Connect with us

Afghanistan crisis

താലിബാന്‍ വേട്ടയാടല്‍; അഫ്ഗാനികള്‍ക്ക് അക്കൗണ്ട് ലോക്ക് ചെയ്യാന്‍ സംവിധാനവുമായി ഫേസ്ബുക്ക്

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒറ്റ ക്ലിക്കില്‍ തങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യാന്‍ അഫ്ഗാന്‍ ജനതക്ക് സാധിക്കും

Published

|

Last Updated

കാബൂള്‍ | താലിബാന്‍ അധിനിവേശത്തെ തുടര്‍ന്ന് അരക്ഷിതമായ അഫ്ഗാനിസ്ഥാന്‍ ജനതക്ക് സുരക്ഷയൊരുക്കി സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കും. ഫേസ്ബുക്ക് അക്കൗണ്ട് തത്കാലത്തേക്ക് ലോക്ക് ചെയ്യാനും സുഹൃത്തുക്കളുടെ ലിസ്റ്റ് മറച്ചുവെക്കാനും സാധിക്കുന്ന സംവിധാനമാണ് അഫ്ഗാനില്‍ നടപ്പിലാക്കിയത്. താലിബാന്‍ നിലപാടുകളെ എതിര്‍ക്കുന്നവരെയും മറ്റു രാജ്യങ്ങളുമായി ബന്ധമുള്ളവരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന താലിബാന്‍ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ സംവിധാനം അഫ്ഗാന്‍ ജനതയെ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

സുഹൃത്തുക്കളുടെ ലിസ്റ്റ് പരതിയും മുമ്പ് നല്‍കിയ പോസ്റ്റുകള്‍ പരിശോധിച്ചും താലിബാന്‍ സംഘം തങ്ങളെ തേടിവരുമെന്ന ഭയത്താല്‍ അഫ്ഗാനിസ്ഥാനികള്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാപകമായി ഡിലീറ്റ് ചെയ്യുന്ന പ്രവണതയുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിച്ച് മുന്‍ സര്‍ക്കാറുമായും പടിഞ്ഞാറന്‍ രാജ്യങ്ങളുമായും ബന്ധമുള്ളവരെ കണ്ടെത്തി താലിബാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ ഭയചകിരായി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നത്.

എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒറ്റ ക്ലിക്കില്‍ തങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യാന്‍ അഫ്ഗാന്‍ ജനതക്ക് സാധിക്കും. ഇത്തരത്തില്‍ ലോക്ക് ചെയ്ത അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഷെയര്‍ ചെയ്യാനോ പോസ്റ്റുകള്‍ കാണുവാനോ സുഹൃത്തുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഫ്രന്‍ഡ് ലിസ്റ്റ് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആര്‍ക്കും ലഭ്യമാകുകയുമില്ല.

ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റഗ്രാമും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എങ്ങനെ അക്കൗണ്ട് സുരക്ഷിതമാക്കാം എന്നത് സംബന്ധിച്ച് പോപ് അപ് മെസ്സേജുകള്‍ വഴിയാണ് നിര്‍ദേശം നല്‍കുന്നത്.