Connect with us

Kerala

ദേവികുളത്ത് തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട സുധാകരന്റെ നടപടി ജനാധിപത്യ വിരുദ്ധം: എം വി ഗോവിന്ദൻ

കേന്ദ്രം ഭരിക്കുന്ന ബി ജെ പി സമീപകാലത്ത്‌ സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക്‌ ബലം നല്‍കുന്നതാണ്‌ കെ.പി.സി.സിയുടെ നിലപാടെന്നും ഗോവിന്ദൻ

Published

|

Last Updated

തിരുവനന്തപുരം | ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ദേവികുളത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ്‌ കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും, നിയമവാഴ്‌ചക്ക്‌ കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സമീപകാലത്ത്‌ സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക്‌ ബലം നല്‍കുന്നതാണ്‌ കെ.പി.സി.സിയുടെ നിലപാട്‌. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അധികാര ദുര്‍വിനിയോഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായം എന്നറിഞ്ഞാല്‍കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ ലോകസഭാ സെക്രട്ടറിയേറ്റ്‌ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ്‌ അടിച്ചേല്‍പ്പിക്കാനുള്ള ബി ജെ പി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച്‌ അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്ത്‌ ബി ജെ പിക്ക്‌ ശക്തിപകരാനാണ്‌ കെ പി സി സിയുടെ ശ്രമം.

അപകീര്‍ത്തി കേസ്‌ മറയാക്കി പ്രതിപക്ഷ എം.പിമാരെ അയോഗ്യനാക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമത്തെ ശക്തമായി എതിര്‍ത്ത പാർട്ടിയാണ്‌ സി പി എം എന്നും അദ്ദേഹം പറഞ്ഞു. സൂറത്ത്‌ കോടതി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ ധൃതിപിടിച്ച്‌ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന്‌ വിലയിരുത്തിയ പാര്‍ട്ടിയാണ്‌ സി പി എം. ആംആദ്‌മി പാര്‍ടി നേതാവും, ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ സിസോദിയയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചതിനേയും, ലക്ഷദ്വീപ്‌ എം.പി മുഹമ്മദ്‌ ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും പാർട്ടി നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ഇത്തരം നടപടികള്‍ക്ക്‌ സാധുത നല്‍കുന്നതാണ്‌ കെ.പി.സി.സി കൈക്കൊള്ളുന്ന നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

---- facebook comment plugin here -----

Latest