Kerala
യുവാവിന്റെ കൈ വിരലുകള്‍ വെട്ടിമുറിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍
കുണ്ടുതോട് സ്വദേശി ചോലയില്‍ അബ്ദുള്‍ ജസലി(31)നെയാണ് എടവണ്ണ പൊലീസും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്

മലപ്പുറം | വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ കൈവിരലുകള്‍ വെട്ടിമുറിച്ച പ്രതി പിടിയില്‍. കുണ്ടുതോട് സ്വദേശി ചോലയില്‍ അബ്ദുള്‍ ജസലി(31)നെയാണ് എടവണ്ണ പൊലീസും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ഒതായി സ്വദേശി മാരിയോടന്‍ ജംഷീറിനാണ് വെട്ടേറ്റത്.
വാക്കുതര്‍ക്കത്തിനിടെ ജസല്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജംഷീറിനെ വെട്ടാന്‍ ശ്രമിച്ചു. ഒഴിഞ്ഞുമാറിയ ജംഷീറിന്റെ ഇടതു കൈവിരലുകള്‍ മുറിഞ്ഞു തൂങ്ങുകയുമായിരുന്നു. ജൂണ്‍ നാലിന് രാത്രി പത്തോടെ കുണ്ടുതോടുവച്ചായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയായിരുന്നു. 2017ല്‍ എടവണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു വധശ്രമകേസിലും ജസല്‍ പ്രതിയാണ്.
ഇന്‍സ്പെക്ടര്‍ ബി എസ് ബിനുവിന്റെ നേതൃത്വത്തില്‍ പെരുമ്പാവുരില്‍നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ് ഐ ഫിലിപ്പ്, എ എസ് ഐ സുനിത, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.