Connect with us

ponnani moulid

എസ് വൈ എസ് റബീഅ് കാമ്പയിന്‍: പൊന്നാനി മൗലിദ് നാളെ

വരും കാലങ്ങളിലും കേരളത്തിലുടനീളം ഈ പാരമ്പര്യം തനിമയോടെ നിലനിര്‍ത്തുക എന്ന ദൗത്യമാണ് എസ് വൈ എസ് നിര്‍വഹിക്കുന്നത്. 

Published

|

Last Updated

പൊന്നാനി | തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന റബീഅ് കാമ്പയിനിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനമായ പൊന്നാനി മൗലിദ് നാളെ വൈകിട്ട് ആറിന് പൊന്നാനി വലിയ ജുമാമസ്ജിദില്‍. പൊന്നാനി വലിയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച നബി കീര്‍ത്തന കാവ്യമായ മന്‍ഖൂസ് മൗലിദാണ് പാരായണം ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും പടര്‍ന്നുപിടിച്ച സാംക്രമിക രോഗങ്ങളില്‍ നിന്നും രക്ഷ നേടാനായി മഖ്ദൂം കബീര്‍ മന്‍ഖൂസ് മൗലീദ് രചിക്കുകയും പ്രദേശവാസികളോട് സ്ഥിരമായി അവ പാരായണം ചെയ്തു രോഗ ശമനത്തിനായി പ്രാര്‍ഥിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. പൊന്നാനിയിലെ വീടുകള്‍, കടകള്‍, മത്സ്യബന്ധന യാനങ്ങള്‍ എന്നിവയിലെല്ലാം മന്‍ഖൂസ് മൗലിദ് വര്‍ഷം തോറും പാരായണം ചെയ്യുന്നു. വരും കാലങ്ങളിലും കേരളത്തിലുടനീളം ഈ പാരമ്പര്യം തനിമയോടെ നിലനിര്‍ത്തുക എന്ന ദൗത്യമാണ് എസ് വൈ എസ് നിര്‍വഹിക്കുന്നത്.

മൗലിദിന്റെ ഭാഗമായി സിയാറത്ത്, പള്ളിയില്‍ നിന്ന് വലിയ ജുമുഅത്ത് പള്ളിയിലേക്കുള്ള സ്വലാത്ത് ജാഥ, പീടിക മൗലിദ്, ചീരിണി വരവ്, അന്നദാനം എന്നിവ നടക്കും. വൈകിട്ട് ആറിനാണ് മഖാം സിയാറത്ത്. മഖ്ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങള്‍  നേതൃത്വം നല്‍കും. ഏഴിന് ആരംഭിക്കുന്ന മൗലിദ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍  ഉദ്ഘാടനം ചെയ്യും. വി സൈദ് മുഹമ്മദ് തങ്ങള്‍, എന്‍ വി അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം, കെ എം മുഹമ്മദ് ഖാസിം കോയ സാഹിബ്, എ എ റഹീം കരുവാത്ത്കുന്ന് പ്രസംഗിക്കും. സയ്യിദ് സീതികോയ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഉമര്‍ ശരീഫ് സഅദി കെ പുരം മൗലിദിന് നേതൃത്വം നല്‍കും.

സമാപന പ്രാര്‍ഥനക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ നേതൃത്വം നല്‍കും. മുനീര്‍ പാഴൂര്‍, ഉസ്മാന്‍ ചെറുശ്ശോല, എ മുഹമ്മദ് ക്ലാരി, ടി എം ബശീര്‍ രണ്ടത്താണി, അബ്ദുല്ല ബാഖവി ഇയ്യാട്, കെ എം യൂസുഫ് ബാഖവി, അശ്റഫ് ബാഖവി, അബ്ദുല്‍ ഹമീദ് ലത്വീഫി, അബ്ദുല്‍ മജീദ് സഅദി സംബന്ധിക്കും. എ എ റഹീം കരുവാത്ത്കുന്ന്, സയ്യിദ് സീതിക്കോയ അല്‍ ബുഖാരി, കെ എം മുഹമ്മദ് ഖാസിം കോയ, യൂസുഫ് ബാഖവി മാറഞ്ചേരി, ഉസ്മാന്‍ സഖാഫി പത്രസമ്മേളനത്തിൽ പങ്കെടുത്തു.

---- facebook comment plugin here -----

Latest