National
മണിപ്പൂരിൽ വിദ്യാർഥികളും പോലീസും ഏറ്റുമുട്ടി; 54 വിദ്യാർഥികൾക്ക് പരുക്കേറ്റു
ജൂലൈ മുതൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലിറങ്ങുകയായിരുന്നു
ഇംഫാൽ | മണിപ്പൂരിലെ ഇംഫാൽ നഗരത്തിൽ സുരക്ഷാ സേനയും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. ഇതിൽ ഒരു അധ്യാപകനടക്കം 54 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ജൂലൈ മുതൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലിറങ്ങുകയായിരുന്നു. പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സെപ്തംബർ 23 ന് സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതിന് ശേഷം കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകൾ പുറത്തുവന്നിരുന്നു. രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കുറ്റിക്കാടുകൾക്കിടയിൽ കിടക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനിടെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങിയത്. 17 വയസ്സുള്ള ഹിസാം ലിന്തോയിങ്കമ്പിയെയും 20 വയസ്സുള്ള ഫിസാം ഹേംജീത്തിനെയുമാണ് കാണാതായത്.
വിദ്യാർഥികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജൂലൈയിൽ രണ്ട് വിദ്യാർത്ഥികളെയും ഒരു കടയിലെ സിസിടിവി ക്യാമറയിൽ കണ്ടെങ്കിലും പിന്നീട് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കുറ്റവാളികളെ പിടികൂടാൻ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ സംയമനം പാലിക്കണമെന്നും അന്വേഷണ ഏജൻസികളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതിനിടെ, സംസ്ഥാനത്തെ എല്ലാ സർക്കാർ, സർക്കാരിതര സ്‌കൂളുകൾക്കും സെപ്റ്റംബർ 27, 29 തീയതികളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.