International
അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് മേജറെ ഭീകരന്‍ വധിച്ചു
പാക് സൈന്യത്തിലെ മേജര്‍ സെയ്ദ് മുയിസ് ആണ് തെഹ്രിക് താലിബാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്
ഇസ്ലാമാബാദ് | ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ യുദ്ധ തടവുകാരനായി പിടികൂടിയ പാക് സൈനികനെ ഭീകരര്‍ കൊലപ്പെടുത്തി. പാക് സൈന്യത്തിലെ മേജര്‍ സെയ്ദ് മുയിസ് ആണ് തെഹ്രിക് താലിബാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് പാക് സൈനികന്‍ കൊല്ലപ്പെട്ടത്. മേജര്‍ സെയ്ദ് മുയിസിനെക്കൂടാതെ മറ്റ് രണ്ട് സൈനികര്‍ക്ക് കൂടി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 2019ലെ ബാലക്കോട്ട് വ്യോമക്രമണത്തിന് പിന്നാലെയാണ് ഇന്ത്യന്‍ വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്‍ സേനയുടെ പിടിയിലാക്കുന്നത്. ഇന്ത്യ- പാക് ആകാശ യുദ്ധത്തില്‍ ആണ് അഭിനന്ദന്‍ പാക് അധിനിവേശ കശ്മീരില്‍ അകപ്പെട്ടത്. 60മണിക്കൂര്‍ അദ്ദേഹം പാക് സേനയുടെ കസ്റ്റഡിയില്‍ ആയിരുന്നു.
2019ലെ പുല്‍വാമ ആക്രമണത്തിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബാലകോട്ടിലെ ഒരു ഭീകര പരിശീലന ക്യാമ്പില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ-പാകിസ്താന്‍ വ്യോമാക്രമണം തുടങ്ങിയത്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാകിസ്താന്‍ ഏകദേശം 24 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചത് ശക്തമായി പ്രതിരോധിക്കുന്നതിനിടെ കോംബാറ്റ് എയര്‍ പട്രോളിന്റെ ഭാഗമായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് അധിനിവേശ കശ്മീരില്‍ അകപ്പെടുകയും അഭിനന്ദിനെ മേജര്‍ സെയ്ദ് മുയിസ് അടക്കമുള്ളവര്‍ പിടികൂടുകയുമായിരുന്നു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം അഭിനന്ദിനെ വിട്ടുനല്‍കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായി.




