Connect with us

Uae

സുറയ്യ നക്ഷത്രമുദിക്കും; ഇനി കൊടും ചൂടിന്റെ നാളുകൾ

സുറയ്യ നക്ഷത്രം ജൂൺ 19 വരെ 13 ദിവസത്തോളം ചക്രവാളത്തിലുണ്ടാവും

Published

|

Last Updated

ഷാർജ | യു എ ഇയിൽ നാളെ (ജൂൺ 7) പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ സുറയ്യ (കാർത്തിക) നക്ഷത്രക്കൂട്ടം പ്രത്യക്ഷപ്പെടും. അറബികൾ ഈ നക്ഷത്രത്തിന്റെ ഉദയത്തെ കൊടും ചൂടുകാലമായ “അൽ-കൈത്ത്’ ആരംഭിക്കുന്നതിന്റെ ആദ്യ ലക്ഷണമായാണ് കണക്കാക്കുന്നത്. ഈ സമയം താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുകയും വരണ്ട കാറ്റായ “അൽ-സമൂം’ സജീവമാകുകയും ചെയ്യും. സുറയ്യ നക്ഷത്രം ജൂൺ 19 വരെ 13 ദിവസത്തോളം ചക്രവാളത്തിലുണ്ടാവുമെന്ന് എമിറേറ്റ്‌സ് ആസ്‌ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് സയൻസസ് അംഗവുമായ ഇബ്്റാഹിം അൽ ജർവാൻ പറഞ്ഞു.

അതേസമയം, സുറയ്യയുടെയും അതിന്റെ അടുത്ത നക്ഷത്രമായ അൽ ദെബറാന്റെയും സീസൺ ജൂൺ ഏഴ് മുതൽ ജൂലൈ രണ്ട് വരെ നീണ്ടുനിൽക്കും. ജൂൺ 21ലെ വേനൽക്കാല ആരംഭ ദിനത്തിൽ സൂര്യൻ കർക്കിടക രാശിയിലേക്ക് നീങ്ങും. ഭൂമിയുടെ വടക്കൻ അർധഗോളത്തിൽ പകൽ ഏറ്റവും ദൈർഘ്യമേറിയതും രാത്രി ഏറ്റവും കുറഞ്ഞതുമായിരിക്കും. പകൽ താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിലും രാത്രി താപനില 25 ഡിഗ്രി സെൽഷ്യസിന് താഴെയുമായിരിക്കില്ല. ഈ സമയത്ത് വടക്ക് – പടിഞ്ഞാറൻ ദിശയിൽ നിന്ന് വരണ്ട കാറ്റ് വീശും. ഇതിനെ അറബികൾ “അൽ ബവാരിഹ്’ അല്ലെങ്കിൽ “അൽ-ബാരിഹ്’ എന്ന് വിളിക്കുന്നു. ചില സമയങ്ങളിൽ പൊടിക്കാറ്റും സജീവമാകും.

കൊടും ചൂടുകാലത്ത് താപനില സാധാരണയിൽ ഉഷ്ണതീവ്രത ഉണ്ടാകാറുണ്ട്. ഇത് രണ്ട് ദിവസമെങ്കിലും നീണ്ടുനിൽക്കും. ഇതിനെ അറബികൾ “വഗ്റാത്ത്’ എന്നാണ് വിളിക്കുന്നത്. കൊടും ചൂടുകാലം ജൂൺ മുതൽ ആഗസ്റ്റ് വരെ നീണ്ടുനിൽക്കും. കാർഷിക മേഖലയിൽ ഈ സമയം വിളവെടുപ്പിന്റെ കാലമാണ്. ഈത്തപ്പഴം വിളയുന്ന സമയം കൂടിയാണിത്. എന്നാൽ ഓരോ പ്രദേശത്തും ഇനങ്ങൾക്കുമനുസരിച്ച് വിളവെടുപ്പ് സമയം വ്യത്യാസപ്പെടാം.

 

 

Latest