National
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ നടപടിക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ് തീരുമാനം
ജനുവരി അഞ്ച് മുതൽ 'എം ജി എൻ ആർ ഇ ജി എ ബച്ചാവോ അഭിയാൻ' എന്ന പേരിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും
ന്യൂഡൽഹി | തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ജനുവരി അഞ്ച് മുതൽ ‘എം ജി എൻ ആർ ഇ ജി എ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ശനിയാഴ്ച ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി ഡബ്ല്യു സി) യോഗം തീരുമാനിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തി.
യു പി എ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിക്ക് പകരം വികസിത് ഭാരത്–ഗ്രാം ജി ആക്ട് നടപ്പിലാക്കാനുള്ള നീക്കം ഏകപക്ഷീയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് പുതിയ നിയമമെന്നും മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതുപോലെ തൊഴിലുറപ്പ് പദ്ധതിയും കേന്ദ്രത്തിന് തിരികെ കൊണ്ടുവരേണ്ടി വരുമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
വോട്ടർ പട്ടിക പുതുക്കുന്നതിലെ അപാകതകളും ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങളും യോഗത്തിൽ ചർച്ചയായി. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഖാർഗെ അപലപിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.





