Connect with us

National

യെലഹങ്ക ബുൾഡോസർ രാജ്: എ ഐ സി സി കർണാടക ഘടകത്തോട് വിശദീകരണം തേടി

പ്രതിഷേധം കടുത്തതോടെ കുടിയിറക്കപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ

Published

|

Last Updated

ന്യൂഡൽഹി | ബംഗളൂരുവിലെ യെലഹങ്കയിൽ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഇടിച്ചു നിരത്തിയ ബുൾഡോസർ രാജ് ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദമായതോടെ കോൺഗ്രസ് കേന്ദ്ര നേതൃത്വം പ്രതിരോധത്തിലാകുന്നു. കോൺഗ്രസ് ‘ബുൾഡോസർ രാഷ്ട്രീയം’ കളിക്കുന്നുവെന്ന വിമർശനം ശക്തമായ സാഹചര്യത്തിൽ എ ഐ സി സി കർണാടക ഘടകത്തോട് വിശദീകരണം തേടി. എന്നാൽ, കേവലം കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വാദം.

അതേസമയം, പ്രതിഷേധം കടുത്തതോടെ കുടിയിറക്കപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പാക്കാനുള്ള നീക്കങ്ങളും സർക്കാർ ആരംഭിച്ചു. 300 വീടുകളിലായി താമസിച്ചിരുന്ന 3000ത്തോളം ആളുകൾക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതിനായുള്ള സർവേ നടപടികൾ തുടങ്ങാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

കർണാടകയിലെ ബംഗളൂരു നഗരത്തിനടുത്തുള്ള ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലാണ് അധികൃതർ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. വർഷങ്ങളായി മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ദരിദ്ര തൊഴിലാളികൾ താമസിച്ചുവന്നിരുന്ന പ്രദേശങ്ങളാണിവ. സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചതാണെന്നാരോപിച്ചാണ് നോട്ടീസ് പോലുമില്ലാതെ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർത്തത്.

ശൈത്യകാലത്ത് കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ ഇതോടെ തെരുവിലായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ബുൾഡോസർ നടപടിക്ക് സമാനമായ രീതിയിൽ കോൺഗ്രസ് സർക്കാരും നീങ്ങുന്നു എന്നതാണ് നിലവിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണം.

 

 

Latest