവനം ചെയ്ത മുന്നേറ്റങ്ങൾ നൽകാൻ സാധിച്ചാൽ ടെസ്‌ല ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ ഉടമസ്ഥാവകാശ ഓഹരി താൻ ആഗ്രഹിക്കുന്നത്ര സ്വാധീനം ചെലുത്താൻ കഴിയുന്നത്ര ഉയർത്തിയില്ലെങ്കിൽ ടെസ്‌ല വിടുകയോ പിന്നോട്ട് പോവുകയോ ചെയ്യുമെന്ന ഭീഷണിയും മസ്ക് ഉയർത്തിയിരുന്നു.

മസ്‌കിനെ നിലനിർത്തുന്നത് ടെസ്‌ലയുടെ ഭാവിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ടെസ്‌ല ചെയർ റോബിൻ ഡെൻഹോൾം യോഗത്തിൽ വാദിച്ചു. മസ്‌ക് പുറത്തുപോയാൽ കമ്പനിയുടെ ഓഹരി ഇടിയാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. വിവാദപരമായ രാഷ്ട്രീയ വ്യക്തിത്വങ്ങളെ മസ്ക് പിന്തുണയ്ക്കുന്നത് വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്ന വിമർശനം ബോർഡ് തള്ളിക്കളഞ്ഞു.